June 13, 2026 |
Share on

കുടിയേറ്റ വേട്ട; ലോസ് ഏഞ്ചല്‍സ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ്

രണ്ടായിരം നാഷണല്‍ ഗാര്‍ഡുകള്‍ വിന്യസിച്ച നടപടിക്കെതിരേ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍

കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആളിക്കത്തുന്ന ലോസ് ഏഞ്ചല്‍സ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ട്രംപ് ഭരണകൂടം. 2000 കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡുകളെ ലോസ് ഏഞ്ചല്‍സില്‍ വിന്യസിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. എന്നാല്‍ ഈ നടപടി കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ഗവര്‍ണറുടെ വിയോജിപ്പോടെയാണെന്നത് രാഷ്ട്രീയമായ ഏറ്റമുട്ടലിനും കാരണമായിരിക്കുകയാണ്. ശനിയാഴ്ച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നത്. കാലിഫോര്‍ണിയയില്‍ പരക്കെ നിയമലംഘനം നടക്കുകയാണെന്നും അത് പരിഹരിക്കാനാണ് ട്രംപ് ഗാര്‍ഡുകളെ വിന്യസിച്ചിരിക്കുന്നതെന്നുമാണ് വൈറ്റ് ഹൗസ് ശനിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കുടിയേറ്റ നിയന്ത്രണത്തിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാര്‍ ലോസ് ഏഞ്ചല്‍സ് ഡൗണ്ടൗണില്‍ നടത്തിയ റെയ്ഡുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കുടിയേറ്റ നിയമലംഘനങ്ങള്‍ ആരോപിച്ച് കുറഞ്ഞത് 44 പേരെ ഐസിഇ അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്.

രണ്ടായിരത്തോളം സൈനികരെ ലോസ് ഏഞ്ചല്‍സില്‍ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ശക്തമായി എതിര്‍ക്കുകയാണ്. നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്നാണ് ന്യൂസം തന്റെ എക്‌സ് അകൗണ്ടിലൂടെ ആരോപിക്കുന്നത്. ഈ നിക്കം നിലവിലെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയെയുള്ളൂവെന്നും കാലിഫോര്‍ണിയയിലെ നിയമപാലകരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്നും നാഷണല്‍ ഗാര്‍ഡ് സൈനികരുടെ ആവശ്യം വേണ്ടെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് ഇവിടെ നിയമപാലകരുടെ എണ്ണം കുറവുള്ളതുകൊണ്ടോ പ്രശ്‌നത്തിന് ആത്മാര്‍ത്ഥമായ പരിഹാരം കാണാനോ അല്ല, പകരം അവര്‍ ആഗ്രഹിക്കുന്നതുപോലെ ചില കാര്യങ്ങള്‍ ഇവിടെ നടന്നു കാണാന്‍ വേണ്ടിയാണെന്നും ഡെമോക്രാറ്റിക് നേതാവ് കൂടിയായ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആരോപിക്കുന്നു.

പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക കടന്നതോടെ അത് കൂടുതല്‍ രൂക്ഷമായി മാറിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും പുക ബോംബുകളും ഉപയോഗിച്ചു. അതിര്‍ത്തി പെട്രോള്‍ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. നാഷണല്‍ ഗാര്‍ഡ് സൈനികരെ ഉടനടി വിന്യസിക്കുമെന്നും, അശാന്തി തുടരുകയാണെങ്കില്‍ മറൈന്‍ ട്രൂപ്‌സിനെയും സ്ഥലത്ത് വിന്യസിക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എക്സിലെ പോസ്റ്റ് വഴി വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് നഗരത്തിലെ ഡൗണ്ടൗണിലെ ഒന്നിലധികം സ്ഥലങ്ങളിലായി ഇമിഗ്രേഷന്‍ റെയ്ഡുകള്‍ നടക്കുന്നത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ശനിയാഴ്ചയോടെ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ലോസ് ഏഞ്ചല്‍സിന് തെക്ക് കിഴക്ക് ലാറ്റിനോ ഭൂരിപക്ഷ പ്രദേശമായ പാരാമൗണ്ടിലേക്കും എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വ്യാപിപ്പിച്ചു. ഇതോടെ പ്രതിഷേധവും കൂടുതല്‍ ശക്തിപ്പെട്ടു. അവിടെയുള്ള ഒരു വ്യവസായ പാര്‍ക്കിന് പുറത്തായി പ്രതിഷേധക്കാര്‍ ഒത്തുകൂടി. പിന്നാലെ അതിര്‍ത്തി പെട്രോള്‍ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി.

ഐസിഇ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. പാരാമൗണ്ടിലേക്ക് നിങ്ങള്‍ക്ക് പ്രവേശനമില്ലെന്നാണ് സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ മുദ്രവാക്യം മുഴക്കുന്നത്. ഒരു മനുഷ്യനും നിയമവിരുദ്ധരല്ല എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കൈകളിലേന്തിയിരിക്കുന്നത്.

അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുറ്റവാളികളുടെ കടന്നുകയറ്റം തടയുന്നതിനും അവരെ തിരിച്ചയക്കുന്നതിനും വേണ്ടി ഇമിഗ്രേഷന്‍ അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അനിവാര്യമായതാണെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് എന്നിവര്‍ അവരുടെ ജോലി ചെയ്തില്ലെങ്കില്‍, ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കും, കലാപങ്ങളും കൊള്ളക്കാരും, അത് പരിഹരിക്കേണ്ട രീതിയില്‍ തന്നെ പരിഹരിക്കും’ എന്ന് ട്രൂത്ത് സോഷ്യല്‍ മീഡിയ അകൗണ്ട് വഴി ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ലോസ് ഏഞ്ചല്‍സിലേക്ക് രണ്ടായിരം നാഷണല്‍ ഗാര്‍ഡുകളെ വിന്ന്യസിക്കാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവ് നല്‍കിയത്.  Los Angeles protests against immigration crackdown, Trump authorizes deploys 2,000 National guard troops

Content Summary; Los Angeles protests against immigration crackdown, Trump authorizes deploys 2,000 National guard troops

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×