November 15, 2024 |
Avatar
അഴിമുഖം
Share on

ആദ്യ സിനിമയാണ്; പക്ഷേ പറയുന്നത് നമ്മുടെ ഇടയിലെ ജീവിതങ്ങളെക്കുറിച്ചാണ്- വിധു വിന്‍സെന്‍റ്/അഭിമുഖം

അഭിമുഖം – വിധു വിന്‍സെന്‍റ് / സഫിയ ഒ സി    കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്നുള്ള വിരലിലെണ്ണാവുന്ന സംവിധായികമാര്‍ മാത്രമേ തങ്ങളുടെ സിനിമകളുമായി എത്തിയിട്ടുള്ളൂ. ലിജി ജെ പുലാപ്പിള്ളി (സഞ്ചാരം), സുമ ജോസ്സന്‍ (ജന്‍മദിനം), അഞ്ജലി മേനോന്‍ (മഞ്ചാടിക്കുരു), ശാലിനി ഉഷ (അകം) തുടങ്ങിയവര്‍. അവരുടെ നിരയിലേക്ക് എന്നതിലുപരിയായി ഐ എഫ് എഫ് കെയുടെ ചരിത്രത്തിലാദ്യമായി അതിന്റെ മത്സര വിഭാഗത്തിലേക്ക് കടക്കുന്ന സംവിധായിക എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വിധു വിന്‍സെന്‍റ്. ദീര്‍ഘ കാലത്തെ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തക […]

അഭിമുഖം – വിധു വിന്‍സെന്‍റ് സഫിയ ഒ സി 

 

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്നുള്ള വിരലിലെണ്ണാവുന്ന സംവിധായികമാര്‍ മാത്രമേ തങ്ങളുടെ സിനിമകളുമായി എത്തിയിട്ടുള്ളൂ. ലിജി ജെ പുലാപ്പിള്ളി (സഞ്ചാരം), സുമ ജോസ്സന്‍ (ജന്‍മദിനം), അഞ്ജലി മേനോന്‍ (മഞ്ചാടിക്കുരു), ശാലിനി ഉഷ (അകം) തുടങ്ങിയവര്‍. അവരുടെ നിരയിലേക്ക് എന്നതിലുപരിയായി ഐ എഫ് എഫ് കെയുടെ ചരിത്രത്തിലാദ്യമായി അതിന്റെ മത്സര വിഭാഗത്തിലേക്ക് കടക്കുന്ന സംവിധായിക എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് വിധു വിന്‍സെന്‍റ്. ദീര്‍ഘ കാലത്തെ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തക എന്ന അനുഭവം കൈമുതലാക്കി താന്‍ തന്നെ സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്‍ററിയെയാണ് ഫീച്ചര്‍ സിനിമയായി വിധു മാറ്റിത്തീര്‍ത്തിരിക്കുന്നത്. മാന്‍ഹോള്‍ എന്ന സിനിമയെക്കുറിച്ചും അതിലേക്ക് വന്ന വഴികളെക്കുറിച്ചും സംവിധായിക എന്ന നിലയില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും വിധു വിന്‍സെന്‍റ്, സഫിയയോട് സംസാരിക്കുന്നു.    

സഫിയഇരുപത്തി ഒന്നാമത് കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തില്‍ ‘മാന്‍ ഹോള്‍’ പ്രദര്‍ശിപ്പിക്കുന്നതോടെ വിധു വിന്‍സന്‍റ് എന്ന സംവിധായിക IFFK-യുടെയും മലയാള സിനിമയുടെയും ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. IFFK-മത്സര വിഭാഗത്തിലേക്ക് ആദ്യമായി ഒരു മലയാളി വനിത സംവിധായികയുടെ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന രീതിയില്‍. എന്തു തോന്നുന്നു?

വിധു വിന്‍സന്‍റ് : ഒരു ചരിത്രത്തിന്‍റെ, പ്രത്യേകിച്ച് സിനിമ ചരിത്രത്തിന്‍റെ, കേരളത്തിന്‍റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ചരിത്രത്തില്‍ നമ്മളും ഭാഗവാക്കാകുന്നു എന്നതില്‍ വളരെ സന്തോഷമുള്ള കാര്യമാണ്. ഒപ്പം തന്നെ അതൊരു വലിയ ഉത്തരവാദിത്വവും കൂടിയാണ്. മുന്നോട്ടുള്ള നമ്മുടെ വഴികള്‍ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ധാരണയോടുകൂടി പോകണമെന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്. നമ്മള്‍ നമ്മളെ തന്നെ ഒന്നുറപ്പിക്കേണ്ടതുണ്ട്. മാത്രമല്ല ആദ്യത്തെ സിനിമ തന്നെ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഇടയായ സാഹചര്യം നമ്മുടെ ഉത്തരവാദിത്തം പിന്നേയും കൂട്ടുന്നു. സ്വാഭാവികമായി നമ്മുടെ അടുത്തൊരു വര്‍ക്ക് ആളുകള്‍ നോക്കും എന്നുള്ളതുകൊണ്ട് പ്രത്യേകിച്ചും. അതേസമയം അതിനു ഒരുപാട് വെല്ലുവിളികളും ഉണ്ട്. സിനിമയാണ്; വല്യ ഇന്‍വെസ്റ്റ്മെന്‍റ് വേണ്ടിവരുന്ന ഒരു സംഗതിയാണ്. ഒന്നാമത് അതിനകത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. നമ്മുടെ പേര്‍സ്പെക്ടീവില്‍ നിന്നുകൊണ്ടു കഥ പറയണം എന്നാഗ്രഹിക്കുന്ന ഒരു സാഹചര്യം ഉണ്ട്. അതേ സമയം ആളുകള്‍ക്ക് വേണ്ടുന്നത് അതുതന്നെയാണോ എന്ന സംശയം ഉണ്ട്. ആളുകളുടെ കാമനകളെ തൃപ്തിപ്പെടുത്തിക്കൊണ്ട് വേണോ നമ്മള്‍ സിനിമ ഉണ്ടാക്കാന്‍, അതോ നമ്മുടെ കാഴ്ചയില്‍ നിന്നുകൊണ്ട് അവരുടെ കാമനകളിലേക്ക് നോക്കുകയാണോ വേണ്ടത്, അപ്പോള്‍ അത് ഫിനാന്‍ഷ്യലി വയബിള്‍ ആകുമോ എന്നൊക്കെയുള്ള ഒരുപാട് സംശയങ്ങളും ഇപ്പോള്‍ ഉണ്ട്. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും ഒരുപാട് സന്തോഷമുണ്ട്.

