‘സർവകലാശാലയുടെ വൈസ് ചാൻസലർക്ക് പതിവായി ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ, ഹർജിക്കാരനായ ഗവേഷക വിദ്യാർത്ഥിയുടെ ഫെലോഷിപ്പ് നൽകാത്തതിന് ഒരു ന്യായീകരണവുമില്ല’. ഒരു വർഷത്തിലേറെയായി ഫെല്ലോഷിപ്പ് തുക മുടങ്ങിയ ഗവേഷക വിദ്യാർത്ഥികൾക്ക് അനുകൂലമായി കേരള ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയാണിത്. കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും ക്വീർ ആക്ടിവിസ്റ്റുമായ ആദിയാണ് ഫെല്ലോഷിപ്പ് ലഭിക്കാത്തതിനെ തുടർന്ന്, ദിശ സംഘടന മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. ആദിയുടെ ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തു തീർത്തില്ലെങ്കിൽ സർവകലാശാല വൈസ് ചാൻസലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കണ്ട എന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ഫെല്ലോഷിപ്പ് തുക എന്നത് ഒരു ഗവേഷക വിദ്യാർത്ഥിയുടെ അവകാശമാണെന്നും വളരെ ലാഘവത്തോടെയാണ് സർവ്വകലാശാല അധികൃതർ വിഷയത്തെ കൈകാര്യം ചെയ്തിരുന്നതെന്നും ക്വീർ ആക്ടിവിസ്റ്റും ഗവേഷക വിദ്യാർത്ഥിയുമായ ആദി അഴിമുഖത്തോട് പ്രതികരിച്ചു. തുക തടഞ്ഞുവെച്ച സർവകലാശാലയുടെ പ്രവൃത്തിയിലൂടെ നിരവധി വിദ്യാർത്ഥികൾ ഗവേഷണ പഠനം ഉപേക്ഷിച്ചുവെന്നും ആദി കൂട്ടിച്ചേർത്തു.
‘2023 നവംബറിലാണ് ഞാൻ കാലടി സർവ്വകലാശാലയിൽ പിഎച്ച്ഡിക്ക് ചേരുന്നത്. ഡിസംബർ മുതലാണ് ക്ലാസുകൾ ആരംഭിച്ചത്. ഗവേഷകരുടെ ഫെല്ലോഷിപ്പുകൾക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കാൻ തന്നെ വളരെ വൈകിയിരുന്നു. അപേക്ഷ ക്ഷണിച്ചതിന് ശേഷം എല്ലാ മാസവും ഫെല്ലോഷിപ്പിനുള്ള ഫോമുകൾ കൃത്യമായി അറ്റന്റൻസുകളും മറ്റും ഉൾപ്പെടുത്തി ഫിൽ ചെയ്ത് നൽകുമായിരുന്നു. എന്നാൽ ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ഫെല്ലോഷിപ്പ് തുക ലഭിച്ചത്.
ഫെല്ലോഷിപ്പ് വൈകുന്നതിന്റെ ഭാഗമായി ഒരു അനിശ്ചിതകാല സമരം നടന്നിരുന്നു. എസ്എഫ്ഐ – എകെആർഎസ്എ സംയുക്തമായാണ് സമരം നടത്തിയത്. ഫെല്ലോഷിപ് കുടിശിക തീർത്ത് വിതരണം ചെയ്യുക, സമയബന്ധിതമായി കൊടുത്ത് തീർക്കുക, മറ്റ് സർവ്വകലാശാലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക തുടങ്ങിയ 10 ഓളം ആവശ്യങ്ങളുന്നയിച്ചായിരുന്നു അനിശ്ചിതകാല സമരം തുടങ്ങിയത്. 20 ദിവസത്തിലധികമാണ് ആ സമരം നീണ്ടുനിന്നത്. അന്ന് നടന്ന സമരത്തിന്റെ ഭാഗമായാണ് മാർച്ച് അവസാനം എനിക്ക് 2024 ഡിസംബർ വരെയുള്ള ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത്. എന്നാൽ സമരത്തിനെല്ലാം മുൻപ് തന്നെ ദിശ എന്ന സംഘടന വഴി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. വളരെ തുച്ഛമായ തുകയായ 12,000 രൂപയാണ് ഫെല്ലോഷിപ്പായി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്നത്. എല്ലാ മാസവും അത് കൃത്യമായി ലഭിക്കേണ്ടതല്ലേ. ഒരു വർഷത്തിലധികം ഫെല്ലോഷിപ്പ് തുക കിട്ടാതെ വരുക എന്ന വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, മറ്റ് ഫെല്ലോഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അത്രത്തേളം