ലോസ് ഏഞ്ചല്‍സ് പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനെതിരേ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ രണ്ടായിരത്തോളം കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡുകളെയാണ് ലോസ് ഏഞ്ചല്‍സിലേക്ക് ട്രംപ് നിയോഗിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും നിയമവിരുദ്ധമാണെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആരോപിക്കുന്നത്. ലോസ് ഏഞ്ചല്‍സില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരുടെ ‘നിയമവിരുദ്ധമായ’ വിന്യാസം റദ്ദാക്കണമെന്നും അവരെ തിരികെ വിളിക്കണമെന്നും ട്രംപ് ഭരണകൂടത്തോട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നാഷണല്‍ ഗാര്‍ഡ്‌സിന്റെ വിന്യാസം ‘സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനം’ എന്നാണ് ന്യൂസം പറഞ്ഞത്.
ട്രംപ് ഇടപെടുന്നതുവരെ ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,’ എന്നാണ് ഡെമോക്രാറ്റിക് നേതാവ് കൂടിയായ ഗവര്‍ണര്‍ ന്യൂസം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞത്. ‘ഇത് സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണ്. പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കാണ് നാഷണല്‍ ഗാര്‍ഡുകളെ ഇവിടെ വിന്യസിച്ചിരിക്കുന്നത്. അവരുടെ സാന്നിധ്യം യഥാര്‍ത്ഥത്തില്‍ വേണ്ടിടത്ത് നിന്ന് അവരെ ഒഴിപ്പിച്ചുകൊണ്ടുവന്ന് ഇവിടെ ഇട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ ഉത്തരവ് പിന്‍വലിക്കണം. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ അനുവദിക്കണം’ ന്യൂസം ആവശ്യപ്പെടുന്നു.
കാലിഫോര്‍ണിയയിലെ നാഷണല്‍ ഗാര്‍ഡിനെ ട്രംപ് വിന്യസിച്ചതിനെ ‘ഭയാനകമായ അധികാര ദുര്‍വിനിയോഗം’ എന്നാണ് ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ സംയുക്ത പ്രസ്താവന നടത്തി അപലപിച്ചത്. ”ഗവര്‍ണര്‍മാര്‍ അവരുടെ നാഷണല്‍ ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആണ്, ഒരു സംസ്ഥാന ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ പ്രവര്‍ത്തിക്കാതെയോ ഫെഡറല്‍ ഗവണ്‍മെന്റ് അവരെ സ്വന്തം അതിര്‍ത്തികളില്‍ സജീവമാക്കുന്നത് ഫലപ്രദമല്ലാത്തതും അപകടകരവുമാണ്’ എന്നാണ് ഗവര്‍ണര്‍മാര്‍ പ്രസ്താവനയില്‍ പറയുന്നത്.
നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചതിനെതിരേ ആയിരക്കണക്കിന് ലോസ് ഏഞ്ചല്‍സ് നിവാസികളാണ് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയിരുക്കുന്നത്. പ്രസിഡന്റ് ട്രംപ് തങ്ങളുടെ സ്റ്റേറ്റ് നാഷണല്‍ ഗാര്‍ഡിനെ നിയന്ത്രിക്കുന്നതില്‍ രോഷാകുലരായ ആയിരക്കണക്കിന് ആഞ്ചലീനോകള്‍(ലോസ് ഏഞ്ചല്‍സില്‍ ഉള്ളവരെ കുറിക്കുന്ന പ്രയോഗം) ഞായറാഴ്ച സിറ്റി ഹാളിനും ഫെഡറല്‍ കോടതിക്കും ചുറ്റുമുള്ള തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധക്കാര്‍ നഗരത്തിലെ ഒരു പ്രധാന ഹൈവേ ഉപരോധിക്കുകയും ചെയ്തിരുന്നു.
കുടിയേറ്റ നിയന്ത്രണത്തിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാര്‍ ലോസ് ഏഞ്ചല്‍സ് ഡൗണ്ടൗണില്‍ നടത്തിയ റെയ്ഡുകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടിയേറ്റ നിയമലംഘനങ്ങള്‍ ആരോപിച്ച് കുറഞ്ഞത് 44 പേരെ ഐസിഇ അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്.
നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണെന്നാണ് ന്യൂസം തന്റെ എക്സ് അകൗണ്ടിലൂടെ ആരോപിക്കുന്നത്. ഈ നിക്കം നിലവിലെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയെയുള്ളൂവെന്നും കാലിഫോര്‍ണിയയിലെ നിയമപാലകരുടെ സഹായത്തോടെ പ്രശ്നങ്ങള്‍ പരിഹാരിക്കാമെന്നും നാഷണല്‍ ഗാര്‍ഡ് സൈനികരുടെ ആവശ്യം വേണ്ടെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് ഇവിടെ നിയമപാലകരുടെ എണ്ണം കുറവുള്ളതുകൊണ്ടോ പ്രശ്നത്തിന് ആത്മാര്‍ത്ഥമായ പരിഹാരം കാണാനോ അല്ല, പകരം അവര്‍ ആഗ്രഹിക്കുന്നതുപോലെ ചില കാര്യങ്ങള്‍ ഇവിടെ നടന്നു കാണാന്‍ വേണ്ടിയാണെന്നും ഡെമോക്രാറ്റിക് നേതാവ് കൂടിയായ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആരോപിക്കുന്നു. Los Angeles protests; Governors demand Trump to withdraw National Guard
Content Summary; Los Angeles protests; Governors demand Trump to withdraw National Guard
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.