മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്നു. അമേരിക്കന്‍-ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ മൂന്നാം ദിവസവും തുടരുന്നതിനിടെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെയാണ് സാഹചര്യം അതീവഗുരുതരമായത്. വരും ആഴ്ചകളിലും ആക്രമണം തുടരുമെന്ന സൂചനയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും നല്‍കുന്നത്.
സൗദി അറേബ്യയിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. റിയാദിലെ യു.എസ് എംബസിയില്‍ രണ്ട് ഡ്രോണുകള്‍ പതിച്ചതായും കെട്ടിടത്തിന് ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, അല്‍-ഖര്‍ജ് നഗരങ്ങള്‍ക്ക് സമീപം എട്ട് ഡ്രോണുകള്‍ സൗദി സൈന്യം വെടിവെച്ചിട്ടു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് റിയാദ്, ജിദ്ദ, ദഹ്റാന്‍ എന്നിവിടങ്ങളില്‍ സുരക്ഷാ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തിങ്കളാഴ്ചയും ബോംബാക്രമണം തുടര്‍ന്നു. പോരാട്ടം ലബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇറാന്‍ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടിയായി ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയും ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്.
യുദ്ധം ആഗോള സാമ്പത്തിക മേഖലയെയും ബാധിച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഷ്യന്‍ വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ദക്ഷിണ കൊറിയയിലെ വിപണി 4 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍, ടോക്കിയോയില്‍ 2 ശതമാനവും ചൈനയില്‍ 1 ശതമാനവും ഇടിവുണ്ടായി. മിഡില്‍ ഈസ്റ്റിലെ അസ്ഥിരത നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇറാന്‍ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം പാകിസ്ഥാനിലും ആളിപ്പടരുകയാണ്. അമേരിക്കന്‍-ഇസ്രയേല്‍ നടപടിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച കറാച്ചിയിലെ കോണ്‍സുലേറ്റിന് നേരെ ജനക്കൂട്ടം ആക്രമണത്തിന് മുതിര്‍ന്നതിനെത്തുടര്‍ന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയും ലാഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും വെള്ളിയാഴ്ച വരെയുള്ള എല്ലാ വിസ അഭിമുഖങ്ങളും റദ്ദാക്കിയിട്ടുണ്ട്
അതേസമയം, പെന്റഗണിലെ മാധ്യമ നിയന്ത്രണങ്ങളെച്ചൊല്ലി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. യുദ്ധത്തിന്റെ സമയപരിധിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഹെഗ്സെത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. മുന്‍പ് യുദ്ധങ്ങളെ എതിര്‍ത്തിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളില്‍ വന്ന മാറ്റവും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
Content Summary: Middle East Crisis: Iran Escalates Retaliatory Strikes, Donald Trump Signals Long Battle. US-Israel War on Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.