മെഗാസ്റ്റാര്‍ മമ്മൂട്ടിയും ‘സൂപ്പര്‍ സ്റ്റാര്‍’ സന്തോഷ് പണ്ഡിറ്റും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതായി വാര്‍ത്ത. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിയും ഒരുമിക്കുന്നത്. പ്രധാനപ്പെട്ടൊരു വേഷം തന്നെയായിരിക്കും സന്തോഷ് പണ്ഡിറ്റിനെന്നും വാര്‍ത്തകള്‍ പറയുന്നു.
പുലിമുരുകനുശേഷം ഉദയകൃഷ്ണ എഴുതുന്ന ചിത്രമാണിത്. രാജാധിരാജയ്ക്കു ശേഷമുള്ള അജയ് വാസുദേവിന്റെ രണ്ടാമത്തെ ചിത്രവും. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, പൂനം ബജ് വ എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍.
ഇതാദ്യമായാണു സന്തോഷ് പണ്ഡിറ്റ് മറ്റൊരാളുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃഷ്ണനും രാധയും, ട്വിന്റുമോന്‍ എന്ന കോടീശ്വരന്‍, നീലിമ നല്ലകുട്ടിയാണ് വേഴ്‌സസ് ചിരഞ്ജീവി ഐപിഎസ് എന്നീ ചിത്രങ്ങള്‍ സംവിധാനമടക്കം മിക്ക പിന്നണി പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്കു ചെയ്തും ഈ ചിത്രങ്ങളിലെല്ലാം നായകനായി അഭിനയിച്ചും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് സന്തോഷ് പണ്ഡിറ്റ്.
മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.