ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത അതിന്റെ വോട്ടര്‍ പട്ടികയുടെ കൃത്യതയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിശോധനാ രീതികളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്രമായ വീടുതോറുമുള്ള പരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് അന്വേഷണത്തില്‍ തെളിയുന്നു. ഒരേ വീട്ടില്‍ ഒരു കൂട്ടം വോട്ടര്‍മാരെ രേഖപ്പെടുത്തുന്ന വോട്ടര്‍ പട്ടികകള്‍ പുറത്തിറങ്ങുന്നതിലേയ്ക്കാണ് ആ അലംഭാവം നയിച്ചത്. പല കേസുകളിലും തങ്ങളുടെ വിലാസത്തില്‍ പെടുത്തിയിട്ടുള്ള മറ്റ് വോട്ടര്‍മാരെ വോട്ടര്‍മാര്‍ തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല, ഇത് ആശങ്കയ്ക്ക് വഴി മാറുന്നു. വോട്ടര്‍ പട്ടികയിലെ ഈ പേരുകളില്‍ പലതും ശരിയായതാണോ അതോ വ്യാജമാണോ എന്നതിനെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.
ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങാത്ത സാഹചര്യത്തില്‍, മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘം നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വോട്ടര്‍ പട്ടികയുടെ അന്വേഷണത്തില്‍, നിരവധി വോട്ടര്‍മാര്‍ ഒരേ വിലാസത്തില്‍ കൂട്ടമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ വോട്ടര്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. വോട്ടര്‍ പട്ടികയുടെ വിശകലനവും നേരിട്ടുള്ള സ്ഥലപരിശോധനയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ബാധിച്ചേക്കാവുന്ന വ്യവസ്ഥാപരമായ പിഴവുകളിലേക്ക് വിരല്‍ചൂണ്ടുന്നു.
ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ (സ്പെഷ്യല്‍ ഇന്റ്റെന്‍സീവ് റിവിഷന്‍) ഈ സമയത്ത് തന്നെയാണ് ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവരുന്നത് എന്നതാണ് പ്രധാനം. ഒക്ടോബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുകയും അതിന്റെ കൃത്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. എന്നാല്‍, വലിയ തോതിലുള്ള ക്രമക്കേടുകളും ‘വോട്ട് മോഷണ’വും നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതോടെ ഈ പ്രത്യേക ദ്രുത വോട്ടര്‍ പട്ടിക പരിശോധന വിവാദമായി മാറി.
വോട്ടര്‍ പട്ടികയില്‍ കുമിഞ്ഞ് കൂടിയ അവ്യക്തവും നിലവിലില്ലാത്തതുമായ വിലാസങ്ങള്‍
ഞങ്ങളുടെ അന്വേഷണ സംഘം കതിഹാര്‍, പൂര്‍ണിയ, മധുബന്‍, ഹര്‍ഷിധി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ ബൂത്ത് തിരിച്ചുള്ള സൂക്ഷ്മമായ പരിശോധന നടത്തി. സംശയാസ്പദമായ വിവരങ്ങള്‍ നല്‍കിയിട്ടുള്ള വിലാസങ്ങളില്‍ നേരിട്ട് പോയി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെയും വിലാസങ്ങളുടെയും നിലനില്‍പ്പ് ഉറപ്പുവരുത്തുകയായിരുന്നു ഈ ഫീല്‍ഡ് വര്‍ക്കിന്റെ ലക്ഷ്യം.
ഈ അന്വേണത്തിന്റെ ഭാഗമായി ഒരു വിലാസത്തില്‍ 80 മുതല്‍ 200 വരെ ആളുകളെ രജിസ്റ്റര്‍ ചെയ്ത നാല് വീടുകളെങ്കിലും സംഘം കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് പട്ടിക അനുസരിച്ച് നാലു മണ്ഡലങ്ങളിലായി ഇത്തരത്തില്‍ കൂട്ടമായി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം ഏകദേശം ഒന്നരലക്ഷത്തോളം വരും. ഈ പ്രദേശങ്ങളില്‍ വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ആളുകള്‍ ഒന്നിച്ച് താമസിക്കുന്നില്ല എന്ന വസ്തുത ഒരേ വിലാസത്തില്‍ ഒരു കൂട്ടം വോട്ടര്‍മാര്‍ ഒരുമിച്ചുണ്ടാകാനുള്ള സാധ്യത ഇല്ല എന്ന് തന്നെ വ്യക്തമാക്കുന്നു.
