പുറത്തു വരുന്നത് ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകൾ; അമ്മയുടെ ഭരണ സമിതി രാജിവെയ്ക്കണമെന്ന് മാല പാർവതി

ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവില്‍ സംഘടനയിൽ ഉണ്ടായിട്ടില്ലെന്നും പങ്കുവെച്ച കുറിപ്പിൽ മാല പാർവതി വ്യക്തമാക്കുന്നു.

താരസംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവെയ്ക്കണമെന്ന് നടി മാല പാർവതി. നിലനിൽക്കുന്ന വിവാദങ്ങളുടെയും പ്രതിസന്ധികളുടെയും ഭരണപരമായ പരാജയങ്ങളുടെയും പശ്ചാത്തലത്തിൽ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുന്‍നിര്‍ത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്നാണ് അമ്മയ്ക്ക് എഴുതിയ തുറന്ന കത്തിലൂടെ മാല പാർവതി ആവശ്യപ്പെട്ടിരിക്കുന്നത്.

നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവില്‍ സംഘടനയിൽ ഉണ്ടായിട്ടില്ലെന്നും പങ്കുവെച്ച കുറിപ്പിൽ മാല പാർവതി വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട അമ്മ സംഘനയ്ക്ക് ഒരു തുറന്ന കത്ത്.. അമ്മ സംഘടനയില്‍ നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാന്‍ കാണുന്നത്. മുന്‍കാലങ്ങളിലും അമ്മ സംഘടന പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സംഘടന പൊതുസമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിര്‍വഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോള്‍, പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.

നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാന്‍ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്.

ഓഫീസ് മാനേജര്‍ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതായിരുന്നു. അത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് പരാതി വാങ്ങി (written complaint) ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറല്‍ സെക്രട്ടറി സ്വന്തമായി, നടപടികള്‍ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങള്‍ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

സംഘടനയുടെ വൈദ്യുതി ബില്‍ ഓഫീസ് മാനേജറുടെ ശമ്പളത്തില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കില്‍ പോലും, ഇത്തരം നടപടികള്‍ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല.സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങള്‍ക്കുള്ള അതേ അധികാരം നല്‍കിയത് ഭരണനിര്‍വ്വഹണത്തിന്റെ പിഴവാണ്.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവില്‍ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോണ്‍വിളികള്‍ക്ക് മറുപടി ലഭിക്കാത്തതും, നിര്‍ണായക വിഷയങ്ങളില്‍ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അംഗങ്ങള്‍ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസ്സിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയില്‍ എന്റെ അഭിപ്രായവും ആവശ്യവും.

അന്‍സിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വര്‍ഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ ചര്‍ച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നതിനേക്കാള്‍ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.

അന്‍സിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങള്‍ നല്‍കിയ പരാതികള്‍ക്ക് പുറമേ മറ്റ് പരാതികളും നിലനില്‍ക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങള്‍ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഞാനും ഈ വിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചോദ്യങ്ങള്‍ക്കും വിധേയരാകുന്നത് സ്വാഭാവികമാണ്. ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

നിലവിലെ ഭരണസമിതിയില്‍ വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന ഒരാള്‍ എന്ന നിലയില്‍, ഈ കത്ത് എഴുതുന്നത് എന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.

അതിനാല്‍, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുന്‍നിര്‍ത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു.

ഉത്തരവാദിത്യത്തോടെ

മാലാ പാര്‍വതി.

This post was last modified on June 1, 2026 12:10 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment