June 26, 2026 |
മുസാഫിര്‍
മുസാഫിര്‍
Share on

കല്‍പവൃക്ഷത്തിന്റെ ഇല

മാര്‍ച്ച് 16 എം. സുകുമാരന്റെ ഓര്‍മദിനം

കഥയുടെ പുതുപരിണാമത്തിന്റെ പ്രതിനിധികളായ ഇതര കഥാകൃത്തുക്കളില്‍ നിന്നും എം. സുകുമാരന്റെ പക്വരചനകളെ വേര്‍തിരിക്കുന്നത് അദ്ദേഹത്തിന്റെ തത്വചിന്താപരമായ പക്വതയാണെന്ന് കെ. സച്ചിദാനന്ദന്‍ പറയുന്നുണ്ട്. മലയാളകവിതയില്‍ എഴുപതുകളുടെ ആദ്യം നടന്ന രാഷ്ട്രീയവല്‍ക്കരണത്തിന് സമാന്തരമായി കഥയില്‍ പൊളിറ്റിക്കല്‍ മോഡേണിസം കൊണ്ട് വന്നുവെന്നതാണ് എം. സുകുമാരന്റെ സാഹിത്യപരമായ പ്രസക്തിയും പ്രാധാന്യവും.

‘എം. സുകുമാരന്റെ കഥകള്‍’ക്ക് എഴുതിയ സമഗ്രമായ അവതാരികയില്‍ സച്ചിദാനന്ദന്‍ എഴുതുന്നു: പട്ടത്തുവിളയെ മറന്നു കൊണ്ടല്ല, കഥയില്‍ ഈ പ്രതിജ്ഞാബദ്ധത കൊണ്ട് വന്ന സുകുമാരനെ കുറിച്ച് ഞാന്‍ പറയുന്നത്. പട്ടത്തുവിളയുടെ രീതി മുഖ്യമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് പ്രാധാന്യം കല്പിച്ചു കൊണ്ടുള്ളതായിരുന്നു. വിശ്വാസത്തേക്കാള്‍ നിരാസമാണ് അവയുടെ സ്വഭാവം. മലയാള കവിതയില്‍ എഴുപതുകളുടെ ആദ്യം ഒരു രാഷ്ട്രീയവല്‍ക്കരണം നടക്കുകയുണ്ടായല്ലോ. അതിന്റെ സമാന്തരമായ ഒരു രാഷ്ട്രീയവല്‍ക്കരണത്തിലൂടെ കഥയില്‍ രാഷ്ട്രീയമായ ആധുനികതയ്ക്ക് ജന്മം നല്‍കി എന്നതാണ് സുകുമാരന്റെ സാഹിത്യപരമായ പ്രാധാന്യം. നമ്മുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥകള്‍ കഥയില്‍ എക്കാലവും പ്രതിഫലിച്ചിട്ടുണ്ട്. പുരോഗമന സാഹിത്യകാരന്മാര്‍ ബോധപൂര്‍വ്വം തന്നെ ഇത് നിര്‍വഹിച്ചിട്ടില്ലെന്നും പറഞ്ഞുകൂടാ. എന്നാല്‍ പുരോഗമന സാഹിത്യകാരന്മാരില്‍ നിന്നും വ്യത്യസ്തനായി സാഹിത്യത്തിലെ ആധുനികതയുടെ സൗന്ദര്യാത്മക സംസ്‌കാരം ഉള്‍ക്കൊണ്ട് തന്റെ കഥകളെ ലാവണ്യ ശില്പങ്ങള്‍ ആക്കി നിര്‍ത്തിക്കൊണ്ടുതന്നെ ചരിത്രബോധത്തിന്റേതായ ഒരു മൂന്നാം കണ്ണ് തുറക്കുകയും സാമൂഹിക വിപ്ലവത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തയാളാണ് സുകുമാരന്‍. ആനന്ദിനെ പോലെ തന്റെ കഥകളെ പ്രബന്ധതുല്യമായ ‘അകഥകളാ’ക്കി മാറ്റാതെ, ടി. ആറിനെ പ്പോലെ അനുഭവത്തെ അതിഭൗതികവല്‍ക്കരിക്കാതെ, സക്കറിയയെപ്പോലെ ഏകപക്ഷീയമായ ദോഷാനു ദര്‍ശനത്തില്‍ വീണു പോകാതെ തന്റെ നിയോഗം നിറവേറ്റുന്നിടത്താണ് സുകുമാരന്‍ വ്യത്യസ്തനാകുന്നത്. ആധുനികതയുടെ രാഷ്ട്രീയവല്‍ക്കരണം എന്ന തന്റെ ദൗത്യ നിര്‍വഹണത്തില്‍ സുകുമാരന് പരിക്കുകളൊന്നും പറ്റിയില്ലെന്നോ ആ നിയോഗം വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ടുവെന്നോ ഞാന്‍ സമര്‍ഥിക്കുകയല്ല. പുതിയൊരു കഥാസംസ്‌കാരം നമ്മുടെ ഭാഷയില്‍ ആരംഭിക്കേണ്ടത് ഈ കഥകളില്‍ നിന്ന് തന്നെയാണെന്നും ഞാന്‍ കരുതുന്നു.

