‘ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച’ ഒന്നുകൂടി വായിക്കണ്ട എഴുത്തിന്റെ തെറ്റല്ല, അതൊരു കലാ അധ്യാപികയ്ക്ക് വിദ്യാര്‍ഥി സമ്മാനം നല്‍കിയ പേരാണ്. എന്താ ഇലകള്‍ക്ക് മഞ്ഞ നിറം ഉണ്ടായിക്കൂടെ? പൂക്കള്‍ പച്ചയായിക്കൂടെ?. അതാണ് കല, അവന്റെ ഇലകള്‍ മഞ്ഞയും പൂക്കള്‍ പച്ചയുമായിരിക്കാം. പുര എന്ന ആര്‍ട്ട് കെസയിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ മുകളില്‍ നമുക്ക് കാണാനാവും ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന മരത്തിന്റെ പലകയില്‍ എഴുതിയ ബോര്‍ഡ്. അത് കാണുമ്പോള്‍ തന്നെ പുരയുടെ പ്രത്യേകത നമുക്ക് മനസിലാകും.meet Priya Shibu, a variety art teacher
എന്താണ് പുരയെ മറ്റ് ആര്‍ട്ട് കെസകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന ചിന്തയാണ് എന്നെ കോടാലി വരെ എത്തിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്ന് അകത്തേക്ക് മാറിയുള്ള ഒരു പക്കാ ഗ്രാമപ്രദേശമാണ് മാങ്കുറ്റിപ്പാടം. മാങ്കുറ്റിപ്പാടത്തെ ഒരു വീട്ടില്‍ കലയുമായി ബന്ധപ്പെട്ട് ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന, എത്രനേരം വേണമെങ്കിലും ചിത്രങ്ങള്‍ വരച്ചോ, പുസ്തകം വായിച്ചോ സമാധാനമായി ചുമ്മാ ഇരിക്കുകയോ ചെയ്യാവുന്ന ഒരു സ്ഥലമുണ്ട് അതാണ് പുര. അത് അല്‍പം വെറൈറ്റിയല്ലെ? അപ്പോള്‍ പുരയുണ്ടാക്കാന്‍ മുന്‍കൈയെടുത്ത കല അധ്യാപികയായ പ്രിയ ടീച്ചറും വെറൈറ്റിയല്ലെ?
സമാധാനമായിരിക്കാന്‍ എന്തൊക്കെ വഴികള്‍ അന്വേഷിക്കുന്നവരാണ് നമ്മള്‍. നമ്മുടെ സമാധാനത്തിന്റെ താക്കോല്‍ നമുക്കുള്ളില്‍ ഉറങ്ങിക്കിടക്കുന്നതോ ഉണര്‍ന്നിരിക്കുന്നതോ ആയ കല തന്നെയാണെന്ന പക്ഷക്കാരിയാണ് പ്രിയ ടീച്ചര്‍. പുരക്കകത്തേക്ക് കടക്കുമ്പോള്‍ തന്നെ നമുക്ക് ലഭിക്കുന്ന ആത്മസംതൃപ്തിയും സന്തോഷവും ഈ പക്ഷം ശരിയാണെന്ന് നമുക്ക് മനസിലാക്കി തരുന്നു. ഒരു കഥയെഴുതാനോ കവിതയെഴുതാനോ ചിത്രം വരക്കാനോ തോന്നിപ്പിക്കുന്ന അന്തരീക്ഷം കൂടിയാണ് പുരയുടേത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
കല്ല് മുതല്‍ കടലാസ് വരെ എന്തിലും ചിത്രം വരക്കാമെന്ന് നമുക്ക് പുരയിലേക്ക് കടക്കുമ്പോഴേ മനസിലാകും. കലയ്ക്ക് അതിര്‍വരമ്പുകളില്ല എന്നാണ് പ്രിയ ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ‘ബോഡര്‍ വരച്ച ഒരു പേപ്പറിനുള്ളില്‍ ഒരിക്കലും കലയ്ക്ക് ഒതുങ്ങി നില്‍ക്കാനാവില്ല, എന്തും കാന്‍വാസാക്കാന്‍ കഴിയണം. ഒരു തുണ്ട് കടലാസ് മുതല്‍ കല്ല് വരെ മാധ്യമമാണ്’ ടീച്ചര്‍ പറയുന്നു.
