സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ മഹാരാഷ്ട്ര സർക്കാർ നിർബന്ധിതരായത്. മറാത്തിയും ഹിന്ദിയും മുൻഗണനാ ഭാഷകളാക്കുകയും ഹിന്ദി ഓപ്ഷണൽ ആക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ വ്യക്തമാക്കി.Maharashtra drops plan to make Hindi compulsory.
ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധമായും മൂന്നാം ഭാഷയായി പഠിക്കണമെന്നുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത് ഏപ്രിൽ 14നായിരുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്‌കൂൾ കരിക്കുലം ഫ്രെയിം വർക്ക് 2024ൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിർമാൺ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ സർക്കാരിന്റെ ശക്തമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
വിമർശനത്തിന് പിന്നാലെയാണ് ‘നിർബന്ധിതം’ എന്ന പദം സർക്കാർ നീക്കിയത്. നിർബന്ധിതമായി ഹിന്ദി പഠിക്കേണ്ടതില്ലെന്നും, ഓപ്ഷണൽ വിഷയമായി പഠിപ്പിക്കുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹിന്ദി പഠിക്കാൻ ആഗ്രമുള്ള കുട്ടികൾക്ക് മറാത്തിക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിക്കാം. പരിഷ്‌കരിത്ത ഭാഷാ നയം വിശദമാക്കുന്ന പുതിയ സർക്കാർ ഉത്തവ് ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹിന്ദി ഭാഷാ നിർബന്ധിതമാക്കിയതിനെ ന്യായീകരിച്ചായിരുന്നു രംഗത്തെത്തിയിരുന്നത്. മറാത്തിയുടെ പ്രാധാന്യം ഇക്കാരണം കൊണ്ട് കുറയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ഭാഷ അടിച്ചേൽപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്മികാന്ത് ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ഭാഷാ കൺസൾട്ടേഷൻ കമ്മിറ്റി. ഇതിന് പിന്നാലെയാണ് നിർബന്ധിതം എന്ന വാക്ക് എടുത്തുകളഞ്ഞത്.
2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമായിരുന്നു സർക്കാർ പുതിയ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്.
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മറാത്തി, ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. വിദ്യാർഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയാകണമെന്ന നിർബന്ധം പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും മറാഠിക്ക് പുറമെ ഹിന്ദി, തമിഴ്, മലയാളം ഗുജറാത്തി ഭാഷകളിൽ ഏതും പഠിക്കാനുള്ള അവസരമുണ്ടെന്നപം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.Maharashtra drops plan to make Hindi compulsory.
Content summary; Maharashtra has reversed its decision to make Hindi a compulsory third language in schools; it will now be optional