June 04, 2026 |
Share on

പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് അവസാന പ്രതീക്ഷയായി മായയും മര്‍ഫിയും

തെലങ്കാന തുരങ്ക ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താന്‍ കേരളത്തിന്റെ ഡോഗ് സ്‌ക്വാഡ്

മായയും മര്‍ഫിയും, ഒരു സുപ്രധാന ദൗത്യത്തിലാണ്. തെലങ്കാന മാത്രമല്ല, അവരുടെ വിജയത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുറച്ചു മനുഷ്യരും അവര്‍ക്ക് നേരിടേണ്ടി വന്ന നിര്‍ഭാഗ്യകരമായ വിധിയില്‍ അല്‍പ്പം പ്രതീക്ഷ ബാക്കി വച്ചിരിക്കുന്നത് മായയിലും മര്‍ഫിയിലുമാണ്.

ആരാണ് മായയും മര്‍ഫിയും എന്നല്ലേ! കേരള പൊലീസിന്റെ കഡാവര്‍ ഡോഗ് സ്‌ക്വാഡിലെ അംഗങ്ങള്‍; ബല്‍ജിയന്‍ മലിനോയിസ് വര്‍ഗത്തില്‍പ്പെട്ട നായകള്‍. തെലങ്കാനയിലെ തുരങ്കം ദുരന്തത്തില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള ദൗത്യവുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം കിട്ടിയ പൊലീസ് നായകള്‍ കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നത്. ഫെബ്രുവരി 22 ന്, നാഗര്‍കുര്‍ണോലിലെ ദോമലപെന്റയില്‍ സ്ഥിതി ചെയ്തിരുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍(എസ്എല്‍ബിസി) തുരങ്കം തകര്‍ന്നാണ് എട്ട് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പരിശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

തെലങ്കാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ കാര്‍ഗോ വിമാനത്തിലാണ് മര്‍ഫിയും മായയും തെലങ്കാനയിലെത്തിയത്. ഇവരുടെ ഹാന്‍ഡ്‌ലര്‍മാരായ പ്രഭാത് പി, ജോര്‍ജ് മാനുവല്‍ എന്നിവരും ഒപ്പമുണ്ട്. അഞ്ചര വയസ് പ്രായമുള്ള മായയും മര്‍ഫിയും ഞായറാഴ്ച്ച വൈകുന്നേരത്തോടെ അവരുടെ തിരച്ചിലിനിടയില്‍ പഞ്ചാബിലെ ടാരന്‍ ടരാന്‍ സ്വദേശിയായ ഗുര്‍പീത് സിംഗിന്റെ മൃതദേഹം കണ്ടെത്തിയിരുന്നുവെന്ന് പരിശീലകര്‍ പറയുന്നു. ബാക്കി ഏഴ് പേരെ കൂടി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് മായയും മര്‍ഫിയും. അപകടം പതിയിരിക്കുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി അവര്‍ മനുഷ്യര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

വെള്ളവും പാറക്കഷ്ണങ്ങളും നിറഞ്ഞു കിടക്കുന്ന തുരങ്കത്തിലേക്ക് ആദ്യം നായ്ക്കളെ കയറ്റി വിടാന്‍ തങ്ങള്‍ തയ്യാറായില്ലെന്നാണ് മായയുടെ ഹാന്‍ഡ്‌ലര്‍ ആയ ഹവില്‍ദാര്‍ പ്രഭാത് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. അകത്ത് എത്രമാത്രം അപകടുണ്ടെന്ന് ഞങ്ങള്‍ അറിയണമായിരുന്നു, അതുകൊണ്ടാണ് നായ്ക്കളെ ആദ്യമേ തന്നെ അകത്തേക്ക് വിടാതിരുന്നതെന്നാണ് പ്രഭാത് പറയുന്നത്. തുരങ്കത്തിന്റെ ഉള്‍വശം പാറക്കഷ്ണങ്ങള്‍ കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തുരങ്കത്തിന് ഒമ്പത് മീറ്ററോളം ഉയരമുണ്ടായിരുന്നു. അതില്‍ എട്ടു മീറ്ററോളം ഉയരത്തില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. നായകള്‍ക്കു മുന്നോട്ടു പോകാന്‍ വഴിയൊരുക്കുന്നതിനു വേണ്ടി, അവശിഷ്ടങ്ങള്‍ മാറ്റി കുഴിക്കേണ്ടി വന്നുവെന്നും പ്രഭാത് പത്രത്തിനോട് പറയുന്നുണ്ട്. പരിശീലകരുടെ ആവശ്യപ്രകാരം എത്തിച്ച ഡ്രില്ലിംഗ് ഉപകരണങ്ങള്‍ കൊണ്ട് പറക്കഷ്ണങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുകയായിരുന്നു ആദ്യം. അതിനുശേഷം മാര്‍ച്ച് ഏഴിന് മായയെ സ്ഥലത്തെത്തിച്ചു. പ്രദേശത്തിന്റെ സാഹചര്യം മനസിലാക്കിയശേഷമാണ് തിരച്ചില്‍ ആരംഭിക്കുന്നത്. ‘അവള്‍ ഞങ്ങള്‍ കുഴിച്ച കുഴികളില്‍ ചെന്നു മണം പിടിക്കാന്‍ തുടങ്ങി, ഒരു സ്ഥലം തിരിച്ചറിഞ്ഞുകൊണ്ട് കുരയ്ക്കാന്‍ തുടങ്ങി, ‘രണ്ടുതവണ മര്‍ഫിയെയും തിരച്ചിലിനായി കൊണ്ടുവന്നു, അവനും അതേ സ്ഥലത്ത് വന്നു കുരച്ചു.’ പ്രഭാത് പറയുന്നു. തുടര്‍ന്ന് ഈ സ്ഥലം അടയാളപ്പെടുത്തി, ബ്ലോക്ക് ചെയ്തു. ഇതുപോലെ ബാക്കിയുള്ളവരെ കൂടി കണ്ടെത്താന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളും കണ്ടെത്താന്‍ ഹാന്‍ഡ്‌ലര്‍മാരെ ചുമതലപ്പെടുത്തി. അവര്‍ ഓരോയിടങ്ങളിലായി കുഴിക്കാന്‍ തുടങ്ങി. അത്യന്തം അപകടം നിറഞ്ഞു നില്‍ക്കുന്ന ഈ ജോലിക്കായി സ്വന്തം ജീവന്‍ പണയം വച്ചായിരുന്നു പ്രഭാതും ജോര്‍ജ് മാനുവലും ഇറങ്ങിയത്.

