ഓണം, ക്രിസ്തുമസ് വെക്കേഷനുകൾ മലയാള സിനിമയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട റിലീസിന്റെ സമയങ്ങളാണ്. നിരവധി സിനിമകളാണ് ഈ കാലയളവിൽ തിയേറ്ററുകൾ നമ്മെ വരവേറ്റത്. ‘അജയന്റെ രണ്ടാം മോഷണം’, ‘കിഷ്കിന്ധാ കാണ്ഡം’ പോലുള്ള ചിത്രങ്ങൾ ഓണത്തിനിടെ വലിയ ഹിറ്റുകളായി മാറി. ഇപ്പോൾ ക്രിസ്തുമസ് വെക്കേഷന്റെ മുന്നോടിയായി വലുതും ചെറുതുമായ സിനിമകൾ തിയേറ്ററുകളിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. Malayalam movies releasing in December 2024
ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന റൈഫിൾ ക്ലബ്ബ് ഈ മാസം 19-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, എന്നിവർക്കൊപ്പം ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയിൽ മായനാദിക്ക് ശേഷം ആഷിക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നതിന്‍റെ പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തയ്യാറാക്കിയിരിക്കുന്നു. വ്യത്യസ്തമായ ശൈലിയിലൂടെ കഥ പറഞ്ഞ് ഹിറ്റടിക്കാറുള്ള സംവിധായകനാണ് ആഷിഖ് അബു. അതിനാൽ ചിത്രത്തിന്റെ പോസ്റ്ററുകൾ മുതൽ ഗന്ധർവ്വ ഗാനം എന്ന സോങ് വരെ എല്ലാ അപ്ഡേറ്റുകളും വലിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്. ആ പ്രതീക്ഷകൾ ഉയർന്നാൽ 2024 ഹിറ്റുകൾക്ക് മുന്നിൽ ഒരു വലിയ ഹിറ്റായി റൈഫിൾ ക്ലബിന് സ്ഥാനം ഉറപ്പിക്കാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ആണ് അടുത്ത പ്രധാന റിലീസ്. അണിയറപ്രവർത്തകരുടെ വാക്കുകളിൽ നിന്നും ഈ ചിത്രം ആക്ഷൻ രംഗങ്ങൾക്ക് അഭൂതപൂർവമായ പ്രാധാന്യം നൽകുന്നതായിരിക്കുമെന്ന് വ്യക്തമാണ്. “മലയാളത്തിന്റെ ഏറ്റവും വയലന്റ് സിനിമ” എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയിലെ ഫൈറ്റ് സീനുകളെക്കുറിച്ചുള്ള ആവേശം പ്രേക്ഷകർക്കിടയിൽ ഇപ്പൊഴേ ഉയർന്നു കഴിഞ്ഞു. “താൻ കണ്ട എല്ലാ കൊറിയൻ സിനിമകളേക്കാൾ മാർക്കോയിൽ അധികമായ വയലൻസ് ഉണ്ട്” എന്നാണ് സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞിരിക്കുന്നത്. സിനിമയുടെ പിന്നണി പ്രവർത്തകർ പറയുന്നതുപോലെയാണ് മാർക്കോയുടെ യാത്ര എങ്കിൽ പ്രേക്ഷകർക്കിടയിൽ മാർക്കോ ആവേശം സൃഷ്ടിക്കുമെന്ന് കരുതാം.
ക്രിസ്മസ് വെക്കേഷൻ കളറാക്കാൻ എത്തുന്ന മറ്റൊരു ഡാർക്ക് കോമഡി ചിത്രമാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ ഡി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഡിസംബർ 20 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
ഡിസംബർ 25 ന് സാന്റാക്ലോസ് മാത്രമല്ല എത്തുന്നത്. കൂടെ ഒരു ഭൂതവും ഉണ്ട്. അതെ, മലയാളി പ്രേക്ഷകർ ഏറെനാളായി കാത്തിരുന്ന മോഹൻലാലിന്റെ സംവിധാനത്തിൽ പിറവിയെടുത്ത ബറോസ് ഈ ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. സിനിമാ പ്രേമികൾക്ക് ഒരു അതിശയ വിരുന്ന് തന്നെ ആയിരിക്കും ബറോസ്. ഫാന്റസി ഡ്രാമ വിഭാഗത്തിൽ വലിയ ബഡ്ജറ്റിൽ 3Dയിൽ വരുന്ന സിനിമ ആണ് ഇത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കുഞ്ഞും അവരുടെ അത്ഭുത ലോകവുമായി ഉള്ള ഈ സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ക്രിസ്മസിന് ഒരു മികച്ച സമ്മാനം നൽകുമെന്ന് പ്രതീക്ഷിക്കാം.
ആക്ഷൻ സിനിമ പ്രേമികൾക്ക് ആക്ഷൻ സിനിമയും, കോമഡി സിനിമ കാണാൻ ഇഷ്ടമുള്ളവർക്ക് അതും, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ച് ആസ്വദിക്കാൻ പറ്റുന്ന കൗതുകകരമായ സിനിമകളും ഈ ഡിസംബറിൽ എത്തുന്നു. 2024 ന്റെ അവസാനത്തോടെ ബോക്സ് ഓഫീസിൽ ആര് സ്ഥാനം ഉറപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം.Malayalam movies releasing in December 2024
content summary; Malayalam movies set for release in December 2024.