പുരയില്‍ കയറി അവിടുത്തെ ചിത്രങ്ങളും അന്തരീക്ഷവും കണ്ടപ്പോള്‍ എനിക്ക് തോന്നി ഈ മാങ്കുറ്റിപ്പാടത്തുള്ളവര്‍ എത്ര ഭാഗ്യം ചെയ്തവരാണ്, സമാധാനം കിട്ടാനൊരിടം സ്വന്തമായി ഉള്ളവരല്ലേ അവര്‍! പുരയില്‍ കുട്ടികളുടെയും വലിയ വലിയ സംഭാവനകളുണ്ട്, കൊച്ചു ചിത്രമാകാം പക്ഷെ അതൊക്കെ വലിയ സംഭാവന തന്നെയാണ്. പെയിന്റിങുകളും ഫോട്ടോഗ്രാഫുകളും അങ്ങനെ അങ്ങനെ.. മാവിന്‍ചുവട്ടിലെ ഒരു കൊച്ചു വീട്ടില്‍ ഒരു പാട്ടൊക്കെ കേട്ട് തണുത്ത കാറ്റേറ്റ് ഉമ്മറത്തിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? എല്ലാവരും സ്വപ്നം കാണുന്ന അത്തരമൊരു വീട് കൂടിയാണ് പുര.
കുട്ടികളല്ലേ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്തയില്‍ നിന്ന്, കുട്ടികളല്ലേ അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന ചിന്തയാണ് പ്രിയ ടീച്ചറെ ഒരു നല്ല കലാ അധ്യാപികയാക്കി മാറ്റുന്നതും അവരെ വ്യത്യസ്തയാക്കുന്നതും. പല സ്‌കൂളുകളിലും ആര്‍ട്ട് ടീച്ചര്‍ എന്നത് വെറുതെ ഒരു തസ്തിക മാത്രമായി ഒതുങ്ങുമ്പോള്‍ അവര്‍ക്കൊക്കെ മാതൃകയായി ഇപ്പോള്‍ പുതിയ കലാസൃഷ്ടികളുടെ പണിപ്പുരയിലാണ് പ്രിയ ടീച്ചര്‍. 25 വര്‍ഷമായി കലാ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന ഈ ടീച്ചര്‍ മറ്റ് കലാ അധ്യാപകര്‍ക്കും ഒരു പ്രചോദനമാണ്. കല ഒരു വിഷയമായി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അതിനെ ഒരു രണ്ടാം തര വിഷയമായാണ് പല അധ്യാപകരും സ്‌കൂളുകളും കണക്കാക്കുന്നത്. കലാ അധ്യാപകരും ഒരു പരിധി വരെ അങ്ങനെ തന്നെ. എന്നാല്‍ കല എന്നത് മനസിനെ ശാന്തമാക്കാനും കുട്ടികളില്‍ അച്ചടക്കവും, ക്ഷമയും, ശ്രദ്ധയുമൊക്കെ വളര്‍ത്താനുള്ള ഒരു ഉപാധിയാകുന്നുവെന്നും തിരിച്ചറിഞ്ഞാണ് പ്രിയ ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
കലാകാരന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ പലപ്പോഴും സഹാനുഭൂതിയുള്ളവരും സ്നേഹം നിറഞ്ഞവരുമാണ്. കലാകാരന്മാര്‍ നിരീക്ഷണ പാഠവമുള്ളവരായിരിക്കും, അവര്‍ക്ക് തങ്ങളുടെ ജീവിതത്തിനപ്പുറം മറ്റനേകം ജീവിതങ്ങളും കാണാനാകും. ഈ കാര്യങ്ങള്‍ കുഞ്ഞിലെ പഠിച്ചു വളരുന്നത് വ്യക്തിത്വ രൂപീകരണത്തിന് എത്രയധികം സഹായകമാണെന്നത് നമ്മുടെ അധ്യാപകരും വിദ്യാലയങ്ങളും മറന്നുപോകുന്നു. ഇതൊരു വലിയ കാര്യമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചിന്തിക്കേണ്ട വസ്തുത. ഒരു പെയിന്റ് ബ്രഷെടുത്ത് ചിത്രത്തിന്റെ ഭാഗമാകുമ്പോഴോ, ഒരു പാട്ടിന്റെ രണ്ടുവരി പാടുമ്പോഴോ കിട്ടുന്ന അഭിനന്ദനം വിദ്യാര്‍ഥികളുടെ മനസില്‍ മായാതെ കിടക്കും. അവര്‍ കുട്ടികളല്ലെ അവര്‍ക്കത് ധാരാളമാണ്, പക്ഷെ അവസരങ്ങളുണ്ടാക്കേണ്ടത് നമ്മളാണ്.