സഫിയ: ഒരുപാട് ഫിലിം ഫെസ്റ്റിവലുകളില്‍ കാഴ്ചക്കാരിയായിട്ടും മാധ്യമ പ്രവര്‍ത്തകയായിട്ടും ഒക്കെ വിധു ഇതിന് മുന്പ് പങ്കെടുത്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം സിനിമയുമായാണ് വിധു പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നത്. ഒരുപാട് സിനിമകള്‍ കണ്ടുനടന്ന ആ ഫെസ്റ്റിവല്‍ കാലം സിനിമയ്ക്ക് ഏതെങ്കിലും രീതിയില്‍ പ്രചോദനം ആയിട്ടുണ്ടോ? അന്ന് എപ്പോഴെങ്കിലും സ്വന്തം സിനിമയുമായി ഫെസ്റ്റിവലിന് വരും എന്നു ആലോചിട്ടുണ്ടോ..?

വിധു: ഞാന്‍ 1997 ലോ 98-ലോ ഒക്കെയാണ് ഫെസ്റ്റിവലിന് വന്നു സിനിമ കാണാന്‍ തുടങ്ങിയത്. വിമണ്‍സ് കോളേജിലാണ് പഠിച്ചിരുന്നത്. ആ കാലത്തൊന്നും ഞാന്‍ സിനിമ കണ്ടിട്ടില്ല. അതിനു ശേഷം പ്രസ്സ് അക്കാദമിയില്‍ പോയി തിരിച്ചു വന്ന് സി-ഡിറ്റില്‍ ജോയിന്‍ ചെയ്ത സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുന്ന ഒരു കാലമായിരുന്നു അത്. നമ്മുടെ കയ്യില്‍ ഭക്ഷണം കഴിക്കാന്‍ പോലും ചിലപ്പോള്‍ കാശൊന്നും ഉണ്ടാവില്ല. ഉച്ചക്ക് എല്ലാരും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ ബ്രെഡ് ഒക്കെ കഴിച്ചിട്ടാണ് ഇരിക്കുന്നത്. സഫിയക്കും അറിയാലോ അത്. അങ്ങനെ വിശപ്പ് പിടിച്ച് സിനിമ കാണുന്ന ഒരു കാലമായിരുന്നു അത്. എല്ലാ അര്‍ത്ഥത്തിലും ഉള്ള വിശപ്പ്. കാഴ്ചയുടെ വിശപ്പുണ്ട്. വേറൊരു തരത്തിലുള്ള വിശപ്പുണ്ട്. നമ്മളിങ്ങനെ വിശന്നിരിക്കുമ്പോഴായിരിക്കും സ്ക്രീനില്‍ നല്ല ഭക്ഷണം ഒക്കെയുള്ള ഷോട്ടുകളോ സീനുകളോ ഒക്കെ വരുന്നത്. അപ്പോ കൂട്ടുകാരൊക്കെ കമന്റ്സ്  ഒക്കെ പറയും. അങ്ങനെ സിനിമകള്‍ കണ്ട ദീര്‍ഘമായ ഒരു കാലം ഉണ്ടായിരുന്നു.

സിഡിറ്റിലെ കോഴ്സിന് ശേഷം അവിടെത്തന്നെ ഒരു വര്‍ഷം ജോലി ചെയ്തു. അതിനു ശേഷം തിരുവനന്തപുരത്തു തന്നെ ഏഷ്യാനെറ്റില്‍ ജോലികിട്ടി. ആ സമയത്തൊക്കെ ലീവെടുത്ത് ഞങ്ങള്‍ സിനിമ കാണുമായിരുന്നു. പിന്നെ അവിടുന്നു കൊച്ചിയില്‍ പോയ ശേഷവും ലീവെടുത്തിട്ടു വരുമായിരുന്നു. തുടര്‍ച്ചയായി ഇങ്ങനെ സിനിമ കണ്ടിരുന്ന കാലം നല്‍കിയ ഒരു പ്രചോദനം ഉണ്ട്. പക്ഷേ ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു ഞാന്‍ വിചാരിച്ചിട്ടില്ല. ഞാന്‍ എപ്പോഴും വിചാരിക്കുന്നത് എനിക്കെപ്പോഴും ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണെന്നാണ്. അതേസമയം ആ സമയത്തെ കാഴ്ചകളാണ് ഒരു വിഷ്വല്‍ ലാംഗ്വേജ് രൂപപ്പെടുത്താന്‍ എന്നെ സഹായിച്ചത്. ഒരു ഷോട്ട്, അടുത്ത ഷോട്ട്, ആ ഷോട്ടില്‍ നിന്നു മറ്റൊരു ഷോട്ടിലേക്ക് എത്തുന്നതെങ്ങനെ, എന്താണ് ഇടയ്ക്ക് ചേരാത്തത്, ചേരുന്നത് അതിന്റെ ടോണ്‍ അങ്ങനെ… ഈ ദൃശ്യ ഭാഷ ഫിക്സ് ചെയ്യുക എന്നു പറയുന്നത് കാഴ്ചകൊണ്ട് മാത്രം സാധ്യമാകുന്ന ഒരു കാര്യമാണ്. അത് സാധ്യമാകുന്നതിന് എന്തെന്നില്ലാത്ത രീതിയില്‍ ഒരു സംശയവും ഇല്ല ഈ സിനിമ കാഴ്ചകള്‍ സഹായിച്ചിട്ടുണ്ട്. നമുക്കൊന്നും വേറെ ഒരു ചാന്‍സും ഇല്ല ഇത്രയും സിനിമകള്‍ ഒരുമിച്ച് കാണാന്‍. പിന്നീട് വിവാഹിതയായി കുഞ്ഞൊക്കെ ഉണ്ടായതിന് ശേഷം പഴയതുപോലെ സിനിമകള്‍ കാണാന്‍ പറ്റിയിട്ടും ഇല്ല. പിന്നെ IFFK കാലത്ത് ഒരുപാട് പേരുടെ സിനിമകള്‍ കാണുന്നു, അവരില്‍ പലരോടും  സംസാരിക്കുന്നു. സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ നമ്മള്‍ കണ്ട സിനിമ എടുത്ത ആളുകളെ കാണുന്നത് തന്നെ വലിയ കാര്യമായിരുന്നു. അങ്ങനെ കാഴ്ചയുടെയും കേള്‍വിയുടെയും ഒരുകാലം പ്രത്യേകിച്ചും ദാരിദ്ര്യത്തിന്റെ ഒരു കാലം, അതൊക്കെ  ഒരനുഭവം തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോഴാണ് ഉറപ്പായിട്ടും നമ്മുടെ ലാംഗ്വേജ് ഫിക്സ് ചെയ്യപ്പെടുന്നത്. ആ ലാംഗ്വേജില്‍ നടക്കാനും ചവിട്ടി ഉറയ്ക്കാനും ഒക്കെ തുടങ്ങുന്നത് അങ്ങനെയാണ്.

