ലഹരി മാഫിയ തലവന്‍ എല്‍ മെഞ്ചോയുടെ വധം; കലുഷിതമായി മെക്‌സിക്കോ

സൈനിക ഓപ്പറേഷനിലാണ് 59-കാരനായ എല്‍ മെഞ്ചോ കൊല്ലപ്പെട്ടത്

‘El Mencho- Mexico

ലഹരി മാഫിയാ തലവന്‍ ‘എല്‍ മെഞ്ചോ’യെ സൈന്യം വധിച്ചതിനു പിന്നാലെ മെക്‌സിക്കോയെ കലുഷിതമാകുന്നു. രാജ്യം കടുത്ത സുരക്ഷാ വെല്ലുവിളികള്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള അക്രമസംഭവങ്ങളും തെരുവ് യുദ്ധങ്ങളും പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ തപാല്‍പയില്‍ വെച്ച് നടന്ന സൈനിക ഓപ്പറേഷനിലാണ് 59-കാരനായ എല്‍ മെഞ്ചോ കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററുകളും റോക്കറ്റ് ലോഞ്ചറുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ലഹരി മാഫിയ സൈന്യത്തെ നേരിട്ടതോടെ പ്രദേശം യുദ്ധക്കളമായി മാറിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്ന ഭീകരസംഘടനയുടെ തലവനായ എല്‍ മെഞ്ചോയ്ക്കൊപ്പം ആറ് അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് മെക്‌സിക്കന്‍ പ്രത്യേക സേന ഈ നിര്‍ണ്ണായക നീക്കം നടത്തിയത്.

എല്‍ മെഞ്ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജാലിസ്‌കോ ഉള്‍പ്പെടെയുള്ള എട്ടോളം സംസ്ഥാനങ്ങളില്‍ അക്രമം പടര്‍ന്നുപിടിച്ചു. അക്രമികള്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുകയും ബസ്സുകളും കാറുകളും തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ ആകാശത്തേക്ക് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് എയര്‍ കാനഡ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി. വരാനിരിക്കുന്ന 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളില്‍ ഒന്നായ ഗ്വാഡലഹാരയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടുന്ന കാഴ്ചയും പുറത്തു വന്നിരുന്നു.

സംഘര്‍ഷങ്ങളില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം ഉള്‍പ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സാഹചര്യം കണക്കിലെടുത്ത് ജാലിസ്‌കോ ഗവര്‍ണര്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പൊതുഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ ലഹരി കടത്തുകാരിലൊരാളായ എല്‍ മെഞ്ചോയെ പിടികൂടുന്നവര്‍ക്ക് അമേരിക്ക 15 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബാം അറിയിച്ചു. പത്തുപതിറ്റാണ്ടിനിടെ മെക്‌സിക്കന്‍ ലഹരി മാഫിയയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ വിജയമായാണ് എല്‍ മെഞ്ചോയുടെ വധത്തെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Content Summary; Mexican security forces killed drug cartel boss ‘El Mencho’ Violence erupts in country

This post was last modified on February 23, 2026 4:22 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment