March 15, 2025 |

വിവാഹം പോലെ ലിവിങ് റിലേഷനുകളും രജിസ്റ്റര്‍ ചെയ്യണം ; ഏകീകൃത സിവില്‍ കോഡിലെ നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരാഖണ്ഡ്‌

ഏതെങ്കിലും വിവാഹത്തെയോ ലിവിങ് ബന്ധത്തെയോ എതിര്‍ക്കുന്ന മൂന്നാമത്തെ വ്യക്തിക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം

എല്ലാ ലിവിങ് റിലേഷന്‍ഷിപ്പുകള്‍ക്കും വിവാഹം പോലെ ആധാറും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ്.   ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ലിവിങ് റിലേഷന്‍ഷിപ്പിലും വിവാഹം പോലെ രജിസ്‌ട്രേഷനും നിര്‍ബന്ധിത വീഡിയോ റെക്കോര്‍ഡിങ്ങുകളും ആധാര്‍ വിശദാംശങ്ങളും ഫോട്ടോകളും ഉള്‍പ്പെടുത്തണം. സംസ്ഥാനം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഏകീകൃത സിവില്‍ കോഡിന് കീഴിലുള്ള ഉത്തരാഖണ്ഡിന്റെ ആവശ്യങ്ങളാണിതൊക്കെ. ജനുവരി 26ന് നിയമം പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടല്‍ പരിചയപ്പെടുത്തുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ഡോയ് വാല ബ്ലോക്ക് ഓഫീസിലിരുന്നുകൊണ്ടാണ് നിയമം സംബന്ധിച്ച ചര്‍ച്ച നടന്നത്.

മൂന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുകളുടെ സാന്നിധ്യത്തില്‍ 14 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിശീലനം ജനുവരി 20 ന് അവസാനിക്കും. യുസിസി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ പൗരന്മാര്‍ക്കും സേവനകേന്ദ്രം ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധിക്കും. സൈന്‍ അപ്പ് ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ ആവശ്യമാണ്.
പോര്‍ട്ടല്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ പട്ടികയില്‍ വിവാഹം, വിവാഹമോചനം,തത്സമയ രജിസ്‌ട്രേഷനുകള്‍,ലിവിങ് റിലേഷന്‍ഷിപ്പുകള്‍ അവസാനിപ്പിക്കല്‍, അപേക്ഷ നിരസിക്കപ്പെട്ട കേസുകളില്‍ അപ്പീല്‍, വിവരങ്ങളറിയാനും പരാതി രജിസ്‌ട്രേഷനും പോര്‍ട്ടലിലൂടെ കഴിയും.

ഏതെങ്കിലും വിവാഹത്തെയോ ലിവിങ് ബന്ധത്തെയോ എതിര്‍ക്കുന്ന മൂന്നാമത്തെ വ്യക്തിക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം. അതിലൂടെ തെറ്റായ വിവരങ്ങള്‍ പുറത്ത് വരാതിരിക്കും. പോര്‍ട്ടലിലെ പരാതികള്‍ കണ്ടെത്താനും ദുരീകരിക്കാനും സബ് രജിസ്ട്രാറിനെ നിയോഗിച്ചിട്ടുണ്ട്. ‘പരാതി ഉന്നയിക്കുന്ന പൗരന്‍ വിവരങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യണം. അതിലൂടെ തെറ്റായ വിവരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ‘ പരിശീലകനായ മുകേഷ് പറഞ്ഞു.

ലിവിങ് ദമ്പതികള്‍ക്ക് നിലവിലുള്ളതും പുതിയതുമായ ബന്ധങ്ങള്‍, ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍, ദേശീയത, മതം, ഫോണ്‍ നമ്പര്‍ എന്നിവ പോര്‍ട്ടലില്‍ നല്‍കണം. വിവാഹ രജിസ്‌ട്രേഷന്റെ അതേ പട്ടിക തന്നെയാണിത് എന്നതും ശ്രദ്ധേയമാണ്. ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള രജിസ്‌ട്രേഷന്‍
ഉണ്ട്. ഒന്ന് ഉത്തരാഖണ്ഡില്‍ താമസിക്കുന്ന പങ്കാളികള്‍ക്കും മറ്റൊന്ന് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കുമാണ്. പ്രസ്താവനയോടുകൂടി പങ്കാളികള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഇത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി ഏഴ് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം.

നിയമപരമായ പിന്തുടര്‍ച്ചയ്ക്ക് വേണ്ടി നിര്‍ബന്ധമായും ആധാര്‍ അടക്കമുള്ള വിശദാംശങ്ങള്‍ സാക്ഷികളടക്കം നല്‍കണം. രണ്ട് സാക്ഷികള്‍ പിന്തുടര്‍ച്ചാവകാശം വായിക്കുന്നതിന്റെ വീഡിയോയും ഇതിനൊപ്പം ഉള്‍പ്പെടുത്തണം.

പുതിയ നിയമത്തിനായി മൂന്ന് സംസ്ഥാനതല സഹായകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് ഏജന്‍സി സാങ്കേതിക പിന്തുണ നല്‍കുമ്പോള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ പരിശീലനത്തിന് സഹായിക്കുകയും പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്യും. പരിശീലകരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കും. അതിലൂടെ കരട് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നും പരിശീലകന്‍ മുകേഷ് പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്തയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

content summary; Marriage-like registration of all live-in relationships, Uttarakhand’s aims to roll out Union civil code on January 26.

×