February 13, 2025 |
Share on

സ്ത്രീയെക്കാള്‍ കൂടുതല്‍ ‘വളരുന്ന’ പുരുഷന്‍

ആണ്‍-പെണ്‍ ശരീരഘടനയിലെ വ്യത്യാസങ്ങളെക്കുറിച്ച് പുതിയ പഠനം

പുരുഷന്മാർ എങ്ങനെയാണ് ഇത്രയും ഉയരവും ഭാരവും വെക്കുന്നതെന്ന് പലരും തമാശയോടെ പറയാറുണ്ട്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ ഇരട്ടി വേ​ഗത്തിൽ വളരുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട് പറയുന്നു.

റോഹാംപ്ടൺ സർവ്വകലാശാലയിലെ പ്രൊഫ. ലൂയിസ് ഹാൽസിയുടെ നേതൃത്വത്തിൽ, ഒരു കൂട്ടം ഗവേഷകർ ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ പുരുഷൻമാരുടെ ഉയരവും ഭാരവും വർദ്ധിക്കാൻ കാരണമാകുന്നു. പുരുഷന്മാർ സ്ത്രീകളേക്കാൾ പ്രാധാന്യം നേടുന്നുവെന്നതാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

പരിണാമ സിദ്ധാന്തത്തിന്റെ ഭാ​ഗമായി പറയപ്പെടുന്ന ലൈം​ഗിക തിരഞ്ഞെടുപ്പ്(സെക്ഷ്വൽ സെലക്ഷൻ) എങ്ങനെയാണ് സ്ത്രീ-പുരുഷ ശരീരത്തെ രൂപപ്പെടുത്തിയതെന്ന് പഠനത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. മെച്ചപ്പെട്ട ഭക്ഷണവും ​രോ​ഗങ്ങൾ പിടിപെടുന്നത് കുറയുന്നതും വളർച്ചയിൽ ഉണ്ടാകുന്ന വ്യത്യാസത്തിന് ഒരു പ്രധാന കാരണമാണെന്ന് പ്രൊഫ. ലൂയിസ് ഹാൽസി പറഞ്ഞു.

ആയുർദൈർഘ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവ അളക്കുന്ന ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിന്റെ(എച്ച്ഡിഐ) അടിസ്ഥാനത്തിലും വിശകലനം നടത്തി. പല രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോൾ എച്ച്‌ഡിഐയിൽ ഓരോ 0.2 പോയിൻ്റിലും സ്ത്രീകൾ 1.7 സെൻ്റീമീറ്റർ ഉയരവും 2.7 കിലോഗ്രാം ഭാരവും വർദ്ധന കാണിച്ചു. അതേസമയം, പുരുഷന്മാർ 4 സെൻ്റീമീറ്റർ ഉയരവും 6.5 കിലോയും വർദ്ധിക്കുന്നതായാണ് കാണാൻ സാധിച്ചത്.

കൂടുതൽ മനസിലാക്കുന്നതിനായി ​ഗവേഷകർ യുകെയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരവ്യത്യാസങ്ങൾ കൂടി പരിശോധിച്ചു. യുകെയിൽ, പുരുഷന്മാരുടെ ശരാശരി ഉയരം 170 സെന്റീമീറ്ററിൽ നിന്ന് 177സെന്റീമീറ്റർ ആയി ഉയർന്നുവെന്ന് കണ്ടെത്തി. എന്നാൽ സ്ത്രീകൾക്ക് ചെറിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 1905 ൽ ജനിച്ച നാലിൽ ഒരു സ്ത്രീക്ക് ശരാശരി പുരുഷനേക്കാൾ ഉയരമുണ്ടായിരുന്നു.1958ൽ ഇത് എട്ടിൽ ഒരാളായി കുറഞ്ഞു.

ഉയരമുള്ളതും ശക്തനുമായ പുരുഷന്മാരോടുള്ള സ്ത്രീകളുടെ താൽപര്യം പുരുഷന്മാർക്ക് കൂടുതൽ ഉയരവും ഭാരവും ഉണ്ടാകുന്ന ഒരു ട്രെൻഡിലേക്ക് നയിച്ചിരിക്കാമെന്ന് ബയോളജി ലെറ്റേഴ്സിലെ ഒരു പഠനം സൂചിപ്പിക്കുന്നു. ഉയരവും ശരീരഘടനയും ആരോഗ്യത്തെയും ഉന്മേഷത്തെയും സൂചിപ്പിക്കുന്നതാണ്.കുടുംബത്തെ സംരക്ഷിക്കാൻ കഴിയുന്ന പുരുഷന്മാർക്ക് ഇത് അനുകൂലമായ അവസ്ഥയാണ്. സ്ത്രീകൾക്ക് അവരുടെ ഉയരത്തിൽ ആകർഷണവും തോന്നാമെന്നും ആരോഗ്യകരമായ ഒരു ബന്ധം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കുമെന്നും പ്രൊഫ. ലൂയിസ് ഹാൽസി പറഞ്ഞു.

പുരുഷൻമാർ ഉയരം കുറഞ്ഞ സ്ത്രീകളെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ഉയരമുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഉയരം അധികമായാൽ അതിന് ദോഷങ്ങളുമുണ്ട്. മ്യൂട്ടേഷനുകൾക്ക് സാധ്യതയുള്ള കൂടുതൽ കോശങ്ങൾ കാരണം ചില ക്യാൻസറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടിലുണ്ട്.

സ്ത്രീകളുടെ പ്രത്യുത്പാദനപരമായ കഴിവ് അവരെ കൂടുതൽ പാരിസ്ഥിതികമായി പരിമിതപ്പെടുത്തിയെന്നും പുരുഷന്മാർ നല്ല പോഷകാഹാരത്തോട് കൂടുതൽ താൽപര്യം കാണിക്കുന്നുവെന്നും അതാണ് ഉയരവും ഭാരവും വർദ്ധിക്കാൻ കാരണമെന്നും മിനസോട്ട സർവകലാശാലയിലെ പ്രൊഫ. മൈക്കൽ വിൽസൺ അഭിപ്രായപ്പെട്ടു. ഊർജം കൂടുതലുള്ള ഭക്ഷണം പുരുഷന്മാരെ സ്ത്രീകളേക്കാൾ വളർച്ചയുള്ളവരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content summary: Men Have Grown Twice as Much as Women, New study on differences in male-female body composition
Gender reproduction male-female body composition

×