ഹര്‍ഷിധിയിലെ ഒരു വീട്ടിലെ താമസക്കാര്‍, അതേ വീട്ടില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് വോട്ടര്‍മാര്‍ തങ്ങള്‍ക്ക് അപരിചിതരാണെന്നും അവര്‍ വ്യത്യസ്ത പ്രദേശങ്ങളിലും വാര്‍ഡുകളിലുമാണ് താമസിക്കുന്നതെന്നും പറഞ്ഞു. കതിഹാറില്‍ മറ്റൊരു വീട്ടുടമസ്ഥന്‍, വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ചില വ്യക്തികള്‍ക്ക് അതേ വാര്‍ഡില്‍ താമസിക്കാന്‍ പോലും സാധിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
പല സന്ദര്‍ഭങ്ങളിലും വോട്ടര്‍മാര്‍ അവരുടെ രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നില്ലെന്ന് കണ്ടെത്തി. പല കേസുകളിലും, വോട്ടര്‍ പട്ടികയിലെ വിലാസങ്ങള്‍ അവ്യക്തമോ നിലവിലില്ലാത്തതോ ആയിരുന്നു. കൂടുതല്‍ വോട്ടര്‍മാരുള്ള പല സ്ഥലങ്ങളിലും വിലാസങ്ങള്‍ അക്കങ്ങളില്‍ മാത്രമാണ് നല്‍കിയിരുന്നത് – തെരുവിന്റെയോ സ്ഥലത്തിന്റെയോ പേരുകള്‍ കൂടെ ചേര്‍ത്തിട്ടില്ല, ഇത് സ്വതന്ത്രമായ സ്ഥലപരിശോധന അസാധ്യമാക്കി. മറ്റ് ചില കേസുകളില്‍, വാര്‍ഡുകള്‍ മുഴുവന്‍ ഒരൊറ്റ വിലാസമായി ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, ചില ബൂത്തുകളില്‍, ‘വാര്‍ഡ് നമ്പര്‍ 05’ (ഹിന്ദിയില്‍) നൂറുകണക്കിന് വോട്ടര്‍മാര്‍ക്ക് ഒരൊറ്റ വിലാസമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കതിഹാറിലെ ‘വ്യാജ വോട്ടര്‍മാരും’ വെള്ളം കയറുന്ന വീടുകളും
വടക്കുകിഴക്കന്‍ ബിഹാറിലെ പൂര്‍ണിയ ഡിവിഷന്റെ ഭരണപരമായ ആസ്ഥാനമായ കതിഹാര്‍ ജില്ലയിലും അന്വേഷണങ്ങള്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കതിഹാര്‍ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 222-ലെ വീട് നമ്പര്‍ 82 ഒരു പ്രത്യേക ഉദാഹരണമാണ്. വാര്‍ഡിലെ ഇടുങ്ങിയ ഇടവഴികളിലൂടെയുള്ള തിരച്ചിലിന് ശേഷം ഞങ്ങള്‍ ആ സ്ഥാപനത്തില്‍ എത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പ്രകാരം, 200 ആളുകള്‍ താമസിക്കുന്ന വീടാണിത്. എന്നാല്‍, പകരം കണ്ടത് ഒരു ജീര്‍ണിച്ച, അടച്ചിട്ട, ആളനക്കമില്ലാത്ത കെട്ടിടമായിരുന്നു. വീടിനുള്ളില്‍ ഒരു പഴയ സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്നു.
വീടിന് ചരിവുണ്ടെന്നും മഴക്കാലത്ത് പതിവായി വെള്ളം കയറുമെന്നും അയല്‍ക്കാര്‍ വിശദീകരിച്ചു. സമീപത്ത് താമസിക്കുന്ന ശംഭു നാഥ് ഝാ എന്ന പ്രായമുള്ള ഒരു താമസക്കാരന്‍, വീട് 20 മുതല്‍ 25 വര്‍ഷമായി അടച്ചിട്ടിരിക്കുകയാണെന്ന് പറഞ്ഞു. ‘ഡോ. എ.കെ. മിശ്ര’ എന്നൊരാള്‍ അവിടെ താമസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നീണ്ട നിയമപരമായ കേസിന് ശേഷം വീട് ഒഴിഞ്ഞുകിടക്കുകയാണെന്നും, ഉടമ ഇപ്പോള്‍ ബെഗുസാരായിലാണ് താമസിക്കുന്നതെന്നും ഝാ കൂട്ടിച്ചേര്‍ത്തു.

