June 04, 2026 |
Share on

ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ പൊതു വോട്ടെടുപ്പ്; ചരിത്ര ‘വിധി’ക്ക് മെക്സിക്കോ

കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി ജഡ്ജിമാരെ വരെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവകാശം ലഭിക്കുന്നു

എല്ലാ തലത്തിലുമുള്ള കോടതികളിലെ ജഡ്ജിമാരെ പൊതു വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലേക്ക് അടുത്ത് മെക്സിക്കോ. ജൂൺ ഒന്ന് മുതലാണ് ചരിത്രപരമായ ചുവടുവെയ്പ്പ് രാജ്യം നടത്തുക. തീരുമാനം നടപ്പിലാകുന്നതോടെ പ്രാദേശിക കോടതി മജിസ്ട്രേറ്റ് മുതൽ സുപ്രീം കോടതി ജസ്റ്റിസിനെ വരെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവകാശം ലഭിക്കുന്നു.

കോൺഗ്രസിൽ മതിയായ ഭൂരിപക്ഷം നേടിയതിനുശേഷം ഭരണഘടന കൂടുതൽ സ്വാതന്ത്ര്യം നേടാൻ ഭരണകക്ഷിയായ മൊറീന പാർട്ടിയും സഖ്യകക്ഷികളും സ്വീകരിച്ച ഏറ്റവും കടുത്ത നടപടിയാണ് ഈ പരിഷ്കരണം.

മെക്സിക്കോയിലെ നീതിന്യായ വ്യവസ്ഥ പരിഷ്കരിക്കേണ്ടതുണ്ടെന്നത് പല തവണ ഉയർന്നുകേട്ട ആവശ്യമായിരുന്നു. രാജ്യത്ത് പലപ്പോഴും പൗരന്മാരുടെ നീതി നിഷേധിക്കപ്പെടുകയും അഴിമതി വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് മൊറീന ആരോപിച്ചതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കുറ്റവാളികൾ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്നും അതിനാൽ പുതിയ നടപടി ജനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുമെന്നും മൊറീന പറഞ്ഞു.

ലോകത്തിലെ ആദ്യ ജനാധിപത്യ പരീക്ഷണമാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പൊതു വോട്ടിലൂടെ എല്ലാ ജഡ്ജിമാരെയും തിരഞ്ഞെടുക്കാനുള്ള നടപടി നിരവധി ആശങ്കകളും ഉയർത്തിയിട്ടുണ്ട്. കുറഞ്ഞ പോളിംഗ് ശതമാനം, രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത, സംഘടിത കുറ്റകൃത്യങ്ങൾ വർദ്ധിക്കുക തുടങ്ങിയ വെല്ലുവിളികൾ ഇതിലൂടെ ഉണ്ടാകാമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

പരിഷ്കരണം അധികാര വിഭജനത്തെ ദുർബലപ്പെടുത്തുകയും കുറ്റകൃത്യങ്ങളിലേർപ്പെട്ട സ്ഥാനാർത്ഥികൾ സുപ്രധാന പദവികളിലെത്തിക്കുമെന്നും വിമർശനങ്ങൾ ഉയർന്നു. പരിഷ്കരണം പരിഹരിക്കാൻ ലക്ഷ്യമിടുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും വിമർശകർ പറഞ്ഞു.

മെക്സിക്കോയിലെ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ ഡെലിയ ക്വിറോവ പരിഷ്കരണത്തോട് യോജിക്കുന്നില്ലെങ്കിലും തന്നെപ്പോലുള്ളവർക്ക് ഒരു ഫെഡറൽ ജഡ്ജിയാകാനുള്ള അപൂർവ അവസരം ലഭിക്കുന്നുവെന്ന് അറിയിച്ചു. ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ് ക്വിറോവ. തനിക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ താൽപ്പര്യമില്ലെന്നും മെക്സിക്കോയിൽ മാറ്റം വരണമെന്ന് മാത്രമാണ് ആ​ഗ്രഹിക്കുന്നതെന്നും പ്രചാരണ വേളയിൽ ക്വിറോവ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. പതിവ് തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ പാടില്ല. സ്ഥാനാർത്ഥികൾക്ക് റേഡിയോ, ടിവി പരസ്യങ്ങൾ ചെയ്യാനും അനുവാദമില്ല. അതിനാൽ അജ്ഞാതരായ സ്ഥാനാർത്ഥികൾ ലഘുലേഖകൾ വിതരണം ചെയ്തോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തോ ആണ് പ്രചാരണം നടത്തുന്നത്.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണവും വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വോട്ടർമാർക്ക് കുറഞ്ഞത് ആറ് ബാലറ്റുകളാണ് ലഭിക്കുക. ഓരോന്നിലും ഡസൻ കണക്കിന് അപരിചിതമായ പേരുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. പരിഷ്കരണത്തെ പിന്തുണയ്ക്കുന്നവർക്ക് പോലും സ്ഥാനാർത്ഥികളെ അറിയില്ല.

കഴിഞ്ഞ വർഷമാണ് ജഡ്ജിമാരുടെ പൊതുതിരഞ്ഞെടുപ്പിനുള്ള വിവാദ ബില്ലിന് മെക്സിക്കോ പാർലമെന്റ് അംഗീകാരം നൽകിയത്. അന്നും ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. “ജുഡീഷ്യറി വീഴില്ല”-എന്ന മുദ്രാവാക്യം മുഴക്കി നൂറുകണക്കിനു പ്രക്ഷോഭകർ പാർലമെന്റിലേക്ക് ഇരച്ചുകയറിയതിനാൽ എം.പി.മാർ പഴയ സെനറ്റ് കെട്ടിടത്തിലേക്ക് മാറിയാണ് വോട്ടുചെയ്തത്.

Content Summary: Mexico judicial election; country makes a historic step

Leave a Reply

Your email address will not be published. Required fields are marked *

×