ഞാന്‍ കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ആലോചിച്ചു. നമ്മള്‍ അന്ന് ഒരു സംഘം ഉണ്ടായിരുന്നല്ലോ. അവരില്‍ എത്രപേര്‍ ഇത്തവണ സിനിമ കാണാന്‍ ഉണ്ടാകും, അവരില്‍ ഒരാളുടെ സിനിമ ഇവിടെ ഇങ്ങനെ കാണുന്നു, അത് നമുക്ക് വലിയ സന്തോഷം ഉണ്ടാക്കുമല്ലോ. നമ്മളന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നു. ഇപ്പോ എന്റെ ഫ്രണ്ടിന്റെ സിനിമ ആണെങ്കില്‍ പോലും ഒരുപാട് സന്തോഷം തോന്നും. ഒരുപാട് സുഹൃത്തുക്കള്‍ കണ്ട സ്വപ്നം യഥാര്‍ഥ്യമാകുന്നതിന്‍റെ സന്തോഷമാണത്.

സഫിയ: Caste of Cleanliness (വൃത്തിയുടെ ജാതി) എന്ന ഡോക്യുമെന്‍ററിയില്‍ നിന്നാണ് ഇങ്ങനെ ഒരു സിനിമ ഉണ്ടാകുന്നത്. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് നേരെ മുഖ്യധാരാ സിനിമകള്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയില്‍ തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിക്കുന്നത്. എന്തായിരുന്നു അതിലേക്കു എത്താനുള്ള കാരണം?

വിധു: ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റെതായ പരിമിതികള്‍ ഉണ്ട്. എത്ര തന്നെ എഫക്ടീവായിട്ട് നമ്മള്‍ ചെയ്താലും അത് എത്രതന്നെ കാഴ്ചക്കാരിലേക്ക് എത്തുന്നു, എത്ര പ്രേക്ഷകര്‍ ഉണ്ടാകുന്നു എന്നതൊക്കെ വിഷയമാണ്. പിന്നെ ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല. ഡോക്യുമെന്ററി ചെയ്തതതിന് ശേഷം ഞാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ഫോളോ അപ് സ്റ്റോറികള്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ എത്ര സ്റ്റോറികള്‍ ചെയ്യുമ്പോഴും, ആ സ്റ്റോറികള്‍ നമുക്ക് അംഗീകാരങ്ങള്‍ നേടിത്തരുമ്പോഴും അവരുടെ ജീവിതാവസ്ഥ മാറുന്നില്ല. അതിങ്ങനെ തുടരുകയാണ്. അത് നമുക്കുണ്ടാക്കുന്ന ഒരു ഭയങ്കര പ്രശ്നം ഉണ്ട്. എനിക്കത് ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു സബ്ജക്ട് മാത്രമായി കാണാന്‍ പറ്റിയില്ല. ഡോക്യുമെന്‍ററി എന്നതിനപ്പുറം ഒരു മീഡിയത്തിലേക്ക് അത് എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ഒരു ലാര്‍ജര്‍ ഓഡിയന്‍സിനോട് ഇത് സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. ആ സംസാരത്തിനും കാഴ്ചയ്ക്കും ഒക്കെ ഒരു സോഷ്യല്‍ ചേഞ്ചിലേക്ക്  അതിനെ മാറ്റാന്‍ സാധിക്കുമോ എന്നൊക്കെയുള്ള ഒരു ആലോചന ഉണ്ടായി. ബേസിക്കലി എന്റെ ഉള്ളില്‍ ഒരു ആക്റ്റിവിസ്റ്റ് ഉള്ളത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ ആലോചിച്ചത്. അങ്ങനെയാണ് ഒരു സിനിമയുടെ ക്യാന്‍വാസിനെ കുറിച്ച് ആലോചിക്കുന്നതും എന്‍റെ സുഹൃത്തിനോട് ഇത്തരമൊരു കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും.  നമ്മള്‍ തന്നെ കേട്ട പല മനുഷ്യരുടെ കഥ ഒരു പേര്‍സ്പെക്ടീവില്‍ ചരടില്‍ കോര്‍ക്കുന്നതും കഥയാക്കുന്നതും ഒക്കെ. അതൊരു വൈഡര്‍ പേര്‍സ്പെക്ടീവില്‍ അവതരിപ്പിക്കണം എന്നു തോന്നി. ഡോക്യുമെന്‍ററിയുടെ ഒരു പ്രശ്നം എന്നു പറയുന്നതു നമ്മള്‍ റിയാലിറ്റിയാണ് ഷൂട്ട് ചെയ്യുന്നത്. അവര്‍ ജീവിതത്തില്‍ സംഭവിച്ച കാര്യം നമ്മളോട് പറയുകയാണ്. പലപ്പോഴും ടോക്കിംഗ് ഹെഡ്സ് ആയിട്ടാണ് ഡോക്യുമെന്ററി നമ്മുടെ മുന്നില്‍ വരുന്നത്. പലപ്പോഴും അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അതിന്‍റെ ഭൂതാവസ്ഥയില്‍ നമുക്ക് കാണിക്കാന്‍ പറ്റില്ല. അപ്പോ അത് റിക്രിയേറ്റ് ചെയ്യുകയെ മാര്‍ഗ്ഗം ഉള്ളൂ.

