മലയാള സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഭീഷണിയില്ല: സിയാദ് കോക്കര്‍
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ കള്ളപ്പണ കേസ് ആരോപണം ഉയര്‍ന്നതോടെ മലയാള സിനിമ വ്യവസായം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റഡാറിലെത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പേരിലാണ് നിര്‍മാതാക്കളെ ഇഡി വിളിപ്പിച്ചതെങ്കിലും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നത് ഷോണും സൗബിനും സൗബിന്റെ പിതാവ് ബാബു ഷാഹിറും ചേര്‍ന്ന് നടത്തുന്ന പ്രൊഡക്ഷന്‍ സംരംഭമായ പറവ ഫിലിംസാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റേത് മാത്രമല്ല, പറവ ഫിലിംസിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ഇടപാടുകളാണ് നിലവില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് അഥവാ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കള്ളപ്പണ കേസിന് ആധാരമായിരിക്കുന്നത് മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണമാണ്. അരൂര്‍ സ്വദേശിയായ സിറാജ്് ഏഴു കോടി രൂപ മുതല്‍ മുടക്കിയിട്ടും മുടക്ക് മുതലോ ലാഭമോ കിട്ടിയില്ലെന്നായിരുന്നു ആ പരാതി. പിന്നാലെ പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയത് വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. Manjummel Boys ed
തുടക്കത്തില്‍ ഇതൊരു സാമ്പത്തിക തട്ടിപ്പ് കേസായിരുന്നു. അതായത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം വഞ്ചനാ കുറ്റം മാത്രം. പക്ഷെ സാമ്പത്തിക തട്ടിപ്പ് പോലീസ് അന്വേഷണത്തില്‍ സ്ഥരീകരിക്കുകയും പോലീസ് കോടതിയില്‍ കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെ ഇഡിയുടെ റഡാറിലേക്ക് കാര്യങ്ങളെത്തി. പ്രാഥമിക അന്വേഷണത്തില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് അഥവാ കള്ളപ്പണ വിരുദ്ധ നിയമത്തിന്റെ വകുപ്പുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലംഘനം ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇഡി കേസ് അന്വേഷണവുമായി മുന്നോട്ട് പോവുന്നതും. ഇത്തരം ലംഘനം ഉണ്ടായാല്‍ പോലീസ് പരിധിയില്‍ ഇരിക്കുന്ന കേസാണെങ്കില്‍ പോലും ഇഡിയ്ക്ക് സ്വമേധയ കേസില്‍ ഇടപെടാന്‍ സാധിക്കും എന്നതാണ് നിയമവശമെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ആകാശ് അഴിമുഖത്തോട് പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അടക്കം ഇഡി ഇടപെടല്‍ വന്നത് ഇങ്ങനെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ നിഷാദ് നല്‍കിയ പരാതിയ്ക്ക് നിര്‍മാതാക്കള്‍ നല്‍കിയ മറുപടി 22 കോടി സിനിമയ്ക്കായി ചെലവായി എന്നതായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ 18 കോടിയാണ് ചെലവായതെന്നാണ് കണ്ടെത്തിയത്. ഇതില്‍ 7 കോടി രൂപയാണ് നിഷാദ് നല്‍കിയത്. നിര്‍മാതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം എടുത്തിട്ടുമില്ല. അപ്പോള്‍ ശേഷിക്കുന്ന നിക്ഷേപത്തിന്റെ സ്രോതസ്സ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തേണ്ടതാണ്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും ഇത് ചെയ്തിട്ടില്ല. മാത്രമല്ല മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയ്യാറാവുകയോ വിഷയത്തില്‍ വ്യക്തതത വരുത്തുകയോ ചെയ്തിട്ടില്ല. രണ്ടാമതായി ഇവയ്‌ക്കെല്ലാം നിയമപരമായ മാര്‍ഗത്തിലൂടെയാണോ കൈപറ്റിയത് എന്നതാണ്. അവയ്‌ക്കെല്ലാം രേഖകളുണ്ടായിരിക്കണം. മൂന്നാമതായി പറവ ഫിലിംസിന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ച പോലീസ് തന്നെ സാമ്പത്തിക തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നതാണ്. ഇതിന്റെയെല്ലാം സത്യാവസ്ഥ വരും ദിനങ്ങളില്‍ വ്യക്തമാവേണ്ടതാണ്.
