തിരുവനന്തപുരത്ത് മുളവനമുക്കിലെ വായനശാലയില്‍ എല്ലാ വര്‍ഷവും നാടകം അരങ്ങേറും. അപ്പൂപ്പന്മാരടക്കം അഭിനേതാക്കളാകും. അഭിനയിക്കുന്നവര്‍ ചുറ്റുവട്ടത്തെ ആളുകള്‍ തന്നെ. സ്ത്രീകളായി അഭിനയിക്കുന്നതും പുരുഷന്‍മാരായിരിക്കും. മാധവന്‍ നായരിലെ നടനെ ഉണര്‍ത്തിയ ആദ്യത്തെ നാടകങ്ങള്‍ നാട്ടിലെ വായനശാലയുടെ വകയായിരുന്നു. 12 വയസുണ്ടായിരുന്ന മാധവന്‍ സുഹൃത്തുക്കളെ കൂട്ടി മുതിര്‍ന്നവരെ പോലെ നാടകങ്ങള്‍ സംവിധാനം ചെയ്യാന്‍ തുടങ്ങി. ഗൗരീപട്ടത്തെ ആര്‍ട്ട്‌സ് ക്ലബിനു വേണ്ടി മാധവനും കുട്ടികളും മുതിര്‍ന്നവരെ മാത്യകയാക്കി നാടകം അരങ്ങിലെത്തിച്ചു. പില്‍ക്കാലത്ത് എല്ലാ വര്‍ഷവും മാധവന്റെയും കുട്ടികളുടേയും നാടകം ഗൗരീപട്ടം ആര്‍ട്ട്‌സ് ക്ലബിന്റെ സ്ഥിരം കലാപരിപാടിയായി മാറി. മാധവന്‍ നായരിലെ നടന്റെ തുടക്കമായിരുന്നു ഗൗരീപട്ടത്തെ ആര്‍ട്ട്‌സ് ക്ലബ് വാര്‍ഷിക വേദികള്‍. തിരുവനന്തപുരം മേയറായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ പരമേശ്വരന്‍ പിള്ളയുടേയും കമലമ്മയുടേയും മകനായ മാധവന് പക്ഷെ രാഷ്ട്രീയം ഇല്ലായിരുന്നു. പിതാവിനെ കാണാന്‍ വരുന്ന കോണ്‍ഗ്രസ്സ് നേതാക്കളോട് അമ്മ ഉണ്ടാക്കി കൊടുക്കുന്ന ചായ കൊണ്ടുപോയി കൊടുത്തുള്ള അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജില്‍ ഹിന്ദി മുഖ്യ വിഷയമായി എടുത്തപ്പോള്‍ തൊട്ടടുത്ത മലയാളം ക്ലാസുകളില്‍ ഒഎന്‍വിയും, ചെമ്മനം ചാക്കോയും, എം കെ സാനുവും, നബീസാ ഉമ്മാളും, പുതുശ്ശേരി രാമചന്ദ്രനും ഉണ്ടായിരുന്നു. ഹിന്ദി ഭാഷയുടെ ഉപരിപഠനത്തിനായി ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലാണ് എത്തിയത്. ബനാറസിലെ മലയാളി അസോസിയഷനുകളുടേയും കൂട്ടായ്മയുടേയും ആഘോഷങ്ങളില്‍ മാധവന്‍ നായരും സംഘവും മലയാള നാടകങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി.
ഹിന്ദിയില്‍ എംഎ എടുത്ത് മടങ്ങി വന്ന മാധവന്‍ നായര്‍ തിരുവനന്തപുരത്ത് പാറ്റൂര്‍ ജംഗ്ഷനില്‍ ഗീതാ ട്യൂട്ടോറിയല്‍ എന്ന സ്ഥാപനം തുടങ്ങി സ്വയം അദ്ധ്യാപകമേലങ്കി അണിഞ്ഞു. പിന്നീട് നാഗര്‍കോവിലിലെ സെന്റ് തോമസ് കോളേജില്‍ ഹിന്ദി ലക്ച്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അപ്പോഴും ശനി, ഞായര്‍ ദിവസങ്ങളില്‍ ഗീതാ ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി മാധവന്‍ നായര്‍ എത്തുമായിരുന്നു. അഭിനയ താത്പര്യം ഉള്ളിലൊതുക്കി അദ്ധ്യാപക വ്യത്തി ചെയ്യുമ്പോഴാണ് ഡല്‍ഹിയില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്ന വാര്‍ത്ത വരുന്നതും, അവിടെ പ്രവേശനത്തിനായി അപേക്ഷിക്കുന്നതും. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ വെസ്റ്റില്‍ ആദ്യ വര്‍ഷവും, പിന്നീട് കൈലാഷ് കോളനിയിലെ വാടക വീട്ടിലുമായിരുന്നു നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ ആദ്യ ബാച്ചിലെ മുപ്പതു പേരില്‍ ഒരാളായി മാധവന്‍ നായര്‍ ചേര്‍ന്നു. നാടക നിര്‍മ്മാണമായിരുന്നു മാധവന്‍ നായര്‍ മുഖ്യ വിഷയമായി എടുത്തത്. പഠനത്തിന്റെ ഭാഗമായി മാധവന്‍ നായര്‍ നിര്‍മിച്ചതില്‍ മലയാള നാടകങ്ങളും ഉണ്ടായിരുന്നു. അതില്‍ അഭിനയിച്ചവരാകട്ടെ ഡല്‍ഹിയില്‍ താമസിച്ചിരുന്ന മലയാളികളായ പ്രമുഖരും. ഡല്‍ഹിയിലെ സാംസ്‌ക്കാരിക ലോകം വേറിട്ട അനുഭവം മാധവന്‍ നായര്‍ക്കു സമ്മാനിച്ചു. ദിവസവും വിവിധ ദേശക്കാരുടെ കലാപരിപാടികള്‍ ഡല്‍ഹിയില്‍ പലയിടത്തായി അരങ്ങേറും. ഇഷ്ടപ്പെട്ടൊരു വേദിയില്‍ മാധവന്‍ നായര്‍ കാഴ്ച്ചക്കാരനായി ഉണ്ടാകും. ഡല്‍ഹിയിലെ മലയാള സംഘനകളുമായി സഹകരിച്ച് പല നാടക വേദികളിലും മാധവന്‍ നായര്‍ എത്തി.
ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍പ് എല്ലാ വര്‍ഷവും വിവിധ ഭാഷയില്‍ നാടക മത്സരം സംഘടിപ്പിക്കുമായിരുന്നു. പതിനാല് ഭാഷകളിലെ നാടകങ്ങള്‍ അക്കാലത്ത് മത്സരത്തിന് എത്തും. ജി ശങ്കരപ്പിള്ളയുടെ മെഴുകുതിരി എന്ന നാടകം ഒരിക്കല്‍ മത്സരത്തിന് അവതരിപ്പിച്ചത് മാധവന്‍ നായരുടെ നേതൃത്വത്തിലാണ്. റോസ്‌ക്കോട്ട് ക്യഷ്ണപിള്ളയും, ലക്ഷ്മീ ദേവിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. ആ വര്‍ഷം മിക്ക അവാര്‍ഡുകളും ഈ നാടകത്തിനായിരുന്നു.
ഒരിക്കല്‍ ഡല്‍ഹിയിലെ താല്‍ക്കട്ടോറാ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ എന്‍എസ്ഡിയിലെ ചമ്മന്‍ ബങ്ക എന്ന സുഹ്യത്തിന്റെ കൂടെ ഡല്‍ഹി ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തിരുന്ന വ്യക്തി സണ്‍ഡേ സ്റ്റാന്‍ഡേഡ് എന്ന പത്രം വായിച്ചു കൊണ്ടിരിക്കുന്നു. യാത്രയിലെപ്പഴോ പത്രത്തിലെ ഒരു വാര്‍ത്തയില്‍ മാധവന്‍ നായരുടെ കണ്ണ് ഉടക്കി. പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ മുടിയനായ പുത്രന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരായ രാമു കര്യാട്ട്, ആര്‍ എസ് പ്രഭു, അടൂര്‍ഭാസി തുടങ്ങിയവര്‍ക്ക് ഡല്‍ഹി മലയാളി അസോസിയഷന്റെ സ്വീകരണം. മാധവന്‍ നായര്‍ പത്രം വാങ്ങി വാര്‍ത്ത മുഴുവനും വായിച്ചു. വൈഎംസിഐയില്‍ അന്നാണ് പരിപാടി. സമയവും ആയിട്ടുണ്ട്. സുഹൃത്തിനേയും വിളിച്ച് താല്‍ക്കട്ടോറയില്‍ പോകാതെ അശോകാ റോഡിലെ വൈഎംസിഐയില്‍ ഇറങ്ങി. തിരുവനന്തപുരത്തെ നാടക പ്രവര്‍ത്തന സമയത്ത് അടൂര്‍ ഭാസിയെ പരിചയപ്പെട്ടിരുന്നത് കൊണ്ട് നേരെ പരിചയം പുതുക്കാന്‍ അടുത്തെത്തി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മൂന്നാം വര്‍ഷം പഠിക്കുന്ന നാടക അഭിനേതാവ് കൂടിയായ സുഹൃത്തിനെ അടൂര്‍ഭാസി രാമു കര്യാട്ടിനു പരിചയപ്പെടുത്തി കൊടുത്തു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മാധവന്‍ നായര്‍ മറുപടിയും പറഞ്ഞു. എന്നാല്‍ തന്റെ അടുത്ത സിനിമയായ മൂടുപടത്തിന്റെ മേക്കപ്പ് ടെസ്റ്റിന് മദ്രാസിലെത്താന്‍ രാമു കര്യാട്ട് ക്ഷണിച്ചു. മൂന്ന് മാസം കൂടി പഠനമുണ്ടെന്നും, അത് കഴിഞ്ഞ് എത്താമെന്നും മാധവന്‍ നായര്‍ കര്യാട്ടിനോട് പറഞ്ഞു.
