മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. തൃശൂര്‍ അമല ആശുുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 81 വയസുണ്ടായിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ആറ് തവണ നേടിയിട്ടുണ്ട്. ഒരു തവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിനും ജയചന്ദ്രന്‍ അര്‍ഹനായിട്ടുണ്ട്.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു ജനനം. രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. മദ്രാസില്‍ ഒരു കമ്പനിയില്‍ കെമിസ്റ്റായി ജോലി നോക്കിയശേഷമായിരുന്നു ചലച്ചിത്ര ഗാനരംഗത്തേക്ക കടന്നു വരുന്നത്.
1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനായാണ് ജയചന്ദ്രന്‍ ആദ്യം പാടുന്നത്. പി.ഭാസ്‌കരന്‍ രചിച്ച് ചിദംബരനാഥ് സംഗീതം ചെയ്ത ഗാനം. എന്നാല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമാണ് ആദ്യം പുറത്തു വന്നത്. ആ ഗാനം ജയചന്ദ്രന്റെ ചലച്ചിത്രഗാനരംഗത്തെ ചിരഞ്ജീവിയാക്കി.
1986 ലാണ് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിയത്. ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യ വിഭോ എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്. 1972 ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളെ എന്ന ഗാനത്തിന് രണ്ടാമത്തെ പുരസ്‌കാരം. ബന്ധനത്തിലെ രാഗം ശ്രീരാഗം എന്ന ചിത്രത്തിന് 1978 ല്‍ മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരം നേടി. 2000-ല്‍ നിറം എന്ന ചിത്രത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടിനും 2004 ല്‍ തിളക്കത്തിലെ നീയൊരു പുഴയായി എന്ന പാട്ടിലൂടെയും മികച്ച ഗായകനായി. 2015 ല്‍ മൂന്നു ചിത്രങ്ങളിലെ പാട്ടുകള്‍ പരിഗണിച്ച് ആറാമത്തെ പുരസ്‌കാരവും നേടി.
1994 ല്‍ കിഴക്ക് ചീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന എ ആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ പിറന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും പി ജയചന്ദ്രന് ലഭിച്ചു. 1997ല്‍ തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തലൈമാമണി പുരസ്‌കാരവും സമ്മാനിച്ചു. 2021 കേരള സര്‍ക്കാര്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി പി ജയചന്ദ്രനെ ആദരിച്ചിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ ആലാപന ഭംഗി കൊണ്ട് ജയചന്ദ്രന്‍ നിത്യഹരിതമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങള്‍ പോലെ, ഭക്തിഗാനങ്ങളിലൂടെയും മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് ജയചന്ദ്രന്‍. പുഷ്പാഞ്ജലി എന്ന ഒറ്റ ഭക്തിഗാന ആല്‍ബം മതി, മലയാളിക്ക് അവരുടെ പ്രിയപ്പെട്ട ജയേട്ടനെ എന്നെന്നും ഓര്‍മിക്കാന്‍. Malayalam legendary singer P Jayachandran passes away
Content Summary; Malayalam legendary singer P Jayachandran passes away