അന്യാപദേശങ്ങള്‍ എന്ന് ഏതാണ്ട് കൃത്യമായി തന്നെ വിശേഷിപ്പിക്കാനാവുന്ന ‘ചരിത്രഗാഥ’, ‘സംഘഗാനം’, ‘വിചാരണയ്ക്ക് മുമ്പ്’, ‘അയല്‍ രാജാവ്’ തുടങ്ങിയ കഥകളില്‍ ചില സംജ്ഞകളുടെ തെരഞ്ഞെടുപ്പിലൂടെയാണ് സുകുമാരന്‍ തന്റെ പ്രമേയങ്ങളുമായി ആദ്യമായി അകലം സൃഷ്ടിക്കുന്നത്. ധര്‍മ്മപാലന്‍, സത്യദേവന്‍, വിശ്വരൂപന്‍, പ്രിയ ഗുപ്തന്‍, ഗൗതമന്‍, ശശാങ്കന്‍, ഗോകുലം, ഉമാപതി, ഒപ്പം പ്രാചീന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ നാടുവാഴിത്ത ഘട്ടവുമായി ബന്ധപ്പെട്ട സാമാന്യനാമങ്ങളും കഥാകൃത്ത് ഉപയോഗിക്കുന്നു. കൊട്ടാരം, ഭടന്‍, രാജദൂതന്‍, ദേവദാസി, ചാട്ടവാര്‍, വോള്‍ഗ മുതല്‍ ഗംഗ വരെ… നരവംശ ശാസ്ത്രത്തിന്റെ ആദ്യഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രാചീന ദിവസത്തില്‍ നിന്ന് ആരംഭിച്ച ചില ദിനങ്ങളുടെ കഥയിലൂടെ മനുഷ്യ ചരിത്രത്തെ കുറിച്ചുള്ള ഭൗതികമായ ദര്‍ശനം അവതരിപ്പിക്കുന്നു, സുകുമാരന്‍.