1963-ല്‍ മദ്രാസിലെ ചന്ദ്രതാരാ ഓഫീസില്‍ രാമു കര്യാട്ടിന്റെ ചിത്രമായ മൂടുപടത്തിന്റെ മേക്കപ്പ് ടെസ്റ്റിന് മാധവന്‍ നായരെത്തി. അന്ന് അവിടെ എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്യുന്ന പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ അഭിനയിക്കാന്‍ ഒരാളെ തിരക്കുന്ന സമയത്താണ് മാധവന്‍ നായരുടെ മേക്കപ്പ് ടെസ്റ്റ്. പിഷാരടി ചെറിയ റോളില്‍ അഭിനയിക്കാന്‍ മാധവന്‍ നായരെ വിളിച്ചതോടെ, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ മലയാള സിനിമയില്‍ മധുവെന്ന അതുല്യ താരത്തിന് ജന്മം കൊടുത്തു. ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ പ്രേം നസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു ഇത്.
1969 ല്‍ ക്വാജ അഹ്‌മദ് അബ്ബാസ് ഒരുക്കിയ സാഥ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും മധു തന്റെ അഭിനയമികവ് കാഴ്ച്ചവെച്ചു. അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും സാഥ് ഹിന്ദുസ്ഥാനിക്കുണ്ട്. സായ് പരഞ്ജ്‌പേ സംവിധാനം ചെയ്ത ‘ചകചക്’ , അനില്‍ സംവിധാനം ചെയ്ത മയയ്യ എന്നിവയാണ് മധുവിന്റെ മറ്റ് ഹിന്ദി ചിത്രങ്ങള്‍. ധര്‍മ്മ ദൊരൈ, ഒരു പൊന്നു ഒരു പയ്യന്‍, ഭരത വിലാസ് എന്നീ ചിത്രങ്ങളില്‍ രജനികാന്തിന്റെ അച്ഛനായി മധു മൂന്ന് തമിഴ് സിനിമകളും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷില്‍ ‘സണ്‍റൈസ് ഇന്‍ ദി വെസ്റ്റ്’ എന്ന സിനിമ അദ്ദേഹം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. പൂര്‍ണമായും യുഎസ്എയില്‍ ചിത്രീകരിച്ച സിനിമയാണ്. പ്രതിഭാധനരായ നിരവധി അഭിനേതാക്കളെയും സംവിധായകരെയും ഗാനരചയിതാക്കളെയും നിര്‍മാതാക്കളെയും ഗായകരെയും മറ്റ് സാങ്കേതിക വിദഗ്ധരെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
മൂടുപടം, ചെമ്മീന്‍, തുടങ്ങി നൂറു കണക്കിന് സിനിമകളില്‍ അനശ്വര കഥാപാത്രങ്ങളെ സ്യഷ്ടിച്ച മാധവന്‍ നായരെ മധുവായി ചുരുക്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. സിനിമയില്‍ അഭിനയിക്കുക മാത്രല്ല നിര്‍മിക്കുകയും, സംവിധാനം ചെയ്യുകയും പാടുകയും (രമണനില്‍) ചെയ്തിട്ടുണ്ട്. 1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിന്ദൂരച്ചെപ്പ്, സതി, നീലക്കണ്ണുകള്‍, മാന്യശ്രീ വിശ്വാമിത്രന്‍, അക്കല്‍ദാമ, കാമ ക്രോധം മോഹം, തീക്കനല്‍, ധീര സമീരേ യമുനാ തീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. മധു നിര്‍മിച്ച മിനി 1995 ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ കുടുംബക്ഷേമത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. മദ്യപാനത്തിന്റെ സാമൂഹിക പ്രശ്‌നത്തെ കേന്ദ്രീകരിച്ചാണ് ചിത്രം.
മലയാള സിനിമകള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 2004-ല്‍ കേരള സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. കലാരംഗത്തെ സംഭാവനകള്‍ക്ക് 2013ല്‍ ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 1964ല്‍ മധുവിനെ ശ്രദ്ധേയനാക്കിയ ചെമ്മീന്‍ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പായി ജയലക്ഷമിയെ വിവാഹം കഴിച്ചു. ചെമ്മീന്റെ ചിത്രീകരണം നടന്ന നാട്ടിക, വലപ്പാട് കടപ്പുറത്ത് മധുവിന്റെ കൂടെ ജയലക്ഷ്മിയും കുറച്ച് ദിവസം ഉണ്ടായിരുന്നു. 2014ല്‍ അവര്‍ മരണപ്പെട്ടു. ഇവരുടെ ഏക മകള്‍ ഉമ. malayalam actor madhu cinema career
Content Summary; malayalam actor madhu cinema career