കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ കബളിപ്പിക്കുന്ന ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് സര്‍വീസ്’ എന്ന സംഘത്തെ പിടികൂടി ബീഹാര്‍ പോലീസ്.
നവാഡ ജില്ലയിലെ നര്‍ദിഗഞ്ച് സബ്ഡിവിഷനിലെ കഹുവാര ഗ്രാമം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പ്രതികളായ പ്രിന്‍സ് രാജ്, ഭോലകുമാര്‍, രാഹുല്‍ കുമാര്‍ എന്നിവര്‍ തങ്ങളുടെ ഈ വ്യാജ ജോലിയുടെ വാര്‍ത്തയുടെ പരസ്യത്തിനായി ഫേസ്ബുക്ക് ഉപയോഗിക്കുകയും, ഒരു സ്ത്രീയെ ഗര്‍ഭം ധരിപ്പിച്ചാല്‍ 10 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് തെറ്റിധരിപ്പിച്ച് പുരുഷന്മാരെ പറ്റിക്കുകയും ചെയ്തിരുന്നു.
ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി സെല്‍ഫിക്കൊപ്പം ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും ഉള്‍പ്പെടെയുള്ള വ്യക്തിഗത രേഖകളും നല്‍കാനായിരുന്നു നിര്‍ദേശം.
പിന്നീട് രജിസ്‌ട്രേഷന്‍ ആവിശ്യത്തിനും ഹോട്ടല്‍ ബുക്കിങിനുമായി ഒരു തുക ഫീസായി നല്‍കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
‘ തട്ടിപ്പുകാര്‍ ‘ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ് സര്‍വീസ്’, ‘പ്ലേ ബോയ്’ സര്‍വീസ് എന്നിങ്ങനെ രണ്ട് പേരുകളിലുള്ള ജോലി നല്‍കുന്നു എന്ന പേരിലാണ് ആളുകളെ പറ്റിച്ചിരുന്നത്. അവര്‍ ഫേസ്ബുക്കിലൂടെ പരസ്യം നല്‍കുകയും, വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം പണം തട്ടുകയുമാണ് ചെയ്തത്.’ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഇമ്രാന്‍ പര്‍വേസ് തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളില്‍ നിന്ന് വാട്‌സ്ആപ്പ് ചാറ്റുകള്‍, ഉപഭോക്തമാവിന്റെ ചിത്രങ്ങള്‍, ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍, ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവയടങ്ങിയ ആറ് മൊബൈല്‍ ഫോണുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
2024ലാണ് ഇത്തരത്തിലുള്ള മറ്റൊരു തട്ടിപ്പ് നടന്നിരുന്നത്. പിതൃത്വം ഏറ്റെടുത്താല്‍ പണം നല്‍കാമെന്ന് രീതിയിലായിരുന്നു ഈ സംഘം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നത്, തൊഴിലില്ലായ്മ നേരിടുന്ന പുരുഷന്മാരെയായിരുന്നു അന്ന് തട്ടിപ്പ് സംഘം ലക്ഷ്യം വച്ചിരുന്നത്.
ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ തയ്യാറാവുന്ന പുരുഷന്മാര്‍ക്ക് വലിയ തുകയും സ്വത്തിലെ ഷെയറുകളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഈ തട്ടിപ്പിന്റെ പരിധിയില്‍ വരുന്നതാണ്.
content summary; Make women pregnant, earn lakhs: Bihar police busts scam