ചിലപ്പോഴൊക്കെ ഏതെങ്കിലും വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചില മനുഷ്യരുടെ മുഖം ഓര്‍മയിലേക്ക് ഓടി വരും, അത്തരത്തില്‍ തൊഗാരി എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ഓടി വരുന്നത് പ്രിയ ടീച്ചറുടെ മുഖമാണ്. വടക്കാഞ്ചേരി എംആര്‍എസില്‍ നിന്ന് കാടിന്റെ മക്കളെ മട്ടാഞ്ചേരി വരെ എത്തിച്ച പ്രിയ ടീച്ചര്‍ അന്നേ ഒരു പ്രചോദനവും സന്തോഷവുമായിരുന്നു. ‘എന്റെ മക്കള്‍’ എന്ന് ഒട്ടും കളങ്കമില്ലാതെ പറയുന്ന ഒരു അധ്യാപിക, ഇതില്‍ കൂടുതല്‍ എന്താണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്? തൊഗാരി ഒരു പെയിന്റിങ് എക്സിബിഷന്‍ എന്നതിനപ്പുറം വടക്കാഞ്ചേരി എംആര്‍എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു പുതിയ ജീവിതം തന്നെയായിരുന്നു നല്‍കിയത്. ആദ്യമായി കടല് കാണുന്നതും, വലിയ വണ്ടികള്‍ കാണുന്നതും, ഒത്തിരി ഒത്തിരി മനുഷ്യരെ കാണുന്നതുമെല്ലാം എത്രത്തോളം കൗതുകകരമാണെന്ന് അവരുടെ കണ്ണില്‍ നോക്കിയാല്‍ മനസിലാകും. തൊഗാരി എക്സിബിഷന് വേണ്ടി പുറത്തേക്കിറങ്ങിയ കുട്ടികള്‍ തങ്ങളുടെ നിറത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യത്തിന് നമ്മളാണ് സുന്ദരന്മാര്‍ എന്ന വാക്കില്‍ നിറച്ച ആത്മവിശ്വാസം വളരെ വലുതായിരുന്നു. തൊഗാരി പ്രിയ ടീച്ചര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഒരു തുടക്കം മാത്രമായിരുന്നു. വടക്കാഞ്ചേരി എംആര്‍എസിലെ കുട്ടികള്‍ എവിടെയും കാന്‍വാസ് കണ്ടെത്താന്‍ പഠിച്ചിരുന്നു. അങ്ങനെ അവര്‍ പാറക്കഷണങ്ങള്‍ കാന്‍വാസാക്കി മാറ്റി നിരവധി ചിത്രങ്ങള്‍ വരച്ചിരുന്നു. ആ ചിത്രം ഇന്ന് അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിന്റെ കവര്‍ പേജാണ്. അത് ആ കുട്ടികള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും സന്തോഷവും വാക്കുകള്‍ക്ക് അതീതമാണ്.
പ്രിയ ഷിബു എന്ന അധ്യാപിക എപ്പോഴും അതിരുകള്‍ ഭേദിച്ച് പുറത്തുവരാന്‍ വെമ്പല്‍കൊള്ളുന്ന വ്യക്തിയാണ്. ഇത്തരം അധ്യാപകര്‍ വിദ്യാര്‍ഥികളുടെ കാഴ്ച്ചപ്പാടിനെയും മാറ്റും. അത്തരത്തില്‍ ഒരു വേറിട്ട ചിന്താഗതിയാണ് ഇപ്പോള്‍ ടീച്ചര്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ പി ഭാസ്‌കരന്‍ മെമോറിയല്‍ സ്‌കൂളിലും നടത്തുന്നത്. പി ഭാസ്‌കരന്‍ മാഷിന്റെ ജന്മശതാബ്ധിയോടനുബന്ധിച്ച് നാളികേരത്തിന്റെ നാടായ കൊടുങ്ങല്ലൂരില്‍ ചിരട്ടയില്‍ ചിത്രം വരക്കാമെന്നാണ് ടീച്ചറുടെ പുതിയ ആശയം. 100 ചിരട്ടയില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുക എന്നതാണ് ആശയം. ഇത്തരം ആശയങ്ങള്‍ കുട്ടികളുടെ മനസിലും കലയെക്കുറിച്ചുള്ള ചിന്ത അപ്പാടെ മാറ്റി മറിക്കും. ഇങ്ങനെയാണ് ഓരോ ടീച്ചര്‍മാരും കുട്ടികളുടെ മനസിലും ജീവിതത്തിലും സ്ഥാനം പിടിക്കുന്നത്.
പുര എന്ന ആര്‍ട്ട് സ്റ്റുഡിയോ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാ മനുഷ്യര്‍ക്കും അല്‍പനേരം ചെന്നിരിക്കാനൊരിടമാണ്. അവിടെയെത്തുന്ന ഓരോരുത്തരും പ്രിയ ടീച്ചറുടെയും കുടുംബത്തിന്റെയും അതിഥികളുമാണ്. ചിത്രങ്ങള്‍ കാണാനും, വരക്കാനും വെറുതെ അല്‍പം കാറ്റുകൊണ്ടിരിക്കാനുമൊക്കെ പറ്റിയ സ്ഥലം കൂടിയാണ് പുര. കലയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം മനസിലാക്കി അതിനെ കുട്ടികളിലെത്തിക്കുന്ന അധ്യാപികയുടെ ആശയം എല്ലാ മനുഷ്യനും ഒരിക്കലെങ്കിലും പോകാനാഗ്രഹിച്ച മാവിന്‍ ചുവട്ടിലെ ആ വീടായി മാറി. meet Priya Shibu, a variety art teacher
meet Priya Shibu, a variety art teacher
Content Summary: meet Priya Shibu, a variety art teacher