കായികലോകത്തെ ഏറ്റവും വലിയ ഇതിഹാസ കഥകള്‍ എപ്പോഴും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണ്. അവിടെ നിശ്ശബ്ദത പെട്ടെന്ന് ഇടിമുഴക്കമായി മാറും, നിരാശ ആവേശത്തിന്റെ ഉന്മാദത്തിന് വഴിമാറും. വിശ്വാസം യുക്തിയെ ധിക്കരിക്കുന്ന, വിയര്‍പ്പിലും ആത്മവിശ്വാസത്തിലും കുതിര്‍ന്ന ഒരു ശരീരം തങ്ങളുടെ വിധി തിരുത്തിയെഴുതുന്ന ആ നിമിഷങ്ങള്‍ക്കുവേണ്ടിയാണ് ആരാധകര്‍ ജീവിക്കുന്നത്.
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍, ആ പൊള്ളുന്ന വൈകുന്നേരത്ത് ജെമിമ റോഡ്രിഗസ് 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ പിരിമുറുക്കം നിറഞ്ഞിരുന്നു. വിജയത്തിന് ഇന്ത്യയ്ക്ക് 102 പന്തില്‍ 131 റണ്‍സ് കൂടി വേണം. ജെമിമയുടെ വിക്കറ്റ് ലക്ഷ്യമാക്കി അലാന കിംഗിന്റെ ലെഗ് സ്പിന്‍. ജെമിമ മുട്ടുകുത്തിയിരുന്ന്, കണ്ണുകള്‍ പന്തില്‍ ഉറപ്പിച്ച്, വിശ്വാസത്തോടെ ബാറ്റ് വീശി. അത് സ്റ്റാന്‍ഡിലേക്ക് ലക്ഷ്യമിട്ടുള്ള ഒരു സ്ലോഗ്-സ്വീപ്പ് ആയിരുന്നു. ലക്ഷ്യം പിഴച്ചോ! ടോപ് എഡ്ജില്‍ തട്ടിയ പന്ത് ആകാശത്തേക്ക് ഉയര്‍ന്നു. ആ രാത്രി പെട്ടെന്ന് നിശ്ചലമായപോലെ. പന്തുയര്‍ന്ന മിഡ്വിക്കറ്റ് ഏരിയ ഒരു നാടകീയ വേദിയായി. അലീസ ഹീലിയും, കിംഗും ആ പന്ത് കൈപ്പിടിയില്‍ ഒതുക്കാനായി ഓടിയടുത്തു. ഗാലറിയിലെ മുപ്പത്തയ്യായിരം പേര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
Also Read : ജമീമയ്ക്കൊപ്പം ചേർത്തുവായിക്കേണ്ട ഇന്ത്യൻ ക്രിക്കറ്റിലെ ‘പവർ ഹിറ്റർ’
ആ നിമിഷങ്ങളില്‍, സ്റ്റേഡിയത്തല്‍ ആര്‍പ്പുവിളികളോ ആരവങ്ങളോ കേള്‍ക്കാനില്ലായിരുന്നു. കൂട്ടായ ഭയത്തിന്റെ ഭാരം നിറഞ്ഞ നിശ്ശബ്ദത മാത്രം. പിന്നെ ഞെട്ടലോടെയുള്ള ഒരു നെടുവീര്‍പ്പ്. ഹീലിയുടെ കൈകള്‍ പരാജയപ്പെട്ട നിമിഷം. ഓരോ ഇന്ത്യക്കാരന്റെയും ഹൃദമായി മാറിയിരുന്ന ആ പന്ത് സുരക്ഷിതമായി താഴെ വീണു. നിശബ്ദ പെട്ടെന്ന് ആരവമായി. ഗാലറി പൊട്ടിത്തെറിച്ചു. ആ നിമിഷങ്ങളില്‍ ജെമിമ തരി പോലും പതറിയില്ല. അവള്‍ ആകാശത്തേക്ക് നോക്കി നിശബ്ദമായി ദൈവത്തെ സ്തുതിച്ചു. വീണ്ടും തന്റെ ബാറ്റെടുത്തു.
