ഗസയിൽ ഒരുവർഷത്തിലേറെയായി നീണ്ടുനിന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള വഴി തെളിയുന്നു. മധ്യസ്ഥർ കുറേ കാലമായി തയ്യാറാക്കുന്ന സമാധാന കരാറിന്റെ അന്തിമ കരട് രൂപം ഇസ്രയേൽ, ഹമാസ് പ്രതിനിധികൾക്ക് കൈമാറി. ദോഹയിൽ നടന്ന ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രിയും ഇസ്രയേൽ ചാര സംഘടകളായ മൊസാദിന്റേയും ഷീൻ ബെത്തിന്റേയും പ്രതിനിധികളും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രതിനിധികളും പങ്കെടുത്തിരുന്നു. യഥാർത്ഥ സമയപരിധി നിശ്ചയിച്ച്, ജനുവരി 20ന് വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ട് ബന്ദികളെ മോചിപ്പിക്കാനാണ് കരടിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.gaza
അടുത്ത 24 മണിക്കൂർ നിർണായകം
അടുത്ത ആഴ്ച അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുമെന്നുള്ളതും ഗസയിലെ സമാധാന ശ്രമങ്ങൾക്ക് പ്രധാനമാണ്. മധ്യപൂർവ്വേഷ്യയിലെ അമേരിക്കയുടെ നിയുക്ത അംബാസിഡറായ സ്റ്റീവ് വിറ്റ്കോഫും സ്ഥാനമൊഴിയുന്ന അംബാസിഡർ ബ്രെറ്റ് മക്ഗുർക്കും ചർച്ചയിൽ സജീവ സാന്നിധ്യമായിരുന്നു. അടുത്ത 24 മണിക്കൂറിനുള്ള കരാർ നിർണായകഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഖത്തറിലെ ഇസ്രയേൽ,ഹമാസ് പ്രതിനിധികൾക്ക് കരട് ലഭിച്ചുവെന്നും ഇസ്രയേൽ പ്രതിനിധികൾ നേതാക്കളെ വിവരമറിയിച്ചതായും ഇസ്രയേലിന്റെ കാൻ റേഡിയോ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഹമാസും ഖത്തർ വിദേശകാര്യമന്ത്രാലയവും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമാധാന ചർച്ചയിൽ ചില പ്രധാന പ്രശ്നങ്ങളിൽ സമവായവും പുരോഗതിയുമുണ്ടായതായി ഹമാസ് പ്രതിനിധിയും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദിയോൺ സാറും അറിയിച്ചു.
ചർച്ച നീണ്ടത് ഒരു വർഷം
യുഎസും ഖത്തറും ഈജിപ്തും ഗസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു വർഷത്തിലേറെയായി സമവായ ശ്രമങ്ങൾ നടത്തുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഇരു കൂട്ടർക്കും സമാധാന കരാറിന്റെ കരട് അയച്ചതായി കെയ്റോയിലെ ഒരു ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. മുൻപുണ്ടായ ചർച്ചകൾക്ക് തടസമായി നിൽക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാണ് നിലവിൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ ഇപ്പോഴും ബന്ദികളാക്കിയ നൂറോളം പേരുടെ കുടുംബങ്ങൾ സമാധാനകരാറിലെത്താൻ നെതന്യാഹുവിനെ സമ്മർദത്തിലാക്കുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 46,000 പലസ്തീനികൾ, ഭൂരിപക്ഷം സ്ത്രീകളും കുഞ്ഞുങ്ങളും, കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
വെടിനിർത്തൽ ഘട്ടം ഘട്ടമായി
ഘട്ടം ഘട്ടമായുള്ള വെടിനിർത്തലാണ് നിലവിലെ ചർച്ചചെയ്യുന്നത്. ഒരാഴ്ച വെടിനിർത്തുന്നതിന് ഭാഗികമായി ബന്ദികളെ വിട്ടുനൽകുക എന്ന ഒന്നാം ഘട്ടം മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്ന് നെതന്യാഹു പല വട്ടം പറഞ്ഞിരുന്നു. എന്നാൽ ശാശ്വതമായ വെടിനിർത്തലിന്റെ സാധ്യതയും മറ്റ് പ്രശ്നങ്ങളും ആദ്യഘട്ടം ആരംഭിച്ചതിന് ശേഷം ചർച്ച ചെയ്യും. എന്നാൽ ഇസ്രയേലിന്റെ പൂർണ പിൻമാറ്റവും യുദ്ധം അവസാനിപ്പിക്കലുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഒന്നാം ഘട്ടത്തിന് ശേഷം അത് സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
സമയപരിധി ജനുവരി 20 വരെ
സമാധാന ശ്രമം ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇസ്രയേൽ സർക്കാരിനെ ദുർബലപ്പെടുത്തിയേക്കുമെന്നതാണ് സമാധാന ശ്രമത്തിനുള്ള ഏറ്റവും വലിയ തടസം. നെതന്യാഹുവിന്റെ സഖ്യകക്ഷികളായ കടുത്ത വലത്പക്ഷ പാർട്ടികൾ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന് കടുത്ത എതിരാണ് അതുകൊണ്ട് തന്നെ ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണം നടക്കുന്നതിലാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. ഇസ്രയേലിൽ ഉറച്ച സർക്കാർ ഉണ്ടാകുന്നതിനായി ഭരണമുന്നണിൽ തന്നെ തുടരാൻ ഈ വലത് പക്ഷ പാർട്ടികളിൽ ട്രംപ് സർക്കാർ സമ്മർദ്ദം ചെലുത്തുമെന്ന് നെതന്യാഹു കരുതുന്നു.
ഹമാസ് ബന്ദികളാക്കിയവരെ താൻ അധികാരമേൽക്കുന്നതിന് മുൻപ് മോചിപ്പിച്ചില്ലെങ്കിൽ കനത്ത വിലനൽകേണ്ടി വരുമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ജോ ബൈഡനും താൻ സ്ഥാനമൊഴിയുന്നതിന് മുമ്പ് സമാധാന കരാർ നടപ്പിൽ വരണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ ജനുവരിൽ 20 മുമ്പ് കരാർ നടപ്പിലാകാൻ സാധ്യതകളുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ വിദൂര പ്രതീക്ഷയുണ്ടെന്ന് പറയുന്ന യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പക്ഷേ യാതൊരു ഉറപ്പും പറയാനാകില്ല എന്നും കൂട്ടിച്ചേർക്കുന്നു.gaza
content summary ; Mediators have proposed a final peace deal to Israel and Hamas to end the Gaza war