ഈ സിനിമ പ്രധാനമായും ഭരണകൂടം ഇവര്‍ക്ക് നേരെ നടത്തുന്ന ഒരു ഡിനയലിനെ കുറിച്ചിട്ടാണ്. അതെന്താണെന്ന് വെച്ചാല്‍ ഒരു ജോലി, ഒരു തൊഴില്‍  ഇല്ല എന്ന്‍ അവര്‍ പറയുന്നു. സ്വാഭാവികമായിട്ടും ഇത്തരമൊരു തൊഴില്‍ ഇല്ല എന്നു ഭരണകൂടം പറയുമ്പോള്‍ ആ തൊഴില്‍ ചെയ്യുന്നവരും ആ തൊഴില്‍ ചെയ്യുമ്പോള്‍ അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടാകുന്നവര്‍ക്കും മരിച്ചുപോകുന്നവരുടെ കുടുംബത്തിന് നഷ്ട പരിഹാരം കൊടുക്കേണ്ട ബാധ്യതയില്‍ നിന്നും ഒക്കെ ഭരണകൂടത്തിന് അല്ലെങ്കില്‍ സ്റ്റേറ്റിന് മാറി നില്ക്കാന്‍ പറ്റുന്നുണ്ട്. Manuel scavengers ഇല്ല എന്ന്‍ സര്‍ക്കാര്‍ പറയുന്നു. അതേസമയം ആ പണി ചെയ്തു ജീവിതം പോയ ഒരുപാട് ആള്‍ക്കാരുണ്ട്. ഇവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് നമ്മള്‍ ഡീല്‍ ചെയ്യുന്നത്. ഭരണകൂടം അതില്ല എന്നു പറയുന്നു. നിരന്തരമായ ഡിനയലിലൂടെ ഒരു തൊഴിലിനെ നിഷേധിക്കുകയും നിയമത്തിന്‍റെ കൂട്ട് പിടിച്ചുകൊണ്ടു ആ തൊഴില്‍ ചെയ്യുന്ന കുറെ ജീവിതങ്ങളുടെ എക്സിസ്റ്റന്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നതെങ്ങനെ എന്നുള്ള ഒരു അന്വേഷണമാണ് നമ്മള്‍ ഇതിനകത്ത് നടത്താന്‍ ശ്രമിച്ചത്. അവരുടെ അതിനോടുള്ള ഒരു പ്രതികരണം ഒക്കെയായിട്ടാണ് ഇതിന്‍റെ ഒരു കൈമാക്സ് വരുന്നത്.

സഫിയ: മുഖ്യധാരാ ചരിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ട, സമൂഹം എപ്പോഴും പുറംപോക്കിലേക്ക് മാറ്റി നിര്‍ത്തിയവരാണ് ഈ ജോലി ചെയ്തിരുന്നവര്‍. തകഴിയുടെ തൊട്ടിയുടെ മകന്‍ എന്ന നോവല്‍ വായിക്കുമ്പോഴാണ് നമ്മളില്‍ പലരും ഇങ്ങനെയൊരു വിഭാഗം ആളുകളെ കുറിച്ചൊക്കെ അറിയുന്നതു തന്നെ. അതിനുശേഷം നമ്മുടെ സിനിമയായാലും സാഹിത്യമായാലും ഇത്തരം അരിക് ജീവിതങ്ങളെ  പ്രധിനിധീകരിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതിലെ വെല്ലുവിളികളെ എങ്ങിനെയാണ് അതിജീവിച്ചത്..?

വിധു: ഒരുപാട് വെല്ലുവിളികള്‍ ഉണ്ട്. പ്രോഡ്യൂസറെ കിട്ടുക എന്നത് തന്നെയാണ് ഏറ്റവും വല്യ വെല്ലുവിളി. ഈ സിനിമ കണ്ട സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞത് ഇത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ മെസേജ്. ഇത് ഷോക്ക് ആകുന്നത് ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ്. നമ്മള്‍ ഇവരുടെ ഇടയിലാണോ ജീവിക്കുന്നത്, ഇവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്. ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട് നിങ്ങളുടെ വീട്ടില്‍ കക്കൂസ് മാലിന്യം നീക്കം ചെയ്യാന്‍ ആരെങ്കിലും എപ്പോഴെങ്കിലും വന്നിട്ടുണ്ടോ എന്ന്. അപ്പോ വന്നിട്ടുണ്ട് അത് രാത്രിയിലല്ലേ അവര്‍ വരുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഇവരെ കാണാത്തത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്‍റെ വീട്ടിലൊക്കെ കക്കൂസ് വൃത്തിയാക്കാന്‍ ആളുകള്‍ വരുന്നത് രാത്രിയിലാണ്. അവര്‍ വരുമ്പോഴേക്കും ഞങ്ങളെയൊക്കെ ഉറക്കും. കാരണം അത് തുറക്കുമ്പോഴേക്കും ഭയങ്കരമായ ദുര്‍ഗന്ധം ഉണ്ടാകും. എന്നിട്ട് ഈ മനുഷ്യര്‍ രാത്രിയില്‍ എപ്പോഴോ പണി തീര്‍ത്തു പോകുകയും ചെയ്യും. നമ്മള്‍ വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനെയാണ് നമ്മള്‍ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്.

ആ റിയാലിറ്റിയെ എങ്ങിനെ നമ്മള്‍ കാണിക്കും. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും മലം എന്ന് പറയുന്നത് എല്ലാവരുടെ ഉള്ളിലും ഭങ്കരമായ വെറുപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഭക്ഷണം കഴിക്കുന്നത് എത്ര ആസ്വദിച്ചാണെങ്കിലും അത് പുറത്തേക്ക് പോകുന്നത് അത്ര വെറുക്കുന്ന വസ്തുവായിട്ടാണ്. അത് വൃത്തിയാക്കുന്ന പണിചെയ്യുന്ന മനുഷ്യരോടും പൊതുവേ ആളുകള്‍ക്ക് ഒരു വെറുപ്പുണ്ട്. അവരെ സമൂഹം മാറ്റി നിര്‍ത്തുന്ന ഒരവസ്ഥയുണ്ട്. തോട്ടിയുടെ മകനില്‍ ചുടലമുത്തു പറയുന്ന ഒരു കാര്യമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളെ വേണം. ഇവരൊക്കെ ഇങ്ങനെ വൃത്തിയായി നടക്കുന്നത് ഞങ്ങള്‍ ഉള്ളത് കൊണ്ടാണ്, അല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. അതൊരു വലിയ യാഥാര്‍ഥ്യമാണ്. അത് എങ്ങനെ പുറത്തുകൊണ്ടുവരാന്‍ പറ്റും എന്നൊരു ആലോചന ഇതിലുടനീളം ഉണ്ടായിരുന്നു. പിന്നെ ഇതിനകത്ത് അഭിനയിച്ചവരില്‍ ആ കോളനിയില്‍ നിന്നുള്ള ആളുകള്‍ ഉണ്ട്. ഇവരൊക്കെ എത്രയോ നാളുകളായിട്ട് എന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ്. ഫിലിമിന്‍റെ സ്ക്രിപ്റ്റ് കണ്‍സല്‍റ്റന്‍റായിട്ടുള്ള ഒരു ചങ്ങാതിയുണ്ട്, ഈ സഫായി കര്‍മ്മചാരി സമിതിയുടെ ബല്‍സാദാ വില്‍സന്റെ, ഈയിടെ മാഗ്സസെ അവാര്‍ഡ് കിട്ടിയ ആളില്ലേ, അയാളുടെ കൂടെ പ്രവര്‍ത്തിക്കുന്ന ആളാണ്. കേരളത്തിലെ സഫായി കര്‍മ്മചാര സമിതിയുടെ പ്രചാരകനും കൂടിയിട്ടാണ്. ആ നിലയില്‍ ഒരു രാഷ്ട്രീയ അവബോധവും കൂടെയുള്ളവരാണ് ഇവര്‍. അതുകൊണ്ട് തന്നെ വേറൊരു തലത്തില്‍ പൊളിറ്റിസൈസ്ഡ് ആയിട്ടാണ് അവരും ഈ സിനിമയെ സ്വീകരിച്ചത്. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