നിമിഷങ്ങള്‍ക്കകം വീണ്ടും ഗാലറി നിശ്ശബ്ദമായി. ജമിമയുടെ പാഡില്‍ കൊണ്ട പന്തില്‍, ഓസ്‌ട്രേലിയയുടെ അപ്പീല്‍. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ മൂന്നു ലൈറ്റുകള്‍; രണ്ട് ചുവപ്പ്, ഒരു പച്ച. തേര്‍ഡ് അമ്പയര്‍ ആ റിവ്യൂ പരിശോധിച്ചു. പന്ത് സ്റ്റമ്പിന് മുകളിലൂടെയാണ് പോകുന്നത്. നോട്ട് ഔട്ട്. പച്ച് ലൈറ്റ് തെളിഞ്ഞു. അപ്പോഴുണ്ടായ ആരവം ആശ്വാസത്തിന്റെയും ആരാധനയുടെയും വികാരങ്ങള്‍ നിറഞ്ഞതായിരുന്നു. ആ മുഴക്കത്തില്‍ ജമിമ റോഡ്രിഗസ് ഇതുവരെ നടത്തിയ ഓരോ തിരിച്ചുവരവിന്റെയും അലകള്‍ ഉണ്ടായിരുന്നു.
കാരണം, ഇതൊരു ഇന്നിംഗ്സിന്റെ മാത്രം കഥയായിരുന്നില്ല. വര്‍ഷങ്ങളോളം നീണ്ട ഹൃദയവേദനയുടെയും, ആത്മസംശയത്തിന്റെയും, നിശ്ശബ്ദമായ തിരിച്ചുവരവിന്റെയും കഥയായിരുന്നു.
പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്
മോശം ഫോമിന്റെ പേരില്‍ 2022 ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് ജെമിമ റോഡ്രിഗസ്. 21 വയസ്സിനുള്ളില്‍ തന്നെ അവള്‍ വിജയത്തിന്റെ മധുരവും പുറത്താക്കലിന്റെ വേദനയും അറിഞ്ഞിരുന്നു. വിശ്വാസം മാത്രം കൂട്ടായി അവള്‍ വീട്ടിലിരുന്ന് ലോകകപ്പ് കണ്ടു. ‘ഞാന്‍ ഒരുപാട് കരഞ്ഞ ദിവസങ്ങളുണ്ടായിരുന്നു,’ ജമിമ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞു. ‘എനിക്ക് മരവിപ്പ് തോന്നി. പക്ഷേ ഞാന്‍ സ്വയം ഓര്‍മ്മിപ്പിച്ചത്, ഈ കളിയും ഈ ജീവിതവും മറ്റുള്ളവരോട് എന്തെങ്കിലും തെളിയിക്കാനുള്ളതല്ല. എന്റെ ടീമിനെ വിജയിപ്പിക്കാന്‍ എനിക്കുള്ളതെല്ലാം നല്‍കാനുള്ളതാണ്.’
ആ വിശ്വാസം അവളെ കൈവിട്ടില്ല. 25 വയസിലെത്തിയപ്പോഴേക്കും ജമിമ ദേശീയ ടീമിലെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളായി. എന്നാല്‍ വിധി അവളെ വീണ്ടും പരീക്ഷിച്ചു. ഈ ലോകകപ്പിന്റെ തുടക്കം ഒട്ടും സന്തോഷകരമായിരുന്നില്ല. രണ്ട് ഡക്കുകള്‍, അടുത്ത രണ്ടു കളികളില്‍ 30 റണ്‍സ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നു. ഹെഡ് കോച്ച് അമോല്‍ മജുംദാര്‍ പറഞ്ഞതുപോലെ, അതൊരു ‘ഏറ്റവും കടുപ്പമേറിയ തീരുമാനം’ ആയിരുന്നു. ജെമിമയെ സംബന്ധിച്ചിടത്തോളം, അത് ആത്മവീര്യത്തിന്റെ മറ്റൊരു പരീക്ഷണം പോലെ തോന്നി.
ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ജമിമയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കി. 55 പന്തില്‍ 76 റണ്‍സ് നേടിയ ആ ഇന്നിംഗ്സ് എല്ലാം മാറ്റിമറിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മനോഹരമായൊരു ഇന്നിംഗ്‌സ്. ആഘോഷത്തേക്കാള്‍ നിശ്ശബ്ദതയില്‍ കൂടുതല്‍ സംസാരിച്ച ഇന്നിംഗ്സ്.
സെമി ഫൈനിലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍, ജെമിമ റോഡ്രിഗസ് വെറുമൊരു ക്രിക്കറ്റ് താരം മാത്രമായിരുന്നില്ല. അവള്‍ സ്ഥിരതയുടെ ഒരു പ്രതീകമായിരുന്നു. ബാന്ദ്രയിലെ പള്ളിയില്‍ ഗിറ്റാറുമായി ഗോസ്പല്‍ ഗാനങ്ങള്‍ പാടിയിരുന്ന അതേ പെണ്‍കുട്ടി, ഇപ്പോള്‍ തന്റെ ബാറ്റിലൂടെ ആ സംഗീതം പാടുകയായിരുന്നു.
പ്രതിഭയുടെ ഉദയം
എല്ലാ വലിയ കഥകളെയും പോലെ അവളുടെ കഥയും ലളിതമായാണ് തുടങ്ങുന്നത്. ഭണ്ഡൂപില്‍ നിന്ന് ബാന്ദ്രയിലെത്തിയ, അച്ഛന്‍ ഇവാന്‍ റോഡ്രിഗസ് തന്നെ ആദ്യ പരിശീലകനായ ജെമിമയ്ക്ക് ഒന്നിലധികം കായിക ഇനങ്ങളില്‍ കഴിവുണ്ടായിരുന്നു. ക്രിക്കറ്റ് ഹൃദയം കീഴടക്കുന്നതിന് മുന്‍പ് അവള്‍ ബാസ്‌കറ്റ്ബോള്‍, ഫുട്ബോള്‍, ദേശീയ തലത്തില്‍ ഹോക്കി വരെ കളിച്ചിരുന്നു.
16-ാം വയസ്സില്‍, സ്മൃതി മന്ദാനയ്ക്ക് ശേഷം അണ്ടര്‍-19 ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി അവള്‍ മാറി. സൗരാഷ്ട്രയ്ക്കെതിരെ പുറത്താകാതെ നേടിയത് 202 റണ്‍സ്. ആ സീസണില്‍ 112 ശരാശരിയില്‍ 1000-ത്തിലധികം റണ്‍സും 19 വിക്കറ്റുകളും നേടി. 2018-ല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വന്ന. ആ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ അവള്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
എന്നാല്‍ പ്രതിഭകൊണ്ടു മാത്രം ഒരു കഥ പൂര്‍ണ്ണമായി എഴുതാന്‍ കഴിയില്ല. പ്രശസ്തിയുടെ വെളിച്ചത്തിനും നിശ്ശബ്ദമായ രാവുകള്‍ക്കുമിടയില്‍, സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ജമിമ പഠിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ ഓപ്പണര്‍ റോളില്‍ കളിച്ചിരുന്ന ജമിമ, ദേശീയ ടീമില്‍ എത്തിയപ്പോള്‍ കോച്ച് മജുംദാറിന്റെ നിര്‍ദേശത്തില്‍ മിഡില്‍ ഓര്‍ഡര്‍, ഫിനിഷര്‍ ചുമതലകളിലേക്ക് മാറി. ബാറ്റിംഗ് പൊസിഷനില്‍ താഴെക്കിറങ്ങുകയെന്നാല്‍, കുറഞ്ഞ ഓവറുകള്‍, കൂടുതല്‍ സമ്മര്‍ദ്ദം, പിഴവുകള്‍ക്ക് കുറഞ്ഞ സാധ്യത എന്നീ വെല്ലുവിളികള്‍ നേരിടേണ്ടി വരും. എന്നാല്‍ അവിടെയാണ് അവള്‍ തന്റെ വഴി കണ്ടെത്തിയത്. ഫിനിഷ് ചെയ്യുന്നതിന്റെ കല, ടൈമിംഗിന്റെ മനോഹാരിത ജമിമ കാണിച്ചു തന്നു.