തുരങ്കത്തിന്റെ ഉള്ളിലെ അവസ്ഥ തീര്‍ത്തും മോശമായിരുന്നു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സാഹചര്യം. വളരെ വേഗമാണ് തുരങ്കത്തിനുള്ളില്‍ വെള്ളം നിറയുന്നത്. നായകളുമായി തിരച്ചലിനു മുന്നോട്ടു പോകുന്നതിന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നു. ശരീരങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ മര്‍ഫിയെ അകത്തേക്ക് വിട്ടു. ‘രണ്ട് സ്ഥലങ്ങളില്‍ അവന്‍ കുരച്ചു, മായയും പിന്നാലെ പോയി. ഞങ്ങള്‍ ആ സ്ഥലങ്ങള്‍ ബ്ലോക്ക് ചെയ്ത് തിരച്ചില്‍ സംഘത്തോട് അവിടെ കുഴിയെടുക്കാന്‍ ആവശ്യപ്പെട്ടു,’ പ്രഭാത് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

മായയും മര്‍ഫിയും അടയാളം കാണിച്ചിടത്ത് നിന്നാണ് ഗുര്‍പ്രീത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ‘ഒരു മീറ്റര്‍ കുഴിക്കുമ്പോള്‍ തന്നെ മൃതദേഹം കണ്ടെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു, കണ്ടെത്തുകയും ചെയ്തു’ എന്നാണ് പ്രഭാത് പറഞ്ഞത്.

മായയും മര്‍ഫിയും ഏറ്റെടുക്കുന്ന ആദ്യത്തെ കഠിന ദൗത്യമല്ല തെലങ്കാന തുരങ്കത്തിലേത്. തൃശ്ശൂരിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂളില്‍ ഒമ്പത് മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇരുവരും രംഗത്തിറങ്ങിയത്. ആദ്യത്തെ മൂന്ന് മാസം അനുസരണ പരിശീലനമായിരുന്നു. അടുത്ത ആറ് മാസം, മനുഷ്യ ശരീരങ്ങള്‍ മണത്ത് കണ്ടെത്തുന്നതിനുള്ള പരിശീലനം. പരിശീലനം നല്‍കാന്‍ ശവശരീരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍, രക്തം, പല്ല് എന്നിവയായിരുന്നു പരിശീലന സമയത്ത് ഉപയോഗിച്ചിരുന്നത്.

2020 ലാണ് കഡാവര്‍ ഡോഗ് സ്‌ക്വാഡ് രൂപീകരിക്കുന്നത്. അതേ വര്‍ഷം തന്നെ രണ്ട് നായ്ക്കളെ പരിശീലിപ്പിച്ച് പൊലീസ് സേനയുടെ ഭാഗമാക്കി. 2022 ല്‍ കേരളത്തില്‍ നടന്ന ഇലന്തൂര്‍ നരബലി കേസില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും മായയും മര്‍ഫിയുമായിരുന്നു. വയനാട് ദുരന്തത്തിലും മായയും മര്‍ഫിയും ദൗത്യത്തിലുണ്ടായിരുന്നു. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിച്ചതും അവരായിരുന്നു. ഈ ദൗത്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മായയെയും മര്‍ഫിയെയും മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു.

മായയും മര്‍ഫിയും വിജയിപ്പിച്ച ഏറ്റവും പുതിയ ദൗത്യം കൊച്ചിയില്‍ നടന്നൊരു കൊലപാതക കേസായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഇരുവരും കണ്ടെത്തി. ‘നായകള്‍ക്ക് മണം പിടിക്കാന്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയൊന്നും നല്‍കാറില്ലെന്നാണ് പ്രഭാത് പറയുന്നത്. രാജ്യത്തെ ഏക കഡാവര്‍ ഡോഗ് സ്‌ക്വാഡ് കേരളത്തില്‍ മാത്രമാണെന്നും പ്രഭാത് പറഞ്ഞു.

തെലങ്കാന ദൗത്യത്തിലും മായയും മര്‍ഫിയും അവരുടെ മികവ് തെളിയിക്കുമെന്ന കാര്യത്തില്‍ പ്രഭാതിന് സംശയമില്ല. തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക്, തങ്ങളുടെ ഈ ദൗത്യം ആശ്വാസമാകുമെന്ന തിരിച്ചറിവോടെയാണ് പ്രഭാതും ജോര്‍ജും മായയും മര്‍ഫിയുമായി മുന്നോട്ടു നീങ്ങുന്നത്. ഇവരുടെ വിജയം കേരളത്തിന്റെ കൂടിയാണ്..  Maya and Murphy; two dogs of Kerala Police’s Cadaver dog squad finding bodies of Telangana tunnel workers. 

Content Summary; Maya and Murphy; two dogs of Kerala Police’s Cadaver dog squad finding bodies of Telangana tunnel workers.

Leave a Reply

Your email address will not be published. Required fields are marked *

×