രാഷ്ട്രീയമായി തന്നെ നേരിടാന്‍ സിപിഎം; നിലമ്പൂരില്‍ എം സ്വരാജ്

പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് സ്വരാജ് മത്സരിക്കുക.

നിലമ്പൂരില്‍ പോരാടാനുറച്ച് സിപിഎം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് സ്വരാജ് മത്സരിക്കുക.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥി തന്നെയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. എം. സ്വരാജിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കണമെന്ന താല്‍പര്യം മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എകെജി സെന്ററില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

2016 മുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് നിലമ്പൂരിനെ ഇടതുപക്ഷത്തേക്ക് നിര്‍ത്തിയ പിവി അന്‍വര്‍ മുഖ്യമന്ത്രിയുമായും ഇടതുപക്ഷവുമായും തെറ്റിപ്പിരിഞ്ഞശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന് നിലമ്പൂര്‍ വേദിയാകുമ്പോള്‍ ആവേശം ഒട്ടും ചോരരുതെന്ന് തന്നെയാണ് സിപിഎമ്മിന്റെയും നിലപാട്. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്

മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് സ്വരാജ്. 2016 തൃപ്പൂണിത്തുറ എംഎല്‍എ ആയിരുന്നു. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും മുന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മണ്ഡലം രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുക്കുന്നത്. നിലമ്പൂരിന്റെ രാഷ്ട്രീയ ആഖ്യാനം എക്കാലവും ചലനാത്മകമാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി കടുത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന മണ്ഡലം കൂടിയാണ് നിലമ്പൂര്‍. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷത്തിന് മണ്ഡലം തിരികെ നേടിക്കൊടുത്ത പിവി അന്‍വര്‍, ഇന്ന് എല്‍ഡിഎഫിന്റെ മുഖ്യ ശത്രുകൂടിയാണ്. 2016 ലെ ഇടതുതരംഗത്തില്‍ കൈവിട്ടുപോയ മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അനിവാര്യമാകുമ്പോള്‍ പാര്‍ട്ടിയെയും പിണറായിയെയും തള്ളപ്പറഞ്ഞ അന്‍വറിന്റെ അഭാവത്തിലും മണ്ഡലം നിലനിര്‍ത്തേണ്ടത് ഇടതുപക്ഷത്തിന്റെ അഭിമാനപ്രശ്നം കൂടിയാണ്.

m swaraj is the ldf candidate in nilambur byelection

Content Summary: m swaraj is the ldf candidate in nilambur byelection

This post was last modified on May 30, 2025 1:18 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment