April 20, 2025 |
Share on

‘ഫെല്ലോഷിപ്പ് ചാരിറ്റിയല്ല, വിദ്യാർത്ഥിയുടെ അവകാശമാണ്’

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിച്ച ടിസ്സിലെ മലയാളി ​ഗവേഷകൻ

ജന്ദർമന്തറിൽ നടന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള സമരത്തിൽ പങ്കാളിയായതിനെ തുടർന്ന്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(ടിസ്സ്) സസ്പെൻഡ് ചെയ്ത പിഎച്ച്ഡി വിദ്യാർത്ഥി രാമദാസ് പ്രീണി ശിവാനന്ദൻ നൽകിയ ഹർജി കഴിഞ്ഞ ആഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

പിഎച്ച്ഡി വിദ്യാർത്ഥിയും മലയാളിയുമായ രാമദാസ് പ്രീണി ശിവാനന്ദൻ വയനാട് സ്വദേശിയാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തിനെ തുടർന്ന് രാമദാസിനെ ടിസ്സ് അധികൃതർ സസ്പെൻഡ് ചെയ്തത്. ബിജെപി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടുള്ളതായിരുന്നു റാലി. റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് രാമദാസിനെ ദേശീയ വിരുദ്ധനെന്ന് വിളിച്ച ടിസ്സ്, രാമദാസ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. രാമദാസിന് പിഎച്ച്ഡി ചെയ്യാനായി കേന്ദ്ര സർക്കാരിന്റെ ​ഗ്രാന്റ് ലഭിക്കുന്നുണ്ടായിരുന്നു. തുടർന്ന് സസ്പെൻഷൻ ഉത്തരവിനെതിരെ രാമദാസ് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ആ ഉത്തരവാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

ഇത് ഒരു വിദ്യാർത്ഥിയുടെ പോരാട്ടമല്ലെന്നും മറിച്ച് വിദ്യാർത്ഥി വിദ്യാർത്ഥി സമൂഹത്തിന് നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും സസ്പെൻഷൻ റദ്ദാക്കാനുള്ള ഉത്തരവ് തള്ളിയ വിധി സുപ്രീം കോടതിയിൽ ചർച്ച ചെയ്യണമെന്നും രാമദാസ് പറഞ്ഞതായി ദ വയറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

രാമദാസിന് കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം നടപടിക്ക് വിധേയമാക്കണമെന്ന് ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ എം.എം സതായെ, എ.എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബ‍ഞ്ച് നിരീക്ഷിച്ചു. രാമദാസിന് രാഷ്ട്രീയ നിലപാടിന് അവകാശമുള്ളത് പോലെ സ്ഥാപനത്തിന് അതിന്റെ നയങ്ങൾ പ്രാവർത്തികമാക്കുന്നതിനും അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കോടതിയുടെ വിധിക്കെതിരെ രാമദാസ് എതിർപ്പ് അറിയിച്ചതായും വയറിന്റെ റിപ്പോർട്ടിൽ പറയുന്നു. കോടതി വിധി വിദ്യാഭ്യാസ ഇടങ്ങളിലെ ധാർമികതയ്ക്ക് എതിരാണെന്ന് രാമദാസ് പറഞ്ഞു. ഫെല്ലോഷിപ്പ് ചാരിറ്റിയല്ലെന്നും മത്സര പരീക്ഷയിൽ ജയിച്ച ഒരു വിദ്യാർത്ഥിയുടെ അവകാശമാണെന്നും രാമദാസ് കൂട്ടിച്ചേർത്തു.

ഗവേഷണ വിദ്യാർത്ഥികൾക്ക് ജോലിയില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാനും ഫെലോഷിപ്പ് സഹായിക്കുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെട്ടതിനാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. ഒരു സ്ഥാപനത്തിന്റെ ഓണർ കോഡിനും സർക്കുലറിനും ഇന്ത്യൻ ഭരണഘടനയേക്കാൾ പ്രാധാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പക്ഷപാതരഹിതമായി തുടരണം. ഒരു സർവകലാശാലയ്ക്ക് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനാകുമോ?, രാമദാസ് ചോദിച്ചു.

ബിജെപി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ ടിഐഎസ്എസിന്റെ പേര് പ്ലക്കാർഡിൽ പ്രദർശിപ്പിച്ചുവെന്ന് സ്ഥാപനത്തിന്റെ ആരോപണവും രാമദാസ് തള്ളിക്കളഞ്ഞു.

ടിഐഎസ്എസിലെ വിദ്യാർത്ഥി കൂട്ടായ്മയായ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ (പിഎസ്എഫ്) ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ പങ്കെടുത്തിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിക്കുന്ന ഒന്നും തന്നെ അതിൽ ഉപയോ​ഗിച്ചിരുന്നില്ലെന്നും രാമദാസ് വ്യക്തമാക്കി.

2024 ഒക്ടോബറിൽ രാമദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പ്രൊഫസർ അർജുൻ സെൻഗുപ്തയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.

Content Summary: Malayali Researcher at TISS Protests National Education Policy, Highlighting Wider Impact on Student Community

Leave a Reply

Your email address will not be published. Required fields are marked *

×