നമ്മള്‍ മുഖ്യധാരാ എന്ന് വിചാരിക്കുന്ന ഒരുവിഭാഗം ആള്‍ക്കാര്‍, അങ്ങനെ അല്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ആളുകള്‍. അങ്ങനെ ആരാണ് വിചാരിക്കുന്നത് എന്ന പ്രശ്നം വേറെയുണ്ട്. ഈ ഷൂട്ടിംഗിന്‍റെ ഇടവേളയിലൊക്കെ ആളുകള്‍ ഇതിനെക്കുറിച്ചു സംസാരിക്കുകയും കോളനിയില്‍ നിന്നുള്ള ആളുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും മറ്റുള്ളവര്‍ അത് കേള്‍ക്കുകയും അതുതന്നെ മൊത്തത്തില്‍ നല്ലൊരു അനുഭവമായി എനിക്കു തോന്നി. അങ്ങനെ ആളുകള്‍ക്ക് ഇടപഴകാനും പരസ്പരം അറിയാനും ഒക്കെ അവസരം ഉണ്ടാവുകയാണ്. വാസ്തവത്തില്‍ ഞാന്‍ എന്‍റെ ക്യാമറകൊണ്ട് കാര്യങ്ങള്‍ ചിത്രീകരിക്കുന്നത് പോലെയാണ് അവര്‍ മണ്‍വെട്ടി കൊണ്ട് മലം കോരിക്കളയുന്നത്. ഞാന്‍ ഇത് വെച്ചിട്ടു വേറൊരുതരം വൃത്തിയാക്കലിനെ കുറിച്ച് പറയുന്നു. അവര്‍ മണ്‍വെട്ടികൊണ്ട് വേറൊരു വൃത്തിയാക്കല്‍ ചെയ്യുന്നു. ഈ രീതിയിലുള്ള പരസ്പരം മനസിലാക്കലുകളും ഇടപെടലുകളും ഷൂട്ടിംഗില്‍ ഉടനീളം ഉണ്ടായി എന്നുള്ളത് അതിന്‍റെ വേറൊരു വശമാണ്. എനിക്കു തോന്നുന്നു സിനിമ നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം കൂടെയാകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അത് ഫ്രെയിമില്‍ എത്തുമ്പോള്‍ മാത്രമല്ല നമ്മള്‍ അതിനകത്ത് ജോലി ചെയ്യുമ്പോഴും അതിനകത്തുള്ള മനുഷ്യരുമായി ഇടപെടുമ്പോഴും ഒക്കെ വളരെ പ്രധാനം തന്നെയാണ്.

‘തോട്ടിയുടെ മകന്‍’ വായിക്കുമ്പോള്‍ ഭങ്കരമായ ഒരു ഭൌതിക ദാരിദ്ര്യത്തെക്കുറിച്ച് അതിനകത്ത് നമുക്ക് കാണാം. ചുടലമുത്തുവിന്റെ അച്ഛന്‍ കഞ്ഞിവെള്ളം പോലും കുടിക്കാനില്ലാതെ ഇരിക്കുന്നതും അയാള്‍ക്ക് ഉണ്ടാകുന്ന കുറ്റബോധവും ഒക്കെ. പക്ഷേ തോട്ടിയുടെ മകന്‍ ഉണ്ടായിക്കഴിഞ്ഞു ഇത്രയും കാലത്തിനു ശേഷം നമ്മള്‍ നോക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു ഭൌതികമായ ദാരിദ്യം ഈ മനുഷ്യരെ ഇപ്പോള്‍ അലട്ടുന്നില്ല. അതേസമയം വേറൊരു തലത്തില്‍ ഒരു lack of dignity, not the lack of material wealth, അന്തസ്സിന്റെ ഒരു കുറവാണ് അവരെ അലട്ടുന്നതെന്ന് അവിടെ ഉള്ള മനുഷ്യര്‍ തന്നെ പറയുന്നു. എവിടെയാണ് ഈ അന്തസ്സ് അവര്‍ക്ക് പ്രശ്നമാകുന്നത്. അഥവാ എന്തു തരം അന്തസ്സില്ലായ്മയിലാണ് ആ മനുഷ്യര്‍ ജീവിക്കേണ്ടി വരുന്നത് എന്നുള്ളതാണ്. അപ്പോഴാണ് അതിനകത്ത് ജാതി കടന്നുവരുന്നത്.