2022 ഫെബ്രുവരി 16നാണ് പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി നിര്‍മാതാക്കള്‍ ആരംഭിക്കുന്നത്. അതേസമയം പറവ ഫിലിംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സൗബിന്റെയും ഷോണിന്റെയും പേരിലാണ്. അതായത് ബാബു ഷാഹിര്‍ നിയമപരമായി കമ്പനിയുടെ ഉടമസ്ഥനല്ല. അതിനാലാണ് ബാബു ഷാഹിറിന് ഇതുവരെ ചോദ്യം ചെയ്യലിന് നോട്ടീസ് അയക്കാത്തതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. രേഖകള്‍ പ്രകാരം ലിമിറ്റഡ് ലൈബലിറ്റി(എല്‍എല്‍പി)പാര്‍ട്ണര്‍ഷിപ്പിലാണ് പറവ ഫിലിംസ് ആരംഭിച്ചിരിക്കുന്നത്. ഇത്തരം സംരംഭത്തില്‍ ഉടമസ്ഥര്‍ക്ക് കിട്ടുന്ന ഗുണം കമ്പനിയുടെ ബാധ്യതയിലുള്ള പരിധിയാണ്. രണ്ട് സംരംഭകരാണെങ്കിലും ഓരോ ഉടമസ്ഥനും അവനവന്‍ ഇറക്കിയ തുകയ്ക്ക് മാത്രമേ ബാധ്യത വരു. നഷ്ടത്തില്‍ കമ്പനി പൂട്ടേണ്ടി വന്നാല്‍ വ്യക്തിപരമായ ബാധ്യത വരില്ല. കമ്പനി ആസ്തി മാത്രമേ നിയമപരമായ നടപടികള്‍ക്ക് വിധേയമാവു. ഉടമസ്ഥരുടെ വ്യക്തിപരമായ ആസ്തികള്‍ കടം തീര്‍ക്കാനായി ഉപയോഗിക്കേണ്ടി വരില്ലെന്ന് അര്‍ത്ഥം.
നിലവില്‍ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് പറവയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. ആ സിനിമകളുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന എല്ലാ ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുമുണ്ട്. മണിക്കൂറുകളോളം ഉദ്യോഗസ്ഥര്‍ ഷോണുമായി സംസാരിച്ചിരുന്നു. സൗബിനെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്ത് വരും. പ്രാഥമിക നടപടി ആയാണ് ചോദ്യം ചെയ്യല്‍ നടന്നതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നത് കുരുക്ക് മുറുകുന്നുണ്ടെന്നതിന്റെ സൂചനയാണ്. അതേസമയം നേരത്തെയും സൗബിനും ഷോണിനും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മറുപടി ഇരുവരും നല്‍കിയിരുന്നില്ല. വീണ്ടും വിളിച്ചപ്പോഴാണ് ഷോണ്‍ ഹാജരായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ചൂണ്ടികാണിച്ചായിരുന്നു നിഷാദിന്റെ പരാതി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് കേസ് എടുത്തതും. എറണാകുളം മരട് പോലിസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ആദ്യഘട്ടത്തില്‍ ചേര്‍ത്തത്. നേരത്തെ സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണ്. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ബോക്ക് ബസ്റ്റര്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം.
ഇഡി റഡാറിലേക്ക് മലയാള സിനിമ വരുന്നതിന്റെ ഭാഗമായി ഈ കേസിനെ കാണാന്‍ സാധിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂഴ്‌സേസ് അസോസിയേഷന്‍ ഭാരവാഹിയായ സിയാദ് കോക്കര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. മലയാള സിനിമ ഇന്‍ഡസ്ട്രിയ്ക്ക് അത്തരമൊരു ഭീഷണിയില്ല. വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള വ്യക്തിയെന്ന നിലയില്‍ പറയാന്‍ സാധിക്കുന്നത്, പഴയ കാലമല്ല. ഇന്ന് നിര്‍മാതാക്കളെല്ലാം കൃത്യമായി സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുകയും എല്ലാത്തിനും കണക്കുകള്‍ സൂക്ഷിയ്ക്കുകയും ചെയ്യുന്നവരാണ്. അത്തരത്തില്‍ അല്ലാത്ത ആളുകളുണ്ടാവാം. അവ ഒറ്റപ്പെട്ട സംഭവമാണെന്ന് മാത്രമേ പറയാന്‍ സാധിക്കു. കള്ളപ്പണം പോലുള്ളവ അനുഭവത്തില്‍ കാണാന്‍ സാധിച്ചിട്ടില്ല. അത്തരത്തില്‍ കേള്‍ക്കുന്ന കഥകള്‍ പലപ്പോഴും അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെടുന്ന മാധ്യമസൃഷ്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English summary: ED initiates investigation against makers of ‘Manjummel Boys’ film