June 26, 2026 |
Share on

‘ ഒരു വീട്ടില്‍ 947 വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാന്ത്രികതയോ!’

ബിഹാര്‍ വോട്ടര്‍ പട്ടിക പൊരുത്തക്കേടില്‍ പുതിയ പരാതിയുമായി കോണ്‍ഗ്രസ്

ബിഹാറിലെ വോട്ടര്‍ പട്ടിക പൊരുത്തുക്കേടുകളില്‍ പുതിയ പരാതിയുമായി കോണ്‍ഗ്രസ്. ബോധ് ഗയയിലെ നിദാനി ഗ്രാമത്തിലെ 947 വോട്ടര്‍മാരുടെയും പേരുകള്‍ ഒരൊറ്റ വീട്ടുനമ്പറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. എന്നാല്‍ ഈ പരാതിയോട് പ്രതികരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്, ആ പ്രദേശത്തെ വീടുകള്‍ക്ക് നിയുക്ത നമ്പറുകള്‍ ഇല്ലാത്തതിനാല്‍ വീട്ടു നമ്പര്‍ ‘സാങ്കല്‍പ്പികം’ ആണെന്നാണ്.

കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക എക്‌സ് അകൗണ്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ചുകൊണ്ടാണ് ഈ പരാതി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ അത്ഭുതം’ എന്നാണ് പാര്‍ട്ടി പരിഹസിക്കുന്നത്. ‘ഔദ്യോഗിക വോട്ടര്‍ പട്ടികയില്‍ – 947 വോട്ടര്‍മാര്‍ ഒരേ വീട്ടില്‍ (വീട് നമ്പര്‍ 6) താമസിക്കുന്നു. യാഥാര്‍ത്ഥ്യമോ? നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ട്, പക്ഷേ പട്ടിക മുഴുവന്‍ ഗ്രാമത്തെയും ഒരു സാങ്കല്‍പ്പിക ഭവനമാക്കി മാറ്റി.’; എക്‌സില്‍ കുറിച്ച വാചകങ്ങളാണ്.

ബൂത്ത് ലെവല്‍ ഓഫീസറുടെ വീടുതോറുമുള്ള പരിശോധനയെ പാര്‍ട്ടി ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ടാണ് യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നുമാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. സംഭവിച്ചിരിക്കുന്നത് സാധാരണ തെറ്റല്ലെന്നും മറിച്ച് സുതാര്യതയെ പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വീട്ടുനമ്പറുകള്‍ മറയ്ക്കുന്നതിലൂടെ വ്യാജ വോട്ടര്‍മാര്‍, ഡ്യൂപ്ലിക്കേറ്റ് രേഖകള്‍, കള്ള ഐഡന്റിറ്റികള്‍ എന്നിവയുടെ ഉപയോഗത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ഒരു ചെറിയ ഗ്രാമത്തിലെ 947 വോട്ടര്‍മാരെ ഒറ്റ വിലാസത്തിലേക്ക് ‘തള്ളാന്‍’ കഴിയുമെങ്കില്‍, ബിഹാറിലും ഇന്ത്യ മുഴുവനും എത്രത്തോളം ക്രമക്കേടുകള്‍ നടക്കുമെന്ന് സങ്കല്‍പ്പിക്കുക എന്നാണ് കോണ്‍ഗ്രസ് ജനങ്ങളോടായി പറയുന്നത്. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പറയുന്നതുപോലെ – ‘ജനാധിപത്യം മോഷ്ടിക്കപ്പെടുന്നു. നിദാനി അതിന്റെ ജീവിക്കുന്ന തെളിവാണ്,’ പാര്‍ട്ടി കുറിക്കുന്നു.

ഈ പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രതികരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഒരു ഗ്രാമത്തെ മുഴുവന്‍ ഒറ്റ വീട്ടില്‍ താമസിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാന്ത്രികത എന്നായിരുന്നു പാര്‍ട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.

രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങള്‍ക്ക് മറുപടിയായി ഗയ ജില്ലാ ഭരണകൂടം ഗ്രാമവാസികളുടെതായ നാല് വീഡിയോ ക്ലിപ്പുകള്‍ എക്‌സില്‍ പങ്കുവച്ചിരിക്കുകയാണ്.”പല ഗ്രാമങ്ങളിലും വീട്ടുനമ്പറുകള്‍ അനുവദിക്കുന്നില്ല, അതുകൊണ്ടാണ് വോട്ടര്‍ പട്ടികയില്‍ പ്രതീകാത്മക വീട്ടുനമ്പറുകള്‍ നല്‍കിയിരിക്കുന്നത് എന്നാണ് ഈ വീഡിയോ ക്ലിപ്പുകള്‍ പങ്കുവച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്ന വോട്ടര്‍മാരെല്ലാം ഗ്രാമത്തിലുണ്ടെന്നും അവര്‍ യഥാര്‍ത്ഥ വോട്ടര്‍മാരാണെന്നും ജില്ല ഭരണകൂടം വാദിക്കുന്നു. നിഡാനി ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 161-ല്‍ നിന്നുള്ള വോട്ടര്‍മാര്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് വീഡിയോ തെളിവാക്കി കൊണ്ട് ഭരണകൂടം പറയുന്നത്.

ഒരു വോട്ടറുടെ വസതിക്ക് യഥാര്‍ത്ഥ വീട്ടുനമ്പര്‍ ലഭ്യമല്ലാത്തപ്പോള്‍ നല്‍കുന്ന ഒരു സാങ്കല്‍പ്പിക (പ്രതീകാത്മക) വീട്ടുനമ്പറാണ് ‘സാങ്കല്‍പ്പിക വീട്ടുനമ്പര്‍'(Notional House Number). പല ഗ്രാമങ്ങളിലും, ചേരികളിലും, താല്‍ക്കാലിക വാസസ്ഥലങ്ങളിലും, വീടുകള്‍ക്ക് സ്ഥിരമായ വീട്ടുനമ്പറുകള്‍ ഇല്ല എന്നാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പുതിയ പരാതിയെ പ്രതിരോധിച്ചുകൊണ്ട് നല്‍കുന്ന വിശദീകരണം. അത്തരം സന്ദര്‍ഭങ്ങളില്‍, ബിഎല്‍ഒ നേരിട്ട് പ്രദേശം സന്ദര്‍ശിക്കുകയും ഓരോ വീടിനും ഒരു സീരിയല്‍ നമ്പര്‍ (1, 2, 3… പോലുള്ളവ) നല്‍കുകയും ചെയ്യുന്നു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും ശരിയായ ക്രമത്തില്‍ രേഖപ്പെടുത്തുന്നതിനുമുള്ള സൗകര്യത്തിനായി മാത്രമാണ് ഈ നമ്പര്‍. വോട്ടര്‍ തിരിച്ചറിയലിനും വോട്ടര്‍ പട്ടിക ക്രമീകൃതമായി തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ടെന്നും കമ്മീഷന്‍ പറയുന്നു.  Bihar Electoral rolls discrepancies: 947 voters in one house. latest claim from congress party

Content Summary; Bihar Electoral rolls discrepancies: 947 voters in one house. latest claim from congress party

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×