 

ഒരു പ്രത്യേക ജാതിയില്‍ പെടുന്ന മനുഷ്യര്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യുന്നുള്ളൂ എന്ന യാഥാര്‍ഥ്യം ഉണ്ട്. ഇപ്പോ പല ആള്‍ക്കാരും ഇത്തരം ജോലികളിലേക്ക് വരുന്നുണ്ടെങ്കിലും അധികവും ഈ പണികള്‍ കൃത്യമായും ഈ ജാതിയിലുള്ള ആള്‍ക്കാര്‍ തന്നെയാണ് ചെയ്യുന്നത് എന്നുള്ളതാണ് യഥാര്‍ഥ്യം. നമ്മുടെ ഒരു സാമൂഹ്യ ശ്രേണിയില്‍ ജാതിയും തൊഴിലും തമ്മിലുള്ള ബന്ധം ഇപ്പോഴും പഴയതുപോലെ തന്നെ കുറെയെങ്കിലും അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്നൊരു യാഥാര്‍ഥ്യം ഉണ്ട്. സര്‍ക്കാരും കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളുമൊക്കെ പറയുന്നത്, ഇത് ഭയങ്കര മേക്കനൈസ്ഡായി എല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നത് എന്നു പറയുമ്പോഴും അതൊന്നുമല്ല യാഥാര്‍ഥ്യം. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ആള്‍ക്കാര് നേരെ കുഴിയില്‍ ഇറങ്ങുന്ന കാഴ്ചകള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. Manual scavengers ഇല്ലെന്നു സര്‍ക്കാര്‍ പറയുമ്പോഴും its there എന്നു പണി ചെയ്യുന്ന ആള്‍ക്കാര്‍ പറയുന്നതാണ് നമ്മള്‍ ഡോക്യുമെന്ററിയില്‍ പറയാന്‍ ശ്രമിച്ചത്. മലം കോരുന്ന പണി തന്നെയാണ് ഞാന്‍ ഇപ്പൊഴും ചെയ്യുന്നത് എന്ന്‍ അവര്‍ തന്നെ പറയുകയാണ്. 13000-ത്തോളം ആളുകള്‍ കേരളത്തില്‍ ഈ പണി മാത്രം ചെയ്യുന്നുണ്ട് എന്ന്‍ 2011-ലെ സെന്‍സസ് റിപ്പോര്‍ട് പറയുന്നുണ്ട്. അതൊരു ഞെട്ടിക്കുന്ന കണക്കാണ്. ഈ കണക്ക് ഉള്ളപ്പോഴാണ് നിയമസഭയില്‍ കേരളത്തില്‍ Manual scavangers ഇല്ല എന്നു പറയുന്നത്. എന്താണ് വാസ്തവം, എവിടെയാണ് വാസ്തവം എന്നാണ് നമ്മള്‍ ഡോക്യുമെന്‍ററിയിലൂടെയും സിനിമയിലൂടെയും കാണിക്കാന്‍ ശ്രമിക്കുന്നത്.

സിനിമയെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഭാഷ വളരെ പ്രധാനമാണ്. സിനിമാറ്റിക് ആയിരിക്കണം. അതിനകത്ത് ആള്‍ക്കാര്‍ക്ക് കണ്ടുകൊണ്ടിരിക്കാനുള്ള ഇമോഷന്‍സ് വേണം, കഥ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്ന രീതിയില്‍ പറയാന്‍ പറ്റണം. അതിനൊരു ഘടന വേണം. ഒരു നിശ്ചിത സമയത്തില്‍ അതിനെ ഒതുക്കുകയും വേണം. പറയാനുള്ള പോയിന്‍റ് കൃത്യമായി പറഞ്ഞ് അതിലേക്കെത്തിക്കാന്‍ കഴിയണം. അതിനകത്തെ ആള്‍ക്കാര്‍ നന്നാവണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.

സഫിയ: ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണോ അതോ ഒരു സിനിമ സംവിധായിക എന്ന നിലയിലാണോ കൂടുതല്‍ എളുപ്പം..?

വിധു: രണ്ട് രീതിയിലും ഒരുപക്ഷെ അത് നമ്മളെ സഹായിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതിന്റെ ഒരു തോട്ട് കിട്ടുന്നത് മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നാണ്. അടുത്തു നമ്മള്‍ ചെയ്യണം എന്നു കരുതുന്ന സിനിമയുടെ ബീജം അടക്കം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നമ്മള്‍ കണ്ടിട്ടുള്ള ആളുകളുടെ ജീവിതത്തില്‍ നിന്നാണ്. മാധ്യമ പ്രവര്‍ത്തകരുടെ ഒരു ഗുണം എന്നു പറയുന്നത് ഓരോ ദിവസവും നമ്മള്‍ കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതവും അനുഭവവും ഉള്ള മനുഷ്യരെയാണ്. എല്ലാരുടെയും കാര്യത്തില്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്റെ കാര്യത്തില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് അല്ലെങ്കില്‍ ക്യാബിനറ്റ് ബേസ് ചെയ്തു റിപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ അല്ല എന്നുള്ളത് കൊണ്ടുതന്നെ അല്ലാത്ത സ്ഥലങ്ങളിലാണ് നമ്മള്‍ ജീവിതങ്ങളെ അന്വേഷിച്ചു പോകുന്നത്. നിങ്ങള്‍ എന്തു തരത്തിലുള്ള അന്വേഷണമാണ് മാധ്യമ പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത് എന്നത് പ്രധാനമാണ്. മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത്തരം ജീവിതങ്ങളിലെ ഒരു പ്രത്യേക ഇഷ്യൂ മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. അത് മാത്രമായിരിക്കും അവര്‍ക്ക് പരിഹരിച്ചു കിട്ടേണ്ട സംഗതിയും. ആ ഒരു റിപ്പോര്‍ട്ട് കൊണ്ട് അവരുടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. നമ്മളെ സംബന്ധിച്ചിടത്തോളം അത് വേറൊരു തരത്തില്‍ കിടക്കുന്നുണ്ട്. അവര്‍ക്ക് നാളെ വേറൊരു ഇഷ്യൂ ഉണ്ടാവാം. ഈ ഇഷ്യുവിന്റെയെല്ലാം അടിസ്ഥാനം അവരുടെ വേറൊരു തലത്തിലുള്ള ജീവിതാവസ്ഥ ആയിരിക്കാം. അല്ലെങ്കില്‍ ഈ ശ്രേണീബദ്ധ സമൂഹത്തില്‍ അവര്‍ എവിടെ നില്ക്കുന്നു എന്നുള്ളതായിരിക്കാം അവരുടെ പ്രശ്നം. അങ്ങനെ നമുക്ക് അതിനെ കാണാന്‍ പറ്റുമെങ്കില്‍ അതായിരിക്കാം നമ്മുടെ ത്രഡ്. ആ ത്രഡിനെ നമ്മള്‍ വലിയൊരു ക്യാന്‍വാസിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്. സിനിമ നമുക്ക് കഥ പറയാന്‍ പറ്റുന്ന വലിയ മാധ്യമമാണല്ലോ. അത്രയും ശക്തമായിട്ട് നമുക്ക് പറയാന്‍ പറ്റുമെങ്കില്‍ അത് കാണാന്‍ ഒരുപാട് ജനങ്ങള്‍ ഉണ്ടാകും. റിപ്പോര്‍ട്ടിംഗ് പോലെയല്ല. സിനിമയ്ക്ക് അതിനെക്കാള്‍ വലിയ പവര്‍ ഉണ്ട്. അത് എത്തുന്ന തലങ്ങള്‍ വളരെ വലുതാണ്. ഇപ്പോള്‍ മാന്‍ഹോളിനെക്കുറിച്ച് വായിച്ച എത്രയോ ആള്‍ക്കാര്‍ സിനിമ കാണാന്‍ താത്പര്യപ്പെടുന്നുണ്ടാവാം. സിനിമ കാണുന്നത് ഒരു ന്യൂസ് സ്റ്റോറി കാണുന്നത് പോലെയായിരിക്കില്ല. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന റിസള്‍റ്റ് വളരെ വലുതാണ്.

