June 26, 2026 |
Share on

നീറ്റ് സമ്മര്‍ദവും ആഭരണമോഷണവും പകയായി; അച്ഛനെ കൊന്ന് ഡ്രമ്മിലാക്കി മകന്‍

തലയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പാത്തോളജി ലാബ് ഉടമയെ മകന്‍ വെടിവെച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നീറ്റ് പരീക്ഷാ സമ്മര്‍ദ്ദത്തിന് പുറമെ, വീട്ടില്‍ നടന്ന ആഭരണ മോഷണത്തെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. വര്‍ധമാന്‍ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ 21 വയസ്സുള്ള മകന്‍ അക്ഷത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യഘട്ടത്തില്‍ പരീക്ഷാ സമ്മര്‍ദ്ദമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതിയെങ്കിലും, അന്വേഷണം പുരോഗമിച്ചതോടെ കുടുംബത്തിനുള്ളിലെ മറ്റ് അസ്വാരസ്യങ്ങളും പുറത്തുവന്നു. നാല് മാസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ ആഭരണങ്ങള്‍ മോഷ്ടിച്ചത് അക്ഷത് ആണെന്ന് മാനവേന്ദ്ര കണ്ടെത്തിയിരുന്നു. മകനെ നിയമനടപടികളില്‍ നിന്ന് രക്ഷിക്കാന്‍ പരാതി പിന്‍വലിച്ചെങ്കിലും, അന്നുമുതല്‍ അക്ഷതിന്റെ ഓരോ നീക്കങ്ങളും പിതാവ് കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങി. ഇത് അക്ഷതിന് പിതാവിനോടുള്ള പകയ്ക്ക് കാരണമായി. കൂടാതെ, ലാ മാര്‍ട്ടിനിയര്‍ കോളേജില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അക്ഷത്, രണ്ട് തവണ ശ്രമിച്ചിട്ടും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. മെഡിക്കല്‍ കരിയര്‍ തിരഞ്ഞെടുക്കണമെന്ന പിതാവിന്റെ നിരന്തരമായ സമ്മര്‍ദ്ദവും അക്ഷതിന് പിതാവിനോടുള്ള വിരോധം വര്‍ധിപ്പിച്ചു.

ഫെബ്രുവരി 20-ന് പുലര്‍ച്ചെ 4.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പരീക്ഷയെയും ഭാവി പദ്ധതികളെയും ചൊല്ലി മാനവേന്ദ്ര അക്ഷതിനെ വീണ്ടും കര്‍ശനമായി ഉപദേശിച്ചു. ഇതില്‍ പ്രകോപിതനായ അക്ഷത് പിതാവിന്റെ ലൈസന്‍സുള്ള തോക്കെടുത്ത് മൂന്നാം നിലയിലെ മുറിയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നു. തുടര്‍ന്ന് മൃതദേഹം താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കഷണങ്ങളാക്കി.

ശരീരഭാഗങ്ങളില്‍ ചിലത് കാറില്‍ കൊണ്ടുപോയി സദ്രൗണ എന്ന വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു. തലയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ള ഭാഗങ്ങള്‍ ഒരു നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി വീട്ടിനുള്ളില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഹോദരിയെ വിവരം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പിതാവിനെ കാണാനില്ലെന്ന് കാണിച്ച് ഫെബ്രുവരി 20-ന് അക്ഷത് തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ഡ്രമ്മില്‍ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പട്രോളിംഗ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലെ വൈരുദ്ധ്യങ്ങള്‍ക്കൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഫോറന്‍സിക് സംഘം വീട്ടിലും കാറിലും പരിശോധന നടത്തി. സദ്രൗണയില്‍ ബാക്കിയുള്ള ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 17,000 രൂപ ശമ്പളത്തില്‍ പിതാവിന്റെ മദ്യശാല നോക്കി നടത്തിയിരുന്ന അക്ഷത് തന്റെ ജീവിതസാഹചര്യങ്ങളില്‍ അസന്തുഷ്ടനായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Content Summary: Lucknow lab owner murdered by son; police cite academic pressure and family dispute as motives

Leave a Reply

Your email address will not be published. Required fields are marked *

×