തൃക്കാക്കര വേളാങ്കണ്ണി പള്ളിക്ക് സമീപം കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിലുണ്ടാക്കിയ അപകടത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ തകർന്ന ലോറിയിൽ കഴിയുന്ന മൂർത്തിക്ക് സഹായഹസ്തവുമായി നിരവധി പേർ. തമിഴ്നാട്ടുകാരനായ മൂർത്തിക്ക് കെഎസ്ഇബി ആവശ്യപ്പെട്ട പണത്തിൽ ഇനിയും ബാക്കി അടക്കാനുള്ള തുക നൽകാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും ഒരുപാട് പേർ പ്രതികരിച്ചു.
മൂർത്തിയുടെ ദുരിതത്തെക്കുറിച്ച് അഴിമുഖം റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് നിരവധി പേർ മൂർത്തിയെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ സമീപിച്ചുവെന്നും 55000 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് 50000 നൽകിയാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചിതായി മൂർത്തി അഴിമുഖത്തോട് പറഞ്ഞു.
40000 രൂപയാണ് ഇപ്പോൾ കെഎസ്ഇബിക്ക് നൽകാനായി മൂർത്തിയുടെ കൈവശം ഉള്ളത്. 10000 രൂപ കൂടി ലഭിച്ചാൽ മാത്രമേ മൂർത്തിക്ക് തന്റെ ലോറിയുമായി നാട്ടിലേക്ക് പോകാൻ കഴിയുകയുള്ളൂ. മൂർത്തിയെ പണം നൽകി സഹായിക്കാൻ താൽപര്യമുള്ളവർക്കായി മൂർത്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ നൽകുന്നു,
Kamesh kumar.p
Canara Bank
A/c no.110113816996
IFSC :CNRB0004517
സേലം, റാസിപുരം സ്വദേശിയായ മൂർത്തി, രണ്ടാഴ്ചയിലേറെയായി അപകടത്തിൽ തകർന്ന തന്റെ ലോറിയിൽ കഴിയുകയാണ്. ചെന്നൈയിലേക്ക് സള്‍ഫര്‍ എത്തിക്കാനായി കേരളത്തിലേക്ക് എത്തിയ മൂർത്തിയുടെ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പള്ളിക്ക് സമീപമുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിലേക്ക് വീണു. നിരവധി വാഹനങ്ങള്‍ റോഡിലെ ബ്ലോക്കില്‍ കുരുങ്ങിക്കിടന്ന സമയത്താണ് അപകടമുണ്ടായതെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മൂര്‍ത്തിയും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
എന്നാൽ അപകടത്തിൽ കെഎസ്ഇബിയുടെ രണ്ട് പോസ്റ്റുകൾ തകർന്നതിന് 55,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആ തുക സംഘടിപ്പിക്കാനായി നെട്ടോട്ടമോടുകയാണ് മൂർത്തി. മാത്രമല്ല ലോറിയുടെ ലൈസൻസും ഇൻഷുറൻസും പോലീസ് പിടിച്ചു വെക്കുകയും ചെയ്തു. പള്ളിക്ക് സമീപമുള്ള കച്ചവടക്കാരും നാട്ടുകാരും ചില കെഎസ്ഇബി ഉദ്യോഗസ്ഥരും മൂർത്തിക്ക് ഭക്ഷണം വാങ്ങികൊടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ തനിക്കെങ്ങനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്നാണ് മൂർത്തി പറയുന്നത്.