വീട്ടു നമ്പര്‍ 82, ബൂത്ത് നമ്പര്‍ 222, കതിഹാര്‍. ചിത്രം: പാര്‍ത്ഥ് എം എന്‍,
ഇലക്ടറല്‍ ഡാറ്റയില്‍ വീട് നമ്പര്‍ 82 എന്ന് ഔദ്യോഗിക വിലാസം രേഖപ്പെടുത്തിയ പ്രമോദ് കുമാര്‍ അഗര്‍വാളിനെ വീട് നമ്പര്‍ 183-ല്‍ കണ്ടെത്തി. തനിക്ക് ഇത്തരത്തിലുള്ള ക്രമക്കേടുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് അഗര്‍വാള്‍ പറഞ്ഞു. ”എനിക്ക് ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല,” അദ്ദേഹം പറഞ്ഞു. തന്റെ ശരിയായ വിലാസം നമ്പര്‍ 183 ആണെന്നും തന്റെ കുടുംബത്തില്‍ എട്ട് വോട്ടര്‍മാര്‍ ഉണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ കൃത്യമായ വീട് രേഖപ്പെടുത്താന്‍ വോട്ടര്‍ പട്ടിക പുതുക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. തെറ്റായ വീട് നമ്പര്‍ 82-ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് വോട്ടര്‍മാരുടെ പട്ടിക കാണിച്ചപ്പോള്‍, ഒരാളെ പോലും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ അടുത്തത് 138 വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, 33-ാം വാര്‍ഡിലെ ബൂത്ത് നമ്പര്‍ 175-ലെ നാലാം നമ്പര്‍ വീടായിരുന്നു. ഔദ്യോഗിക രേഖകളില്‍ ഒരു ‘പ്രേതത്തെപ്പോലെ’ അവ്യക്തമായിരുന്നു ഈ വിലാസം കണ്ടെത്താന്‍ പ്രയാസമായിരുന്നു. വെള്ളം നിറഞ്ഞ തെരുവുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും കടന്ന് നടത്തിയ ഞങ്ങളുടെ തിരച്ചില്‍ രണ്ട് സാധ്യതകളിലേക്ക് ചുരുങ്ങി.
ഒന്നാമത്തെ സാധ്യത, ക്രമാനുസൃതമായി, നമ്പറുകള്‍ക്ക് യോജിച്ച മറ്റൊരു പഴയ, അടച്ചിട്ട കെട്ടിടമായിരുന്നു. പ്രവേശന കവാടത്തിന് സമീപം, നമ്പര്‍ എസ് 2, 3, 4 എന്നിങ്ങനെ എന്ന് ഭിത്തിയില്‍ കോറി വരച്ചിരിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ കരുതി. ഉറപ്പാക്കാന്‍, ഞങ്ങള്‍ ഒരു താമസക്കാരനോട് അദ്ദേഹത്തിന്റെ വിലാസം ചോദിച്ചു. അയാള്‍ക്ക് സ്വന്തം വീട് നമ്പര്‍ അറിയില്ലായിരുന്നു. സ്വന്തം വീട് നമ്പര്‍ അറിയാന്‍ അയാള്‍ക്ക് പ്രാദേശിക ബൂത്ത് ലെവല്‍ ഓഫീസറെ വിളിച്ച്, അയാളുടെ വീട് നമ്പര്‍ 1 ആണെന്ന് മനസ്സിലാക്കി. വീട് നമ്പര്‍ 4-ലേക്ക് വഴി കാണിക്കാന്‍ ഞങ്ങള്‍ ബിഎല്‍ഒയോട് ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം രേഖകള്‍ പരിശോധിച്ച് അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍, അദ്ദേഹം വീട് നമ്പര്‍ 4 എന്ന് തിരിച്ചറിഞ്ഞ കെട്ടിടത്തിന് മറ്റൊരു നമ്പര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
രണ്ടാമത്തെ സാധ്യത, ആ വിലാസം ഇനി നിലവിലില്ല എന്നുള്ളതാണ്. 5, 6, 7 എന്നീ നമ്പറുകളുള്ള വീടുകളുള്ള ഒരു ഇടവഴിയില്‍, വീട് നമ്പര്‍ 4 വരേണ്ട സ്ഥലത്ത് ഇപ്പോള്‍ ഒരു ജിം ആണ് പ്രവര്‍ത്തിക്കുന്നത്.