തന്റെ ആദ്യ രണ്ട് ഏകദിന സെഞ്ച്വറികള്‍, നാലും അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്താണ് അവള്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ദ്ധ സെഞ്ച്വറിയോടെ തുടങ്ങി, ആദ്യ അഞ്ച് ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. WBBL, The Hundred, WCPL എന്നിങ്ങനെ അവള്‍ കളിച്ച എല്ലായിടത്തും അവളുടെ ഊര്‍ജ്ജസ്വലതയും ഫീല്‍ഡിംഗും ശ്രദ്ധ പിടിച്ചുപറ്റി. ഡബ്യുപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 2.2 കോടി രൂപയ്ക്ക് അവളെ സ്വന്തമാക്കിയത്, വളരെക്കാലം മുമ്പേ ലഭിക്കേണ്ട അംഗീകാരമായിരുന്നു.
എങ്കിലും, അവളുടെ ഹൃദയത്തില്‍, ജെമിമ റോഡ്രിഗസ് ഇപ്പോഴും ഓരോ പന്തിന് മുമ്പും പ്രാര്‍ത്ഥിക്കുന്ന, ആകാശത്തേക്ക് നോക്കി ‘ക്രിസ്തുവിന്റെ നാമത്തില്‍’ എന്ന് മന്ത്രിക്കുന്ന പെണ്‍കുട്ടിയാണ്. അത് അന്ധവിശ്വാസമല്ല. അത് സമര്‍പ്പണമാണ്. കളിയോടുള്ള, ആ നിമിഷത്തോടുള്ള, തന്നെക്കാള്‍ വലിയ ഒന്നിനോടുള്ള സമര്‍പ്പണം.
ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വിയര്‍ത്തൊലിച്ച്, പേശികള്‍ക്കുണ്ടായ കടുത്ത വേദന അവഗണിച്ച് അവള്‍ ബാറ്റ് ഉയര്‍ത്തിയപ്പോള്‍, ചുറ്റുമുയര്‍ന്ന ശബ്ദം ആഘോഷത്തിന്റെതു മാത്രായിരുന്നില്ല, അതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതായിരുന്നു. പുതിയൊരു കരിയര്‍, വീണ്ടും ഉറപ്പിച്ച ആത്മവീര്യം.
വിശ്വാസത്തെപ്പോലെ കായികരംഗവും പലപ്പോഴും ഉയരുന്നതിന് മുമ്പ് വീഴ്ച ആവശ്യപ്പെടുന്നു. ജമിമ റോഡ്രിഗസ് രണ്ടും ചെയ്തു, അതുവഴി അവള്‍ തന്റെ പേര് സ്‌കോര്‍കാര്‍ഡുകളില്‍ മാത്രമല്ല, രണ്ടാമതൊരു അവസരത്തില്‍ വിശ്വസിക്കുന്ന ഹൃദയങ്ങളിലും കൊത്തിവെച്ചിരിക്കുന്നു.
ക്രിസ്തുവിന്റെ നാമത്തില്‍, തിരിച്ചുവരവിന്റെ നാമത്തില്‍.
Read more: ‘അരുന്ധതിക്കു മുന്നില്‍ ഞാന്‍ എന്നും കരഞ്ഞു, സ്മൃതിക്ക് കാര്യം മനസിലായി, എല്ലാവരും കൂടെ നിന്നു’
Content Summary: May everyone who gets a second chance remember Jemimah Rodrigues
This post was last modified on November 1, 2025 9:40 am
Leave a Comment