മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് തിരഞ്ഞെടുപ്പ് നടക്കും, ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 13 നും നവംബര്‍ 20 നും വോട്ടെടുപ്പ് നടക്കും. നവംബര്‍ 23നാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനം ഒക്ടോബര്‍ 22-ന് പുറപ്പെടുവിക്കും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ 30 ന് നടക്കും, സ്ഥാനാര്‍ത്ഥികള്‍ക്ക് നവംബര്‍ 4 വരെ പത്രിക പിന്‍വലിക്കാം.
288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി നവംബര്‍ 26 ന് അവസാനിക്കും. ജാര്‍ഖണ്ഡ് നിയമസഭാ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും. മഹാരാഷ്ട്രയില്‍ 9.63 കോടിയും ജാര്‍ഖണ്ഡില്‍ 2.6 കോടിയും യോഗ്യരായ വോട്ടര്‍മാരുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചത്. കൂടാതെ, 47 നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കും നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പും നടക്കും.
മഹാരാഷ്ട്രയില്‍ രണ്ട് പ്രധാന സഖ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും പ്രധാനമായും നടക്കുക. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എന്‍സിപിയുടെ ശരദ് പവാര്‍ വിഭാഗം, കോണ്‍ഗ്രസ് എന്നിവ അടങ്ങുന്ന മഹാ വികാസ് അഘാഡിയും, ബിജെപി, ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗം, എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം എന്നിവ ഉള്‍പ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവുമാണ് ഏറ്റുമുട്ടുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എന്നാല്‍ അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബിജെപിക്ക് വലിയ തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ നേരിട്ടത്. 48 സീറ്റുകളില്‍ ഒമ്പതിടത്ത് മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. 2019 ല്‍ 23 സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയെ സംബന്ധിച്ച് വലിയ ആഘാതമാണ് ഉണ്ടായത്. മറുവശത്ത് മഹാ വികാസ് അഘാഡി 30 സീറ്റുകള്‍ നേടി തങ്ങളുടെ കരുത്ത് കാണിക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ 44 ജനറല്‍, 9 പട്ടികജാതി (എസ്സി), 28 പട്ടികവര്‍ഗ (എസ്ടി) സീറ്റുകള്‍ ഉള്‍പ്പെടെ 81 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അടുത്തിടെ റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയിരുന്നു. രാഷ്ട്രീയത്തില്‍ പണത്തിന്റെ സ്വാധീനം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു കുമാര്‍ മുഖ്യമായും എടുത്തു പറഞ്ഞത്. 2019 ല്‍, ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്, ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനമായിരിക്കും.
നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭരണത്തിനെതിരായി ശക്തമായ ജനവികാരം ഉണ്ടെന്നും സംസ്ഥാനം തങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായി സഖ്യത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കേശവ് മഹ്‌തോ പറഞ്ഞു, ”ഞങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷികളുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഞങ്ങള്‍ നേടിയ വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്’; മഹ്‌തോ പറഞ്ഞു.
അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഹരിയാനയില്‍ ബി.ജെ.പി നേടിയ അപ്രതീക്ഷിത വിജയം അവരെ നിരാശരാക്കിയിട്ടുണ്ട്. മൂന്നാം തവണയും ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മറികടന്നാണ് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് വിഹിതവും സീറ്റുകളും നേടിയത്. മറുവശത്താകട്ടെ, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 13 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നപ്പോള്‍ ബിജെപിയും ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഒമ്പത് വീതം സീറ്റുകളാണ് നേടിയത്.
രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകള്‍ പ്രതിപക്ഷ സഖ്യത്തിനും ബിജെപിക്കും അതി നിര്‍ണായകമാണ്. വോട്ടര്‍മാര്‍ എന്തു ചിന്തിക്കുന്നു എന്നതിനും വരുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള ഭാവി രാഷ്ട്രീയ ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കേണ്ടതിന്റെ ആവശ്യകതയും ഈ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തമാകും. നവംബര്‍ 23 ലെ ഫലം മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും ഭരണത്തെ മാത്രമല്ല ബാധിക്കുക, അത് ദേശീയ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. Maharashtra and Jharkhand assembly elections
Content Summary; Maharashtra and Jharkhand assembly elections