June 04, 2026 |

ഒത്തു തീര്‍പ്പായ കേസില്‍ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പൊലീസിന്റെ പരാക്രമം

കേസ് അവസാനിച്ചത് അറിഞ്ഞില്ലത്രേ!

കൊല്ലത്ത് ഒത്തുതീർപ്പായ കേസിൽ ഗൃഹനാഥനെ അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത കേസിൽ ഡിജിപിക്ക് പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി സമർപ്പിക്കുമെന്നും പള്ളിമൺ സ്വദേശി അജി പറഞ്ഞു. കേസ് അവസാനിച്ചത് അറിഞ്ഞില്ല എന്നായിരുന്നു സംഭവത്തിൽ ചാത്തന്നൂർ പൊലീസിന്റെ വിശദീകരണം. എന്നാൽ അർദ്ധരാത്രി വീട്ടിൽ വന്ന് ഇതുപോലുള്ള അതിക്രമങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും, നീതിക്ക് വേണ്ടി ഏത് അറ്റം വരെയും പോകുമെന്നും അജി പറഞ്ഞു.

”വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും, അത് എത്രയോ ഭീകരമായിരുന്നുവെന്ന്. ഭാര്യയും കുട്ടികളും കരയുന്നതും വീഡിയോയിൽ കാണാം. ഇനി ഒരു വീട്ടിലും ഇതുപോലെ ഒരു അവസ്ഥയുണ്ടാകരുത്. ഞാനൊരു പ്രശ്‌നക്കാരനല്ല, ഇതുവരെ എന്തെങ്കിലുമൊരു പ്രശ്‌നത്തിന് പൊലിസ് സ്‌റ്റേഷനിൽ കയറേണ്ടതായി വന്നിട്ടുമില്ല.” അജി കൂട്ടിച്ചേർത്തു.

ഒത്തുതീർപ്പായ കേസിൽ വാറണ്ട് ഓർഡറുമായി ഇന്നലെ രാത്രിയാണ് വീട്ടിൽ കയറി പൊലീസ് ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം പള്ളിമൺ സ്വദേശി അജിയുടെ വീട്ടിലാണ് ഇന്നലെ ചാത്തന്നൂർ സിഐയും സംഘവും എത്തിയത്. തൻറെ പേരിൽ കേസില്ലെന്ന് പറഞ്ഞിട്ടും വീട്ടിൽ കയറി പൊലീസ് അതിക്രമം നടത്തിയെന്നാണ് അജിയുടെ പരാതി. വസ്ത്രം മാറാൻ പോലും സമയം നൽകാതെ ഭാര്യയ്ക്കും പെൺമക്കക്കും മുന്നിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയെന്നും അജി വ്യക്തമാക്കി.

അർധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിൻറെ വിശദീകരണം. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചു.

എസ്എച്ച്ഒ അനൂപ് ഉൾപ്പെടെ അഞ്ചോളം പൊലീസുകാരാണ് എത്തിയത്. മതിൽ ചാടിയാണ് എത്തിയത്. പെട്ടെന്ന് വാതിൽ തുറക്കാൻ പറഞ്ഞുവെന്ന് അജി പറഞ്ഞു. ആക്രോശിച്ചുകൊണ്ട് അകത്തേക്ക് കയറി. കിടക്കുകയായിരുന്ന താൻ എഴുന്നേൽക്കുന്നതിന് മുമ്പ് പിടിച്ചുവലിച്ചിഴച്ചു. വസ്ത്രം പോലും മാറ്റാൻ സമയം തന്നില്ല. പെൺകുട്ടികളും ഭാര്യയും നിലവിളിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. പൊലീസ് വീട്ടിൽ കയറുന്നതും അജിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിൻറെയും ദൃശ്യങ്ങളും പുറത്തുവന്നു.

വസ്ത്രമൊന്നും മാറണ്ടെന്നും വന്നില്ലെങ്കിൽ ഇടിച്ചിട്ട് കൊണ്ടുപോകുമെന്നും പൊലീസ് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഏറെ നേരം അപേക്ഷിച്ചശേഷമാണ് അജിയെ ഷർട്ട് ധരിക്കാൻ പോലും പൊലീസുകാർ അനുവദിച്ചത്. അജിയും മറ്റൊരാളും തമ്മിൽ കടമുറിയുടെ വാടക തർക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നു. അത് കോടതിയിലേക്കും എത്തിയിരുന്നതാണ്. എന്നാൽ, അത് ജനുവരിയിൽ ഇരുകക്ഷികളും തമ്മിൽ ഒത്തുതീർപ്പായിരുന്നു. ഇതിനിടെയാണ് പൊലീസിൻറെ അതിക്രമമെന്നാണ് പരാതി.

പോലിസിന്റെ ഇത്തരം പരാക്രമങ്ങൾ കേരളത്തിൽ പുതിയതല്ല. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിൽ വിവാഹത്തോടനുബന്ധിച്ചുള്ള പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പൊലീസ് അകാരണമായി ലാത്തി വീശി എന്നായിരുന്നു പരാതി. ഇതിൽ ചിലർക്ക് കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു. സ്ത്രീകൾ അടക്കമുള്ളവരെയാണ് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ആക്രമിച്ചത്.

പത്തനംതിട്ടയിൽ തന്നെ റിപ്പോർട്ട് ചെയ്ത മറ്റൊരു കേസായിരുന്നു പൊലീസ് ബാർ ജീവനക്കാരെ അകാരണമായി ഉപദ്രവിച്ചു എന്നത്. ബാറിന്റെ പ്രവർത്തനസമയം കഴിഞ്ഞ് രാത്രി അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വന്നുവെന്നാണ് ബാർ ജീവനക്കാരൻ പറഞ്ഞത്. തുടർന്ന് ഈ ചെറുപ്പക്കാർ ബാറിൻ്റെ ചില്ലുവാതിലിലുംമറ്റും ശക്തമായി അടിക്കുകയും ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബാർ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്. പ്രശ്‌നമുണ്ടാക്കിയ യുവാക്കൾ പിന്നീട് ബൈക്കിൽ കയറി പോയി. എന്നാൽ, ഇതിന് ശേഷവും പരാതിക്കാർ ബാറിന് മുന്നിലെ റോഡിലുണ്ടായിരുന്നു. ഇവർക്കടുത്തേക്കാണ് പൊലീസ് വാഹനം എത്തുകയും ചാടിയിറങ്ങിയ പൊലീസുകാർ മർദനം അഴിച്ചുവിടുകയും ചെയ്തത്. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയ പൊലീസുകാർ റോഡിലൂടെ നടന്നുനീങ്ങുകയായിരുന്ന പരാതിക്കാരിയേയും കൂടെയുള്ളവരെയും അടിച്ചോടിക്കുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്.

content summary; midnight detention of the householder in a settled case in kollam

Leave a Reply

Your email address will not be published. Required fields are marked *

×