ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങൾ അടങ്ങിയിട്ടുള്ള മെക് സെവൻ വളരെ കാലങ്ങളായി കേരളത്തിൽ പ്രവർത്തിക്കുന്നുവെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലായി അതിന്റെ പ്രവർത്തനം കൂടുതൽ ചർച്ചയാവുകയാണ്. ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന ഈ പരിപാടി രണ്ടു വർഷം കൊണ്ടാണ് ആയിരം യൂണിറ്റുകളായി വളർന്നത്. വ്യായാമ പദ്ധതി എന്ന നിലയിൽ വളരെ പ്രചാരം ലഭിച്ചെങ്കിലും ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിനും പങ്കുണ്ടെന്നാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനൻ മെക് സെവനെതിരെ രംഗത്ത് വന്നിരുന്നു. മെക് സെവൻ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡമിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിരുന്നതായി മോഹനൻ വ്യക്തമാക്കി.
മെക് സെവൻ കൂട്ടായ്മയുടെ പ്രവർത്തനത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻവിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ മെക് സെവന് പിന്നിലുണ്ടെന്ന് സംശയിക്കാൻ നിരവധി കാരണങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ ഇത്തരം പരിപാടികൾക്ക് പോകുമ്പോൾ പിന്നിലുള്ള സംഘടനകളെക്കുറിച്ച് കൂടി ബോധവാന്മാരായിരിക്കണം, സിപിഎമ്മിന് ഇതിൽ ആശങ്കയുണ്ടാകുന്നത് നല്ല കാര്യമാണെന്നും ബിജെപി ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു.
സംഭവത്തിൽ മോഹനനെതിരെ സമസ്ത യുവജന സംഘടന മുന്നോട്ട് വന്നു. മുസ്ലീങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയെ സംശയത്തിന്റെ മുനയിൽ നിർത്തരുതെന്ന് എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് സത്താൻ പന്തല്ലൂർ പറഞ്ഞു. സിപിഎം തുടങ്ങിവെച്ച വിവാദം ബിജെപി ഏറ്റെടുത്തു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സത്താൻ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
MEC-7 വിവാദം:
ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ Multi Excercise Combination അഥവാ MEC- 7 വളരെ മുമ്പ് തന്നെ കേരളത്തിലുണ്ടെങ്കിലും ഇക്കഴിഞ്ഞദിവസങ്ങളിലാണ് അത് ചർച്ചയായത്. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് മെക്-7നെ കുറിച്ച് കൂടുതൽ ആളുകൾ കേട്ടത്. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആണ് മെക്7ന് പിന്നിലെന്നാണ് പി. മോഹനൻ പറഞ്ഞത്. എന്നാൽ ഇന്ന് അദ്ദേഹം ഇതിനെ മയപ്പെടുത്തി പ്രസ്താവനയിറക്കി. മെക് 7 നെ ക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പൊതുയിടങ്ങളിൽ മതരാഷ്ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വിശദീകരണം. രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7 എന്നും മോഹനൻ ഇന്ന് പറഞ്ഞു.
ഇതുവരെ മനസ്സിലാക്കിയതിൽ നിന്ന് നാട്ടിൽ സജീവമായ 35- 40 വയസ്സിന് മുകളിലുള്ള പാർട്ടി, മത, ഭേദമന്യേ സ്ത്രീ പുരുഷൻമാർ ഈ കൂട്ടായ്മകളിൽ അംഗമാണെന്നാണ്. കോവിഡിന് ശേഷം ആളുകൾ പൊതുവേ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ്. ഈ സാഹചര്യം കൂടി മെക്-7 കൂട്ടായ്മക്ക് വേഗത്തിൽ പ്രചാരണം കിട്ടാൻ കാരണമായിട്ടുണ്ട്.
അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് വിമർശനവുമായി വരാൻ കാരണം ഇതാകും. ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കും എന്നാണ് മോഹനന് ആശങ്കയെങ്കിൽ, അക്കാര്യം ചർച്ച ചെയ്യേണ്ടതുമാണ്. കാരണം പൊതുകൂട്ടായ്മകളുടെ മുന്നിൽനിന്ന് അതിനെ ഹൈജാക്ക് ചെയ്യുന്ന സ്വഭാവം ഇത്തരം സംഘടനകൾക്കുണ്ട്. മെക്-7 ന് പിന്നിലുള്ളവർ ഇത്തരം നീക്കങ്ങൾ നടക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നതിനൊപ്പം, ഇതേ ആശങ്ക കേരളാ പോലീസിൽ പിടിമുറുക്കിയ ആർ.എസ്.എസ് കരങ്ങളെക്കുറിച്ച് മോഹനൻ മാഷിന് ഉണ്ടാകണമെന്നും ശ്രദ്ധയിൽപ്പെടുത്തുകയാണ്. കാരണം എന്തുവന്നാലും പോലീസ് ആസ്ഥാനത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കും എന്നും തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ എന്നും പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവർ മോഹനൻ മാഷിന്റെ പാർട്ടി ഭരിക്കുമ്പോഴാണ് സർവീസിലിരുന്നത്. കേരളാ പോലീസിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ആർ.എസ്.എസ് ആണെന്ന് പറഞ്ഞത് കേരളം ഭരിക്കുന്ന കക്ഷിയുടെ അഖിലേന്ത്യാ നേതാവായ ആനിരാജയാണ്.
ചുരുക്കത്തിൽ, മുസ്ലിംകളുടെയോ മുസ്ലിംകൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലിംകൾ ഉണ്ടെങ്കിൽ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവച്ച് ബി.ജെ.പി നേതാക്കൾ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാംപയിനെ ആ നിലക്കേ കാണാൻ പറ്റൂ.
മെക് സെവന് പിന്നിൽ വലിയ ചതി ഒളിഞ്ഞിരിക്കുന്നുവെന്നും വിശ്വാസികൾ പെട്ടുപോകരുതെന്നും എപി സുന്നി വിഭാഗം സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുന്നറിയിപ്പ് നൽകിയതും ഇതിനോടകം ചർച്ചയായിരുന്നു. മെക് സെവന് പിന്നിൽ ജമാഅത്ത ഇസ്ലാമിയാണ്, സുന്നി വിശ്വാസത്തിന് എതിരായ കാര്യങ്ങളാണ് നടക്കുന്നതെന്നും, വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി വ്യക്തമാക്കുന്നു.
മെക് സെവന്റെ പ്രവർത്തനത്തിൽ സംശയമുണ്ടെന്നും പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാനമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരുന്നതെന്നും എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് മെക് സെവൻ അംബാസിഡറായ ബാവ അറക്കൽ. സദുദ്ദേശ്യത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായമ പദ്ധതി മാത്രമാണിതെന്നും, ജീവിതശൈലി രോഗങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൗജന്യമായി നടത്തുന്നതിനാലാണ് ഇത്ര വേഗത്തിൽ പ്രചാരം നേടാനായതെന്നും എല്ലാ മതത്തിലും രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെടുന്ന ആളുകൾ മെക് സെവന്റെ ഭാഗമാണ് എന്നും അറക്കൽ ബാവ വ്യക്തമാക്കി.
content summary; mec7 controversy, responses and reactions