July 17, 2025 |
Share on

എട്ട് നൂറ്റാണ്ട് മുമ്പ് ഫാഷിസത്തെ തകര്‍ത്ത് ചെങ്കൊടി നാട്ടിയ വിജയ ദിവസം

എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1945 മേയ് എട്ടിന് യൂറോപ് നാത്സി, ഫാഷിസ്റ്റ് അധീശത്വത്തില്‍ നിന്ന് സമ്പൂര്‍ണമായി മോചിതമായതായി പ്രഖ്യാപിക്കപ്പെട്ടു

എട്ട് പതിറ്റാണ്ട് മുമ്പ്, 1945 മേയ് എട്ടിനാണ് ഹിറ്റ്ലറുടേയും മുസോളിനിയുടെയും ഫാഷിസ്റ്റ്, നാത്സി അധിനിവേശത്തെ തോല്‍പ്പിച്ച് രണ്ടാം യൂറോപ് വിജയദിനം ആഘോഷിച്ചത്. അച്ചുതണ്ട് ശക്തികളില്‍ തുടര്‍ന്നും ചെറുത്ത് നിന്ന ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും 1945 ഓഗസ്റ്റ് ആറിനും ഒന്‍പതിനും അമേരിക്ക അണുബോംബിട്ടതോടെ മഹാദുരന്തമായി രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. അങ്ങനെ 1945 ഓഗസ്റ്റ് അവസാനം പതിനായിരക്കണക്കിന് നിരപരാധികളുടെ ചോരയിലും തലമുറകള്‍ കഴിഞ്ഞിട്ടും തീരാത്ത ദുരിതത്തിലും ആറ്റം ബോംബ് എന്ന അതിക്രൂരതയിലും ലോകയുദ്ധം അവസാനിക്കുകയും ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കില്‍ ഈ ഭൂമിയില്‍ മനുഷ്യജീവന്‍ അവശേഷിക്കില്ല എന്ന തിരിച്ചറിവ് ഉണ്ടാവുകയും ചെയ്തു. എന്നാല്‍ അതിന് മാസങ്ങള്‍ക്ക് മുമ്പ്, ഏപ്രില്‍ അവസാനം മുതല്‍ മേയ് എട്ടുവരെ സഖ്യകക്ഷികള്‍ വിജയം മുസോളനിയുടെയും ഹിറ്റ്ലറുടേയും പതനത്തിന്റെ ആഘോഷത്തിലായിരുന്നു.

1945 ഏപ്രില്‍ ഇരുപത്തിയേഴിനാണ് വിജയം ആരംഭിക്കുന്നത്. പരാജയം തൊട്ടരികിലെത്തിയപ്പോള്‍ കൂട്ടുകാരി ക്ലാര പെറ്റാസിക്കും അടുത്ത സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം സ്വറ്റ്സര്‍ലാന്‍ഡിലേയ്ക്ക് ഒരു തീവണ്ടിയില്‍ പുറപ്പെട്ട് അവിടെ നിന്ന് സ്പെയ്നിലേയ്ക്ക് കടക്കാനായിരുന്നു ബെനീറ്റോ മുസോളനിയുടെ ശ്രമം. എന്നാല്‍ ഇറ്റലിയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ ഡോങ്കോ എന്ന ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ് ചെമ്പട അവരെ പിടികൂടി. വാര്‍ത്ത പരന്നതോടെ അവരെ ഐക്യരാഷ്ട്രസഭയ്ക്കും സഖ്യകക്ഷികള്‍ക്കും വിചാരണയ്ക്കായി വിട്ടു നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ ഏപ്രില്‍ 30ന് മുസോളനിയേയും പെറ്റാസിയേയും കൂടെയുണ്ടായിരുന്ന ഇറ്റാലിയന്‍ സോഷ്യല്‍ റിപബ്ലിക് മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും ഗുലീനോ എന്ന ചെറിയ ഇറ്റാലിയന്‍ ഗ്രാമത്തില്‍ ചെമ്പട വെടിവെച്ച് കൊന്നു.

victory in europe day

അടുത്ത ദിവസം, മെയ് ഒന്നിന് അഡോള്‍ഫ് ഹിറ്റ്ലര്‍ ഒളിച്ച് താമസിച്ചിരുന്ന ബങ്കറിന്റെ പുറത്ത് പകുതി കരിഞ്ഞ നിലയില്‍ അയാളുടെ മൃതദേഹം കണ്ടെത്തി. ഏപ്രില്‍ 29ന് ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്റെ ചെമ്പട വളയുന്ന സമയത്ത് ബങ്കറില്‍ ഗീല്‍ബല്‍സിന്റേയും ബോമാന്റേയും സാന്നിധ്യത്തില്‍ കൂട്ടുകാരി ഇവ ബ്രൗണിനെ ഹിറ്റ്ലര്‍ വിവാഹം കഴിച്ചതായി പറയുന്നു. ഏപ്രില്‍ മുപ്പതിന് സ്വയം വെടിവെച്ച് ഹിറ്റ്ലര്‍ മരിച്ചു. അവസാന ചുമതലയായി ജോസഫ് ഗീല്‍ബല്‍സിനെ ജര്‍മ്മനിയുടെ ചാന്‍സിലറായി ഹിറ്റ്ലര്‍ നിയമിച്ചിരുന്നു. ഹിറ്റ്ലറിന്റെ മരണശേഷം ചാന്‍സിലര്‍ എന്ന പദവി ഉപയോഗിച്ച് കീഴടങ്ങിയതായി ഗീല്‍ബല്‍സ് അറിയിച്ചു. മേയ് ഒന്നിന് രാത്രി അതേ ബങ്കറിന്റെ മറ്റൊരു ഭാഗത്ത് ഗീല്‍ബല്‍സും ഭാര്യ മാഗ്ദയും ആറുമക്കളും മരിച്ച നിലയില്‍ കണ്ടെത്തി. അതേ രാത്രി ബങ്കറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മാര്‍ട്ടിന്‍ ബോമാനെ ചെമ്പട പിടികൂടി. അയാള്‍ പിറ്റേന്ന് രാവിലെ കൊല്ലപ്പെട്ടു.

