മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ഷാഫി അന്തരിച്ചു. ശനിയാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു 56 കാരനായ ഷാഫി വിടപറഞ്ഞത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ച്ചയോളമായി അതീവഗുരുതരാവസ്ഥയിലായിരുന്നു. ഒടുവില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളും കാത്തിരിപ്പുകളും വിഫലമാക്കി അദ്ദേഹം യാത്രയായി.
ഷാഫിയുടെ മൃതദേഹം ഞായറാഴ്ച്ച രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള വസതിയില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ 9 മുതല്‍ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കലൂര്‍ ജമാഅത്ത് പള്ളിയില്‍ നടക്കും. സംവിധായകന്‍ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ഷാമിലയാണ് ഷാഫിയുടെ ഭാര്യ. അലീമ ഷെഫിന്‍, സല്‍മ ഷെറിന്‍ എന്നിവരാണ് മക്കള്‍.
രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമ പ്രവേശം. 2001 ല്‍ ജയറാം നായകനായെത്തിയ വണ്‍മാന്‍ ഷോ ആയിരുന്നു ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച വിജയം നേടിയ ആദ്യ ചിത്രം കൊണ്ട് തന്നെ ഷാഫിയിലെ സംവിധായകനെ മലയാള സിനിമ പ്രേക്ഷകന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഷാഫി മാജിക്ക് കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ദിലീപിനെ നായകനാക്കി, മലയാളത്തിലെ ഒരുപിടി താരങ്ങളെയും അണിനിരത്തി ബെന്നി പി നായരമ്പലത്തിന്റെ സ്‌ക്രിപ്റ്റില്‍ ഒരുക്കിയ കല്യാണരാമന്‍, മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ മഹാവിജയമായി മാറി. പിന്നാലെ, മായാവി, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കൊണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പി നാട്, ടു കണ്‍ട്രീസ്, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ കൊമേഴ്‌സ്യല്‍ വിജയം നേടിയ ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍. തമിഴ് ചിത്രമായ മജ(തൊമ്മനും മക്കളും) അടക്കം 18 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇവയില്‍ ബഹുഭൂരിപക്ഷവും മലയാളത്തിലെ മഹാവിജയങ്ങളായി മാറിയവയായിരുന്നു. 2022 ല്‍ റിലീസ് ചെയ്ത ആനന്ദം പരമാനന്ദം ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി ഒരുക്കിയത്. ഇനിയുമൊരു ഫാഫി ചിത്രത്തിന് കാത്തിരിക്കാന്‍ മലയാള സിനിമ പ്രേക്ഷകന് അവസരം നല്‍കാതെ അദ്ദേഹം പോകുന്നു. Malayalam film director Shafi passes away
Content Summary; Malayalam film director Shafi passes away