സഫിയ: മുഖ്യധാരാ സിനിമകളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുന്ന ഇത്തരം വിഷയം സിനിമയാക്കുമ്പോള്‍ പ്രോഡ്യൂസറെ കണ്ടെത്തുക, വിതരണക്കാരെ കണ്ടെത്തുക എന്നതൊക്കെ വലിയ വെല്ലുവിളിയാണല്ലോ. പ്രത്യേകിച്ച് ഈ രംഗത്തെ പുതിയ ആളെന്ന നിലയില്‍?

വിധു: ഞങ്ങള്‍ സത്യത്തില്‍ പ്രൊഡ്യൂസറെ അന്വേഷിച്ച് വീട്ടില്‍ ഇങ്ങനെ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ചെയ്ത ഉമേഷും ഞാനും വേറെ ഒന്നുരണ്ട് സുഹൃത്തുക്കളും ഉണ്ട്. കൊല്ലത്തെ വീട്ടിലാണ്. രണ്ടുമൂന്നു ദിവസം ഞങ്ങളിങ്ങനെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്, അപ്പോ എന്റെ പപ്പ പറഞ്ഞു കുറച്ചു പൈസ ഞാന്‍ തരാന്ന്. എന്നാലത് പോരട്ടേന്നു ഞങ്ങളും വിചാരിച്ചു. ടോട്ടല്‍ പതിനഞ്ചു ലക്ഷം രൂപയാണ് ഞങ്ങള്‍ക്ക് ചിലവായത്. അതിന്‍റെ പകുതിയിലധികം പപ്പ തന്നു. അതുകൊണ്ട് കുറെ പണികള്‍ ചെയ്തു. പിന്നെ ചെറിയ ചെറിയ തുകകള്‍ ഞങ്ങള്‍ കുറെയധികം സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങി. അങ്ങനെയാണ് സിനിമ തീര്‍ത്തത്. എന്നെപ്പോലുള്ളവര്‍ ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന കാര്യം എന്താന്നുവെച്ചാല് എങ്ങനെ ഇന്‍വെസ്റ്റേര്‍സിനെ കണ്ടെത്തും എന്നുള്ളതാണ്. എല്ലാ പ്രാവശ്യവും വീട്ടില്‍ നിന്നു കാശെടുക്കാന്‍ പറ്റില്ലല്ലോ. സ്ത്രീകള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഇതൊരു വലിയ ജോലിയാണ്.

 

കഴിഞ്ഞ ഓഗസ്ത് മുതല്‍ ഇന്നുവരെ ഇതിങ്ങനെ ഓരോരോ പണികളായി ചെയ്തു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടേത് വല്യ ടീം അല്ലാത്തതുകൊണ്ട് തന്നെ ഞാനും ഉമേഷും കൂടിയാണ് ഓരോ കാര്യങ്ങളും മാറി മാറി ചെയ്യുന്നത്. അതിനു വേണ്ടി വരുന്ന ഊര്‍ജ്ജം, സമയം, പണം. നമ്മള്‍ സ്ത്രീകള്‍ പലരും കുടുംബസ്ഥകളാണ്. മക്കളുണ്ട്, ഭര്‍ത്താവുണ്ട്. അവര്‍ക്ക് എത്ര സമയം മാറ്റിവെക്കാന്‍ വേണ്ടി കിട്ടും. ഒരു കഥ എഴുതുന്ന പാട് എങ്ങനെയാണെന്ന് കഥാകാരികളായ പല കൂട്ടുകാരികളും പറഞ്ഞിട്ടുണ്ട്. ഞാന്‍ വിചാരിക്കുന്നു വെറുതെയല്ല സ്ത്രീകള്‍ ഇതിനകത്തേക്ക് വരാത്തത് എന്ന്‍. കാരണം അത്രയും സ്ട്രഗിളാണ്. ഞാന്‍ ഈ വര്‍ക്ക് തുടങ്ങിയതിന് ശേഷം മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്‍റെ മകളെ കണ്ടത്. അവള്‍ക്ക് മാറി നിന്നു പഠിക്കാന്‍ ഒരു സ്ഥലം ഉള്ളതുകൊണ്ടും അവളെ കെയര്‍ ചെയ്യാന്‍ ആളുകള്‍ ഉള്ളതുകൊണ്ടുമാണ് ഞാന്‍ ആ വിഷയം ആലോചിക്കേണ്ടി വരാത്തത്. എത്ര സ്ത്രീകള്‍ക്ക് അത് സാധിക്കും. അതുകൊണ്ട് തന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനു വിശ്വാസവും കുറവാണ്. ഇവര് പകുതിയാവുമ്പോള്‍ നിര്‍ത്തിപ്പോകില്ലേന്ന് പൈസ മുടക്കുന്നവര്‍ സംശയിക്കും. അതുകൊണ്ടു തന്നെ മലയാള സിനിമാ സംവിധാന രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീ സാന്നിധ്യം മാത്രമേയുള്ളൂ. പുരുഷന്മാര്‍ കഥയെഴുതാന്‍ മുറിയെടുത്തിരിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് പലപ്പോഴും പറ്റില്ല. എത്രമാത്രം വ്യത്യസ്തമാണ് സ്ത്രീയുടെയും പുരുഷന്റെയും ക്രിയേറ്റീവ് ലോകം. സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ പഠിച്ച് ഒരു ജോലി നേടുന്നത് തന്നെ വലിയ ഒരു കാര്യമാണ്.

മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നു കുറച്ചു കാലം മാറി നിന്നത് എന്നെ ഒരര്‍ഥത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാഴ്ചകളെ വ്യത്യസ്തമായി കാണാനും ജീവിതത്തോട്  വ്യത്യസ്തമായ ഒരു സമീപനം എടുക്കാനും ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ റീ ഡിസൈന്‍ ചെയ്യാനും അത് സഹായിച്ചു. വീണ്ടും തിരിച്ചു മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ ഞാന്‍ കൂടുതല്‍ റിഫ്രഷ് ആയിട്ടാണ് വരുന്നത്. അപ്പോള്‍ എന്‍റെ ചിന്തയുടെ പവറും ലാംഗ്വേജ് പവറും കൂടി. അതൊരു തൊഴില്‍ എന്നതിനപ്പുറം ജീവിതത്തിന്റെ ഭാഗം തന്നെയായി മാറി. നമ്മള്‍ കാഴ്ചയെ റിഫ്രഷ് ചെയ്യാന്‍ തീരുമാനിക്കുമ്പോഴാണ് അതൊരു സോ കോള്‍ഡ് തൊഴില്‍ അല്ലാതായി മാറുന്നതും അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നതും. അങ്ങനെ അതിനെ നിര്‍വ്വചിക്കാന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം ട്രൂത്ത് ഫുള്‍ ആകുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.

സഫിയ: സിനിമയുടെ റിലീസിംഗ് എപ്പോഴാണ്? 

വിധു: അങ്ങനെയൊന്നും ഇതുവരെ ആലോചിച്ചില്ല. നമ്മുടെ ആദ്യ ആലോചന സര്‍ക്കാര്‍ തിയറ്ററുകളിലൂടെ  ഇത് ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ്. ആ രീതിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. IFFK തിരക്കുകള്‍ കഴിഞ്ഞിട്ടേ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഇപ്പോള്‍ സെന്‍സറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. കുറച്ചു ഫെസ്റ്റിവലുകളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സഫിയ: സിനിമയിലെ അഭിനേതാക്കളെ കുറിച്ച്?

വിധു: കറുത്ത മുത്ത് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന രേണു സൌന്ദര്‍ ആണ് ഇതില്‍ പ്രധാന കഥാപാത്രമായ ശാലിനിയായി വേഷമിടുന്നത്. അവളുടെ അമ്മയായ പാപ്പാത്തിയായിട്ട് അഭിനയിക്കുന്നത് തിയറ്റര്‍ ആര്‍ട്ടിസ്റ്റും ആക്റ്റിവിസ്റ്റുമായിട്ടുള്ള ശൈലജയാണ്. ഇവളുടെ അച്ഛനായിട്ട്, അതായത് മാന്‍ഹോളില്‍ ജോലിചെയ്യുന്ന ആളായിട്ട് അഭിനയിക്കുന്നത് രവികുമാര്‍ എന്ന ഒരു ഓട്ടോ ഡ്രൈവറാണ്. പുള്ളി ഈ കമ്മ്യൂണിറ്റിയില്‍ നിന്നുതന്നെയുള്ള ആളാണ്. പുള്ളി ഈ ജോലി ഞാന്‍ ചെയ്യില്ല, ഞാന്‍ ചെയ്താല്‍ എന്‍റെ മക്കളും ചെയ്യേണ്ടിവരും എന്നു തിരിച്ചറിഞ്ഞ് ഓട്ടോ ഓടിക്കാന്‍ തീരുമാനിച്ച ആളാണ്. പിന്നെ മാധ്യമ പ്രവര്‍ത്തകരായ സി ഗൌരീദാസന്‍ നായര്‍, സണ്ണിക്കുട്ടി എബ്രഹാം എന്നിവര്‍ ചെറിയ വേഷത്തില്‍ വരുന്നുണ്ട്. സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ സജി തുളസീദാസ് ഒരു വക്കീലിന്‍റെ വേഷത്തില്‍ വരുന്നുണ്ട്. മുന്‍ഷി ബൈജു മറ്റൊരു പ്രധാന റോളില്‍ വരുന്നു. കനവില്‍ ഉണ്ടായിരുന്ന മിനിയും ഭര്‍ത്താവും പിന്നെ ഫൈനാര്‍ട്ട്സ് വിദ്യാര്‍ഥി സുധി ഇവരൊക്കെ ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്. സജി നായരാണ് ക്യാമറ. വീരം സിനിമയുടെ എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ് ചെയ്തത്. സ്ക്രിപ്റ്റ് ഉമേഷ് ഓമനക്കുട്ടന്‍. ഹൈപ്പീഷ്യ ഫിലിംസിന്റെ ബാനറിലാണ് സിനിമ ചെയ്തത്. പ്രൊഡ്യൂസര്‍ എംപി വിന്‍സന്‍റും ജോസ് വിസന്‍റും.

സഫിയ: പ്രേക്ഷകരോട് പറയാനുള്ളത്?

വിധു: ആദ്യത്തെ സിനിമ എന്ന രീതിയില്‍ തന്നെയാണ് നമ്മളിത് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതേസമയം തന്നെ വളരെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. അത് പറയാന്‍ ഉപയോഗിക്കുന്ന ടൂള്‍സിനെക്കുറിച്ച് ചിലപ്പോള്‍ ആളുകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. ഇതാണോ, ഇങ്ങനെ നിറം മങ്ങിയ ഭാഷയില്‍ ആണോ ഇവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കേണ്ടത്. അതെന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉണ്ടായേക്കാം. അതൊക്കെ ചെയ്തത് ബോധപൂര്‍വ്വം തന്നെയാണ്. എല്ലാറ്റിനകത്തും ഒരു ബോധപൂര്‍വ്വമായ തീരുമാനം ഉണ്ടായിരുന്നു. അവരുടെ ജീവിത സാഹചര്യങ്ങള്‍ എങ്ങനെയാണെന്നും, അവരുടെ വീട് എങ്ങനെയാണ്, എന്തു തരത്തിലുള്ള മുറികളിലാണ് ആളുകള്‍ ഉറങ്ങുന്നത് എന്നൊക്കെ നമുക്കറിയാം. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ് അല്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണു തുറക്കേണ്ടത്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

Advertisement