1215ലെ ഒരു ചരിത്രമുഹൂർത്തമായിരുന്നു ഇംഗ്ലണ്ടിലെ ജോൺ രാജാവ് മാഗ്നാ കാർട്ട ഒപ്പുവെച്ചത്. രാജാവിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ടും ഒരു രാജ്യത്ത് രാജാവ് ഉൾപ്പെടെയുള്ളവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും സ്ഥാപിക്കുന്ന പ്രധാന വിവരങ്ങൾ മാഗ്നാകാർട്ടയിൽ ഉൾപ്പെട്ടിരുന്നു.
മാഗ്നാ കാർട്ടയെക്കുറിച്ചുള്ള പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പണ്ട് കാലത്ത് മാഗ്നാ കാർട്ടയുടെ അനൗദ്യോഗിക പകർപ്പായി കണക്കാക്കപ്പെട്ടിരുന്ന ഒരു കയ്യെഴുത്തുപ്രതി, യഥാർത്ഥ പതിപ്പാണെന്നും ലോകത്തിലെ ഏറ്റവും മൂല്യമേറിയ രേഖകളിലൊന്നാണെന്നും യുകെയിലെ അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
1946 ൽ യുഎസിലെ ഹാർവാർഡ് ലോ സ്കൂൾ വെറും 27.50 ഡോളറിന് (2,352 രൂപ) ആണ് 1327 ലെ മാഗ്ന കാർട്ടയുടെ പഴകിയ ഒരു പകർപ്പ് മാത്രമാണെന്ന് കരുതി രേഖ വാങ്ങുന്നത്. പതിറ്റാണ്ടുകളോളം ഈ രേഖ ഹാർവാർഡ് ലോ സ്കൂളിലെ ലൈബ്രറിയിൽ ആരും ശ്രദ്ധിക്കാതെയിരുന്നു. അടുത്തിടെയാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ രണ്ട് ഹിസ്റ്ററി പ്രൊഫസർമാരായ നിക്കോളാസ് വിൻസെന്റും ഡേവിഡ് കാർപെന്ററും മാഗ്ന കാർട്ടയുടെ പതിപ്പ് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന രേഖ പരിശോധിക്കുകയും ഇത് 1300-ൽ എഡ്വേർഡ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്ത് പുറത്തിറക്കിയ ഒരു ആധികാരിക മാഗ്ന കാർട്ടയാണെന്ന് കണ്ടെത്തുകയും ചെയ്തത്. ഇത് വെറും പകർപ്പല്ലെന്നും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതിശയകരമായ കണ്ടെത്തൽ എന്നാണ് വിഷയത്തിൽ പഠനം നടത്തിയ വിദഗ്ധരിൽ ഒരാളായ ഡേവിഡ് കാർപെന്റർ ഇതിനെ വിശേഷിപ്പിച്ചത്. മാഗ്ന കാർട്ടയുടെ ഈ പതിപ്പ് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നും ഭരണഘടനാ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമായി ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
രേഖയിലെ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അൾട്രാവയലറ്റ് രശ്മികൾ പോലുള്ള പ്രത്യേക ഇമേജിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിദഗ്ധർ എന്താണെന്ന് മനസിലാക്കിയത്. 1300 മുതൽ അറിയപ്പെടുന്ന മറ്റ് ആറ് ഒറിജിനലുകളുമായി ഇതിനെ താരതമ്യം ചെയ്യുകയും കൈയക്ഷരം, വലുപ്പം, കൃത്യമായ പദപ്രയോഗം എന്നിവ പൊരുത്തപ്പെടുത്തുകയുമായിരുന്നു.
1215 ൽ ഇംഗ്ലണ്ടിലെ ജോൺ രാജാവ് ആദ്യമായി പുറത്തിറക്കിയ ഒരു ചരിത്ര രേഖയാണ് മാഗ്ന കാർട്ട. ഇത് ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകുകയും രാജാവ് പോലും നിയമം പാലിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാ നിയമങ്ങളുടെയും വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലായാണ് മാഗ്ന കാർട്ടയെ കണക്കാക്കപ്പെടുന്നത്.
1300 വരെ പിന്നീട് വന്ന രാജാക്കന്മാർ മാഗ്ന കാർട്ടയുടെ വ്യത്യസ്ത പതിപ്പുകൾ വീണ്ടും പുറപ്പെടുവിച്ചു. കാലക്രമേണ ഏകദേശം 200 ഒറിജിനലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്. എന്നാൽ ഇന്ന് 24 എണ്ണം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിൽ തന്നെ കൂടുതൽ രേഖയുമുള്ളത് യുകെയിലാണ്. ചിലത് യുഎസിലും ഓസ്ട്രേലിയയിലും ഉള്ളതായും റിപ്പോർട്ടുകളുണ്ട്.
ഇംഗ്ലണ്ടിലെ കംബ്രിയയിലെ ആപ്പിൾബിയിൽ നിന്നാണ് ഈ രേഖ ആദ്യം വന്നതെന്നും ഇംഗ്ലണ്ടിലെ ലോതർ കുടുംബം അടിമത്ത വിരുദ്ധ പ്രചാരകനായ തോമസ് ക്ലാർക്‌സണിന് കൈമാറിയതാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അവസാനം മെയ്‌നാർഡ് കുടുംബത്തിന്റെ കൈകളിലെത്തുകയും 1945ൽ ഇത് ലേലത്തിൽ വിൽക്കുകയുമായിരുന്നു.
Content Summary: Magna Carta copy paid $27.50 now believed to be genuine