ബാധിക്കണമെന്നില്ല. എന്നാൽ എന്നെ പോലുള്ളവരെ സംബന്ധിച്ച് അങ്ങനെയല്ല. കുടുംബത്തിന്റെ പിന്തുണ പോലും ഇല്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഗവേഷണത്തിന്റെ ആദ്യത്തെ വർഷം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ സുഹൃത്തുക്കളിൽ നിരവധി പേർ ഫെല്ലോഷിപ്പ് തുക ലഭിക്കാതെ വന്നതോടെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം അവസ്ഥകൾ ഉണ്ടായതുകൊണ്ടാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. എത്രയും വേഗം കുടിശ്ശിക തീർക്കുക, കൃത്യമായി തുക നൽകുക എന്ന ആവശ്യമാണ് കേസ് ഫയൽ ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. ഇന്നലെയാണ് കേസിന്റെ വിധി വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ സർവ്വകലാശാലയിലും നിലവിൽ ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. അതിനാൽ എല്ലാ ഗവേഷക വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ളതാണ് നിലവിൽ വന്നിരിക്കുന്ന വിധി. ഫെല്ലോഷിപ്പ് എന്ന് പറയുന്നത് ഗവേഷക വിദ്യാർത്ഥികളുടെ അടിസ്ഥാനപരമായ അവകാശമാണ്.
കാലടി സർവകലാശാല
ഫെല്ലോഷിപ്പ് വാങ്ങുന്നതിന്റെ ഭാഗമായി ഞാൻ നിരന്തരം സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാൽ വളരെ ലാഘവത്തോടെയാണ് അവർ ഈ വിഷയത്തെ എടുത്തിരുന്നതെന്ന് എനിക്ക് മനസിലായി. മറ്റൊരു സാമ്പത്തിക പിന്തുണയും ഇല്ലാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് എത്രത്തേളം ആവശ്യമാണെന്ന കാര്യം അവർ ചിന്തിക്കുന്നില്ല. ഒന്നോ രണ്ടോ മാസമല്ല, ഒരു വർഷത്തിലേറെയാണ് പണം ലഭിക്കാതെ വന്നത്. ദിശയിൽ നിന്ന് ലഭിച്ച നിയമസഹായത്തോടെയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതും ഇപ്പോൾ അനുകൂലമായി വിധി വന്നിരിക്കുന്നതും, ആദി അഴിമുഖത്തോട് പറഞ്ഞു.
സർക്കാർ കൊടുത്തത് 22 ലക്ഷം
സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചില്ലായെന്നാണ് സർവകലാശാല ആദ്യം അറിയിച്ചിരുന്നതെന്നും എന്നാൽ 22 ലക്ഷം രൂപ സർക്കാർ, ഫെല്ലോഷിപ്പിനായി നൽകിയിരുന്നെന്നും ആദിക്ക് വേണ്ടി കേസ് ഫയൽ ചെയ്ത അഭിഭാഷകയും ദിശയുടെ സെക്രട്ടറിയുമായ ധനൂജ എം.എസ് അഴിമുഖത്തോട് പ്രതികരിച്ചു.
‘സർവ്വകലാശാല തന്നെ രൂപം നൽകിയ ഒരു ഫെല്ലോഷിപ്പ് പദ്ധതിയാണിത്. വേറെ ഒരു തരത്തിലുമുള്ള ഗ്രാന്റും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ ഫെല്ലോഷിപ്പ് നൽകുന്നത്. ആദി മാത്രമാണ് ഫെല്ലോഷിപ്പ് മുടങ്ങുന്നു എന്ന പരാതിയുമായി എന്നെ സമീപിച്ചത്. ആദിയെ സംബന്ധിച്ചടുത്തോളം ആദ്യ വർഷം മുതൽ തന്നെ തുക ലഭിക്കുന്നുണ്ടായിരുന്നില്ല. ആദ്യം കേസ് പരിഗണനയിൽ വന്നപ്പോൾ, യൂണിവേഴ്സിറ്റി പറഞ്ഞ വാദം അവർക്ക് ഫണ്ട് ലഭിക്കുന്നില്ല എന്നുള്ളതായിരുന്നു. സർവ്വകലാശാല സ്വന്തമായി ഫണ്ട് സ്വരൂപിക്കുന്നില്ലായെന്നും സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചാൽ മാത്രമേ തുക നൽകാൻ കഴിയുകയുള്ളൂ എന്നുമായിരുന്നു അറിയിച്ചിരുന്നത്.
അതേസമയം, സർക്കാരിന്റെ അഭിഭാഷകൻ കേസിൽ അപ്പിയർ ചെയ്യുകയും ഫെല്ലോഷിപ്പിനായി സർവ്വകലാശാലക്ക് 22 ലക്ഷം രൂപ ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെയാണെങ്കിൽ വിതരണം ചെയ്യാൻ എന്താണ് ഇത്ര കാലതാമസമെടുക്കുന്നത്. സമരം നടന്നതിന്റെ ഭാഗമായാണ് മാർച്ച് മാസത്തിൽ കുറച്ച് തുക വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നത്. ഇനിയും ബാക്കി തുക ലഭിക്കാനുണ്ട്. അത് നൽകിയില്ലെങ്കിൽ വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും ശമ്പളം തടയാനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ആദിയ്ക്ക് വേണ്ടിയാണ് ഞാൻ കേസ് നൽകിയിരുന്നത്. വിധി വന്നതോടെ ആദിക്ക് കൃത്യമായി ഫെല്ലോഷിപ്പ് ലഭിക്കും. മറ്റ് കുട്ടികൾക്കും ഈ വിധി ഉപയോഗിച്ച് പണം ലഭിക്കുന്നതാണ്’, അഡ്വ ധനൂജ എം എസ് അഴിമുഖത്തോട് പറഞ്ഞു.
ഫെല്ലോഷിപ്പ് അവകാശം
ഗവേഷണ പഠനം എന്ന് പറയുന്നത് വളരെ ചെലവേറിയതാണെന്നും ഗവേഷക വിദ്യാർത്ഥികളുടെ ലംഘിക്കപ്പെട്ട അവകാശമാണ് കോടതി വിധിയിലൂടെ നേടിയിരിക്കുന്നതെന്നും ദിശയുടെ പ്രസിഡന്റും ആക്ടിവിസ്റ്റുമായ ദിനു വെയിൽ അഴിമുഖത്തോട് പറഞ്ഞു.
‘ഫെല്ലോഷിപ്പ് ലഭിക്കുന്നില്ല എന്ന പ്രശ്നവുമായി ആദി സമീപിച്ചപ്പോൾ, ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി ഫയൽ ചെയ്യാമെന്ന് ദിശ അറിയിച്ചിരുന്നു. തുടർന്ന് അതിനാവശ്യമായ നിയമസഹായം സൗജന്യമായി നൽകുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സമാനമായ കേസുകൾ വന്നിരുന്നു. ദിശയിലെ എക്സിക്യൂട്ടീവ് അംഗമായ അജിത് ശേഖരൻ റിട്ട് ഹർജി ഫയൽ ചെയ്യുകയും ഒരു വർഷത്തെ തുക ലഭിക്കുകയും ചെയ്തിരുന്നു. ഗവേഷണം എന്ന് പറയുന്നത് വളരെ ചെലവേറിയ ഒന്നാണ്. ആവശ്യമായ മെറ്റീരിയൽസ് ശേഖരിക്കുക, താമസ സൗകര്യം തുടങ്ങി പണം ആവശ്യമായി വരുന്നതാണ്. അതാലത് പ്രാഥമികമായി പഠിക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. ഗവേഷണം സ്വപ്നം കണ്ടെത്തിയ വിദ്യാർത്ഥികളിൽ പലരും അത് ഉപേക്ഷിച്ച് മറ്റ് തൊളിലുകൾ അന്വേഷിച്ച് പോകുന്ന ഒരവസ്ഥ വരെ ഉണ്ടായിരുന്നു. ഇത്രയും നാൾ തുക മുടങ്ങിയതോടെ ഗവേഷക വിദ്യാർത്ഥികളുടെ അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്’, ദിനു വെയിൽ അഴിമുഖത്തോട് പറഞ്ഞു.PhD student wins legal battle against Kalady University
Content Summary: PhD student wins legal battle against Kalady University
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.