അപ്പോഴും നാത്സികളുടെ ചെറുത്ത് നില്‍പ്പ് പൂര്‍ണമായും അവസാനിച്ചിരുന്നില്ല. നാത്സികളുടെ റേഡിയോ നിലയമായ റേയ്ഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ അവരുടെ അവസാനത്തെ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത് മേയ് രണ്ടിന് രാവിലെ 1.55നാണ്. ഹിറ്റ്ലറുടെ ആത്മഹത്യയ്ക്ക് ഏതാണ്ട് 36 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ ആ വാര്‍ത്ത പുറത്ത് വിട്ടു. ബങ്കറിന്റെ അകത്ത് തന്നെയുള്ള സ്റ്റുഡിയോയില്‍ നിന്ന് അവര്‍ പ്രഖ്യാപിച്ചു: ‘ഫ്യൂറര്‍ മരിച്ചു. ജര്‍മ്മന്‍ സാമ്രാജ്യം (റേയ്ഷ്) നീണാള്‍ വാഴട്ടെ!’

victory in europe day

ഹിറ്റ്ലര്‍ ഭരണകാലത്തെ ക്രൂരതകളുടെ നടത്തിപ്പുകാരായ രഹസ്യപോലീസ് സേനയായ ഗസ്റ്റപോ രൂപീകരിച്ച, നാത്സി ജര്‍മ്മനിയുടെ എയര്‍ഫോഴ്സ് അധിപനായിരുന്ന ഹെര്‍മന്‍ ഗോറിങ്ങിനെ കുറേയകലെ ഒബേര്‍സാല്‍സ്ബര്‍ഗില്‍ നിന്നാണ് പിടികൂടിയത്. ജൂതരെ കൂട്ടക്കൊല ചെയ്യുന്ന പദ്ധതിയുടെ രേഖയായ ”ഫൈനല്‍ സൊല്യൂഷന്‍ റ്റു ദ ജൂയിഷ് ക്വസ്റ്റിന്‍’ തയ്യാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച, നാത്സി ഭരണകൂടത്തിലെ പ്രധാനിയായ ഹെന്റിച്ച് ഹിമ്മറാകട്ടെ ഹിറ്റ്ലറെ തള്ളിപ്പറഞ്ഞ് സഖ്യകക്ഷികളില്‍ ബ്രിട്ടണും യു.എസുമായി ചേര്‍ന്ന് സോവിയറ്റ് യൂണിയനെതിരെ നീങ്ങാം എന്ന ശുഭപ്രതീക്ഷയില്‍ ഒളിച്ച് ജീവിക്കുമ്പോഴാണ് പിടിയിലാകുന്നത്. മേയ് രണ്ടിന് തന്നെ ബെര്‍ളിന്‍ ഡിഫന്‍സ് മേഖലയുടെ കമാന്‍ഡറായ ജനറല്‍ ഹെല്‍മുട്ട് വീല്‍ഡിങ് ചെമ്പടയുടെ ജനറല്‍ വാസിലി ചൂയ്കോവിന് മുന്നില്‍ കീഴടങ്ങിയിരുന്നു. അന്ന് തന്നെ ഇറ്റലിയിലും ഓസ്ട്രിയയിലും ജര്‍മ്മനിയിലുമായി എത്രയോ ഓഫീസര്‍മാരും പത്തുലക്ഷത്തിലധികം സൈനികരും ബ്രിട്ടീഷ് സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ബവേറിയ, നെതര്‍ലാന്‍ഡ്സ്, തുടങ്ങി പല പ്രദേശങ്ങളിലും നിലയുറപ്പിച്ചിരുന്ന ജര്‍മ്മന്‍ സേന സ്റ്റാലിന്റെ ചെമ്പടയ്ക്ക് മുന്നിലും ബ്രിട്ടീഷ് സേനയ്ക്ക് മുന്നിലുമായി കീഴടങ്ങി.

ചെക്ക് റിപബ്ലിക്കില്‍ പ്രതിരോധത്തിന് ശ്രമിച്ച നാത്സി പടയെ പ്രാഗില്‍ ചെമ്പട മെയ് ആറിന് കീഴടക്കി. അന്നേ ദിവസം മാസങ്ങളോളം പിടിച്ച് നിന്ന പോളണ്ടിലെ ബ്രെസ്ലൂവില്‍ പിടിച്ച് നിന്ന നാത്സികളും സോവിയറ്റ് സേനയ്ക്ക് മുന്നില്‍ അടിയറ പറഞ്ഞു. യുഗോസ്ലാവിയായിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചെറുത്ത് നില്‍പ്പ് നടത്തിയ നാത്സി പടയും എരിഞ്ഞടങ്ങി. അങ്ങനെ എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1945 മേയ് എട്ടിന് യൂറോപ് നാത്സി, ഫാഷിസ്റ്റ് അധീശത്വത്തില്‍ നിന്ന് സമ്പൂര്‍ണമായി മോചിതമായതായി പ്രഖ്യാപിക്കപ്പെട്ടു.  May 8, Victory in Europe Day, World War II ended officially 

Content Summary; May 8, Victory in Europe Day, World War II ended officially

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×