March 28, 2025 |

മഹാരാഷ്ട്രയില്‍ വൈകുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍; അന്വേഷിക്കാന്‍ എസ്‌ഐടി

ജനന സർട്ടിഫിക്കറ്റ് അഴിമതി നടന്നതായി ബിജെപി നേതാവ് കിരിത് സോമയ്യുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം

മഹാരാഷ്ട്രയിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ നേരിടുന്ന കാലതാമസത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ എസ്‌ഐടി രൂപീകരിച്ചു.

ഇൻസ്‌പെക്ടർ ജനറൽ ദത്ത കരാലെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജനന-മരണ സർട്ടിഫിക്കറ്റുകൾ വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങൾ.

ഒരു വ്യക്തിയുടെ മരണത്തിനോ ജനനത്തിനോ ശേഷം കുറഞ്ഞത് ഒരു വർഷത്തിന് ശേഷം പോലും സർട്ടിഫിക്കറ്റ് ലഭിക്കാത്ത അപേക്ഷകളെയാണ് വൈകിയ അപേക്ഷ എന്ന വിഭാഗത്തിൽ കണക്കാക്കുന്നത്.

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി 30 കാരനായ ബംഗ്ലാദേശ് സ്വദേശി ഷെരീഫുൾ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീറിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇന്ത്യയിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വിഷയം കൂടുതൽ ശ്രദ്ധേയമായത്.

ഇതിനകം നൽകിയ സർട്ടിഫിക്കറ്റുകളും ലഭിച്ച അപേക്ഷകളും പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കി.

ജനന സർട്ടിഫിക്കറ്റ് അഴിമതി നടന്നതായി ബിജെപി നേതാവ് കിരിത് സോമയ്യുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

2021 ജനുവരിക്കും 2023 ഡിസംബറിനും ഇടയിൽ അകോല സിറ്റിയിലെ കോടതി ജനന രജിസ്ട്രേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് 269 ഉത്തരവുകൾ പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ കാലതാമസമുള്ള 4,849 ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ രജിസ്റ്റർ ചെയ്തതായി ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു.

രണ്ട് ലക്ഷത്തോളം ബംഗ്ലാദേശികൾ മഹാരാഷ്ട്രയിൽ ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ പറയുന്നു. അകോല, അമരാവതി, മാലേഗാവ് എന്നീ പ്രദേശങ്ങൾ അനധികൃത കുടിയേറ്റക്കാരുടെ ഹോട്ട്‌സ്‌പോട്ടുകളായി മാറുകയാണെന്ന് സോമയ്യ ചൂണ്ടിക്കാണിച്ചു. നിയമപരമായ പൗരത്വമില്ലാതെ ജനന സർട്ടിഫിക്കറ്റ് കൈക്കലാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമരാവതിയിലെ അഞ്ജൻഗാവ് സുർജി ഗ്രാമത്തിലെ ആളുകൾക്ക് 1000 വ്യാജ ജനന സർട്ടിഫിക്കറ്റുകൾ അധികൃതർ നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടി എന്ന തരത്തിൽ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്, ഇത് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്യുന്നതിന് കാരണമായി.

content summary; Maharashtra Forms SIT to Investigate Delayed Birth and Death Certificates

Leave a Reply

Your email address will not be published. Required fields are marked *

×