എം സുകുമാരന്‍ ഉപയോഗിച്ച ചില ബിംബങ്ങളുടെയും രൂപകങ്ങളുടെയും മാതൃകകള്‍ ശ്രദ്ധിക്കുക: മസ്തിഷ്‌കത്തിന്റെ പകര്‍ച്ചയില്‍ ഇരുമ്പുപാളങ്ങളുടെ ആത്മരോദനം ഒരു ചെറുപ്രാണിയായി പറ്റിപ്പിടഞ്ഞു -കഥ ‘സംഘഗാനം’. സൂര്യന്‍ പകല്‍ മുഴുവന്‍ ഉഷ്ണം വിതയ്ക്കുകയായിരുന്നു. കൊയ്ത്തു മുഴുവന്‍ രാത്രിയാണ്. മരണത്തിന്റെ ഗഡ്ഖങ്ങള്‍ അവരുടെ തലയ്ക്കു മുകളില്‍. പട്ടിണി എന്ന തലനാരിഴകളില്‍ തൂങ്ങിനില്‍ക്കുന്നു. ബോധത്തിന്റെ ഉണങ്ങി ജീര്‍ണിച്ച, തൊട്ടാല്‍ പൊട്ടുന്ന കുറെ വള്ളികള്‍ ധര്‍മ്മപാലന് ചുറ്റും തൂങ്ങുന്നുണ്ടായിരുന്നു- കഥ: വിചാരണയ്ക്ക് മുമ്പ്. സ്‌ഫോടക വസ്തുക്കളുടെ സൂക്ഷിപ്പു മുറിയാണ് തലച്ചോര്‍- കഥ ‘ഭരണകൂടം’. അജ്ഞാതമായ ഏതോ ഒരു ഭീതി പെട്ടെന്ന് ഒരു നീര്‍ക്കോലിയെ പോലെ അവളുടെ മനസ്സില്‍ മുട്ടിയുരുമ്മി കടന്നുപോയി- കഥ ‘സിംഹാസനങ്ങളില്‍ തുരുമ്പ്’. പഴകിയ വാര്‍ത്തകളുടെ പോസ്റ്റുമോര്‍ട്ടം കഴിയാത്ത ശവശരീരങ്ങള്‍ നിരനിരയായി എന്റെ കണ്‍മുമ്പില്‍ കിടന്നു… ചാരായം പുഴ മത്സ്യങ്ങളെ പോലെ എന്റെ ഞരമ്പുകളിലേക്ക് നീന്തിക്കയറി പാറക്കെട്ടുകള്‍ക് മുകളില്‍ ഇരുന്ന് എന്റെ സ്വബോധം അവയെ ചൂണ്ടലിട്ടു. ഒരു രാത്രിയില്‍ എന്റെ ഉറക്കം നഷ്ടപ്പെട്ട രണ്ടാം രാത്രിയില്‍ മോര്‍ച്ചറിയിലേക്ക് നീക്കപ്പെട്ട എന്റെ ഉറക്കത്തിന് ഞാന്‍ കാവലിരുന്നു. എന്റെ മനസ്സിന്റെ മൂത്രാശയത്തില്‍ വളരെക്കാലമായി കിടക്കുന്ന ആ കല്ല് ഒന്ന് അലിഞ്ഞു കിട്ടിയെങ്കില്‍..കഥ: ‘ജലജീവികളുടെ രോദനം’. മോഹങ്ങളുടെ യോനീമുഖം, മനസ്സിന്റെ മുലഞെട്ടുകള്‍, രതിസുഖത്തിന്റെ ശിഖരങ്ങള്‍, തളര്‍ച്ചയുടെ മലഞ്ചെരിവ്, മറവിയുടെ എണ്ണക്കിണറുകള്‍, നിശബ്ദതയുടെ ഭംഗങ്ങള്‍, ശബ്ദത്തിന്റെ പീരങ്കികള്‍… എന്നിങ്ങനെയുള്ള ചാരുത നിറഞ്ഞ മെറ്റഫറുകളും സുകുമാരന്‍ കഥകളുടെ ശൈലീസാന്ദ്രതയ്ക്ക് തെളിവുകളായി, നമ്മുടെ സംവേദനപരിസരങ്ങളില്‍ സൗരഭ്യം ചൊരിഞ്ഞു നില്‍ക്കുന്നു.

പെരുവെമ്പ്വാസികളേ, കേട്ടോളിന്‍,

മലമ്പുഴ അണക്കെട്ട് തകര്‍ന്നിരിക്കുന്നു. ഓടിക്കോളിന്‍.

അച്ഛാ, അച്ഛന്‍ മുസ്സോളിനിയെ മറക്കരുത്. ബോള്‍ഷെവിസത്തില്‍ നിന്നും ഇറ്റലിയെ രക്ഷിക്കാന്‍ സ്വാതന്ത്ര്യമൊഴിച്ച് മറ്റെല്ലാം അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയില്ലേ? പിന്നീടദ്ദേഹം ആഹ്വാനം ചെയ്തു: വിശ്വസിക്കുക. അനുസരിക്കുക. യുദ്ധം ചെയ്യുക. അദ്ദേഹത്തിന്റെ ശവശരീരത്തെപ്പോലും ക്രൂരന്മാരായ ജനങ്ങള്‍ വിട്ടില്ല. പന്നിത്തോല് കൊണ്ടുണ്ടാക്കിയ ചെരുപ്പ് കൊണ്ടവര്‍ ആ ജഡത്തിന്റെ മുഖത്തടിച്ചു. കോമോ തടാകം ഈ അധമന്‍മാരുടെ ചേഷ്ടകള്‍ അത്ര പെട്ടെന്ന് മറക്കുമെന്ന് അച്ഛന് തോന്നുന്നുണ്ടോ?

മോനേ!

അച്ഛാ, ഈ ചരിത്രകാരന്‍മാര്‍ എന്ന മൂഢവര്‍ഗം ഫ്രാങ്കോയുടെ ചരിത്രമെഴുതാന്‍ പേന കുടയുന്ന ഈ അവസരത്തില്‍ എല്ലാം ഒന്നോര്‍ത്ത് പോയതാണ്. എന്റെ മനസ്സിന്റെ മൂത്രാശയത്തില്‍ വളരെക്കാലമായിക്കിടക്കുന്ന ആ കല്ല് ഒന്നലിഞ്ഞുകിട്ടിയെങ്കില്‍..

പറയൂ മോനേ, എന്താണ് നിന്റെ ദു:ഖം? അച്ഛനു മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ.

തീര്‍ച്ചയാണോ അച്ഛാ?

അതെ, പറയൂ.

അച്ഛാ, എനിക്ക് നശിപ്പിക്കാനേ കഴിയുന്നുള്ളൂ, തോല്‍പിക്കാന്‍ കഴിയുന്നില്ല.

അയ്യോ എന്നലറിക്കൊണ്ട് അച്ഛന്‍ ചാടിയെണീറ്റു. ഞാന്‍ അച്ഛനെ പിടിച്ചു. അച്ഛന്റെ ശരീരം ശക്തിയായി വിറക്കുന്നുണ്ടായിരുന്നു. തുപ്പല്‍ത്തുള്ളികള്‍ തെറിപ്പിച്ചുകൊണ്ട് അച്ഛന്‍ വിക്കിവിക്കി ചോദിച്ചു: ഇന്നലെ വൈകുന്നേരത്തെ ആകാശവാണിയുടെ കാലാവസ്ഥാ പ്രവചനം നീ ശ്രദ്ധിച്ചുവോ?

ഇല്ലച്ഛാ..

സമയമെന്തായി മോനെ?

രണ്ടു മണി കഴിഞ്ഞിരിക്കുന്നു.

അയ്യോ ചതിച്ചോ?

കാറ്റ് ചീറിയടിക്കാന്‍ തുടങ്ങി. ആദ്യമാദ്യം ആടിയാടി കളിച്ച ജനല്‍കുറ്റികള്‍ ഹൃദയം നടുങ്ങുന്ന ശബ്ദത്തില്‍ ആഞ്ഞടിച്ച് വിജാഗിരികള്‍ തകര്‍ത്തു. കരിങ്കല്‍ച്ചീളുകള്‍ പോലെ മഴത്തുള്ളികള്‍ ചീറ്റി. കാവല്‍പ്പാടങ്ങളിലും നായര്‍തറയിലും കൂട്ടനിലവിളിയുയര്‍ന്നു. കീഴ്ജാതിക്കാര്‍ മാരിയമ്മന്‍ കോവിലിനകത്തേക്കോടിക്കയറി.
അച്ഛന്‍ നെഞ്ചത്തടിച്ചു: മോനേ, പ്രവചനം തെറ്റില്ല. പെരുവെമ്പ് ഗ്രാമം എന്നെന്നേക്കുമായി നശിക്കാന്‍ പോകുന്നു. ഇത്രയും പറഞ്ഞയുടനെ അച്ഛന്‍ തലേന്നുരാത്രി കഴിച്ച കോഴിയിറച്ചിയും ദോശയും ഛര്‍ദിക്കാന്‍ തുടങ്ങി.
പെട്ടെന്ന് ആകാശം നടുങ്ങുമാറുച്ചത്തില്‍ ഒരു ശബ്ദം കേട്ടു. ഏരിക്കരയിലെ എലന്തമരച്ചുവട്ടിലുള്ള കള്ളുഷാപ്പുടമ ഈഴവന്‍ ചേന്നന്റെ ശബ്ദമായിരുന്നു അത്. അച്ഛനും ഞാനും ചെവി കൂര്‍പ്പിച്ചു.

പെരുവെമ്പ്വാസികളേ, കേട്ടോളിന്‍, മലമ്പുഴ അണക്കെട്ട് തകര്‍ന്നിരിക്കുന്നു.

ഓടിക്കോളിന്‍.

അമ്മേ മഹാമായേ!

ആകാശത്തേക്കുയര്‍ന്ന് കൊണ്ടിരുന്ന പ്രളയജലത്തിനു മുകളില്‍ ഒരാലിലയില്‍ ഒരു വിധം ഞാന് പറ്റിക്കിടന്നു. കാല്‍വിരല്‍ കുടിക്കാനൊത്തില്ല എന്നതൊഴിച്ച് മറ്റൊരസൗകര്യവും എനിക്കുണ്ടായില്ല. പക്ഷേ എന്റെ ആലിലയുടെ വക്കില്‍ പറ്റിനിന്നിരുന്ന ചില ജലജീവികള്‍- അതായത് തവള, നീര്‍ക്കോലി, വാളമല്‍സ്യം മുതലായവ- എന്റെ മുഖത്ത് നോക്കി രാമന്‍ ജയിക്കട്ടെ, രാമന്‍ ജയിക്കട്ടെ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സഹിക്കവയ്യാതായപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ പേര് രാമന്‍ എന്നല്ല, ജയകൃഷ്ണന്‍.

പ്രളയാരവത്തിനിടയില്‍ ഞാന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞത് കൊണ്ടോ അതോ മന:പൂര്‍വമോ എന്നറിയില്ല, അവ തുടര്‍ന്നു കൊണ്ടിരുന്നു.
ജയ്റാം, ജയ്റാം!- (കഥ : ജലജീവികളുടെ രോദനം)

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈ കഥ ആവേശപൂര്‍വം വായിച്ചതോര്‍ക്കുന്നു. എം. സുകുമാരനോടുള്ള ഇഷ്ടം ഇരട്ടിക്കാന്‍ ഈ കഥ നിമിത്തമായി. ജയ്റാം, ജയ്റാം – ജയറാം പടിക്കലിന്റെ എമര്‍ജന്‍സികാല ക്രൂരകൃത്യങ്ങള്‍ – എം. സുകുമാരന്റേയും പി.കെ. നാണുവിന്റേയും യു.പി ജയരാജിന്റേയു മറ്റും പേന കൊണ്ടുള്ള സമരമുഖങ്ങള്‍. അടിയന്തരാവസ്ഥ. അച്ചടക്കനടപടി…(ജെ.ആര്‍. പ്രസാദിനോട് സുകുമാരന്‍ പറഞ്ഞു: എഴുത്തിലൂടെ കിട്ടിയ പ്രശസ്തിയും സമ്പത്തും എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറം. ഇതൊക്കെ ധാരാളം മതി. ഒന്നും ആഘോഷിക്കാന്‍ എനിക്ക് കഴിയാറില്ല. ചിരിയുടെ നേരെ കണ്ണുരുട്ടി പേടിപ്പിക്കുന്ന കരച്ചില്‍. ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയതില്‍ ഒട്ടും അസന്തുഷ്ടിയില്ല. ഈ വിധത്തില്‍ത്തന്നെയാണ് വേണ്ടത് എന്ന് ചിലപ്പോള്‍ തോന്നും…)

വേര്‍പാടിന്റെ തലേവര്‍ഷം തിരുവനന്തപുരത്ത് എം. സുകുമാരന്റെ വീട്ടില്‍ പോയിരുന്നു. (സ്നേഹം നിറഞ്ഞുതുളുമ്പിയ ആ പഴയ കൂടിക്കാഴ്ചയുടെ ഓര്‍മച്ചിത്രം ഇതോടൊപ്പം).

എം.സുകുമാരനൊപ്പം ലേഖകന്‍ മുസാഫിര്‍

എം സുകുമാരന്റെ കഥാശീര്‍ഷകങ്ങള്‍ക്ക് പോലും എന്തൊരു ഹൃദ്യതയും ചാരുതയുമാണ് എന്ന് ശ്രദ്ധിക്കുക: അമ്പലവാതിലുകള്‍, വേപ്പിന്‍പഴങ്ങള്‍, ലെവല്‍ ക്രോസ്, മനക്കണക്ക്, വഴിപാട്, രഥോത്സവം, അണകെട്ടി നിര്‍ത്തിയ വെള്ളം, എന്റെ മുത്തശ്ശി മരിച്ചു, മഞ്ഞരളിയുടെ പൂക്കളും കായ്കളും, പൊട്ടക്കിണര്‍, നക്ഷത്രരശ്മി, ആവരണം, സംഘഗാനം, വിചാരണയ്ക്ക് മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളില്‍ തുരുമ്പ്, അയല്‍ രാജാവ്, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, നാലാംയാമം സംരക്ഷകരുടെ ത്രാസ്, പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍, വെള്ളെഴുത്ത്, കുറ്റപത്രത്തിന്റെ മറുപടി, കല്‍പവൃക്ഷത്തിന്റെ ഇല, അന്നന്നത്തെ അത്താഴം, സിംഹം, ജലജീവികളുടെ രോദനം, പിതൃതര്‍പ്പണം, അച്ഛന്‍കഥകള്‍, ദ്വാരപാലകര്‍ക്ക് മംഗളം, പതിര്, ഇനിയുറങ്ങാം…

Content Summary: M. Sukumaran, Malayalam writer best known for his novels and short stories. May 16th is his remembrance day

മുസാഫിര്‍

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×