സമാനമായി കതിഹാറിലെ ബൂത്ത് നമ്പര്‍ 203-ലെ വീട് നമ്പര്‍ 60-ല്‍ 113 വോട്ടര്‍മാരുണ്ട്. ഹര്‍ഷിധി, മധുബന്‍, കതിഹാര്‍, പൂര്‍ണിയ എന്നിവിടങ്ങളിലായി ‘സര്‍’ കരട് പട്ടികയില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് വീട് നമ്പറുകള്‍ ഉണ്ട്.
പൂര്‍ണിയ
പൂര്‍ണിയയില്‍, 75 വര്‍ഷമായി വാര്‍ഡ് നമ്പര്‍ 2-ല്‍ താമസിക്കുന്ന കുടുംബവീടുള്ള 60 വയസ്സുകാരനായ വ്യാപാരി സഞ്ജയ് കുമാര്‍ ചൗരാസിയയുടെ പോളിംഗ് സ്റ്റേഷന്‍ പ്രാദേശിക കന്യാ മധ്യ വിദ്യാലയത്തിലാണ്. തന്റെ വീട്ടു നമ്പര്‍ 2-ല്‍ 140 വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ചൗരാസിയ അത് നിഷേധിച്ചു. തന്റെ വലിയ കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ മാത്രമാണ് അവിടെ താമസിക്കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ”ഇത്രയും പേര്‍ക്ക് ഇവിടെ താമസിക്കാന്‍ സാധ്യമല്ല,” ഒരു ചെറിയ സ്ഥലത്താണ് തന്റെ വീട് പണിതിരിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത് ചൗരാസിയ പറഞ്ഞു. അദ്ദേഹത്തിന്റെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍, ഒരാളെ പോലും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ”ഇത് വ്യാജമാണ്, ഇത് ബലമായി അടിച്ചേല്‍പ്പിച്ചതാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചൗരാസിയയ്ക്ക് വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ തന്നെ ബുദ്ധിമുട്ട് നേരിടുകയാണ്. തന്റെ പഴയ വോട്ടര്‍ ഐഡി കാര്‍ഡിലെ എപിക് നമ്പര്‍ ഓണ്‍ലൈന്‍ പരിശോധനയില്‍ ‘അസാധുവായ’തായി കാണിക്കുന്നു. പോളിംഗ് ബൂത്തില്‍ പോയപ്പോള്‍ തന്റെ പേരില്‍ ഒരു പുതിയ എപിക് നമ്പര്‍ രേഖപ്പെടുത്തിയതായി അദ്ദേഹം കണ്ടെത്തി.
എന്നാല്‍, ആ എപിക് നമ്പര്‍ മറ്റൊരു പിഴവിലേക്കാണ് നയിച്ചത്. ‘ഓണ്‍ലൈന്‍ പരിശോധനയില്‍ ആ നമ്പറിന്റെ നേരെ കാണിക്കുന്ന പേര് എന്റെ സഹോദരന്‍ രഞ്ജയ് കുമാര്‍ ചൗരാസിയയുടേതാണ്. എന്റെ പേര് സഞ്ജയ് കുമാര്‍ ചൗരാസിയ എന്നാണ്,’ അദ്ദേഹം പറഞ്ഞു. കൃത്യമായ എപിക് നമ്പര്‍ തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല എന്നദ്ദേഹം സ്ഥിരീകരിച്ചു.
ബിഎല്‍ഒയോട് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ്യക്തമായ വാഗ്ദാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ‘ഞാന്‍ ഇന്നലെയും അദ്ദേഹത്തോട് സംസാരിച്ചു’-ചൗരാസിയ പറഞ്ഞു. ”’ഇത് ശരിയാക്കും, ഞങ്ങള്‍ ചെയ്യും,’ അതാണ് സംഭവിക്കുന്നത്.”
വാര്‍ഡ് നമ്പര്‍ രണ്ട് കൗണ്‍സിലിലേക്ക് മുന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പങ്കജ് ശ്രീവാസ്തവ, വീട്ട് നമ്പര്‍ രണ്ടില്‍ ചൗരാസിയ സഹോദരന്മാര്‍ നാലുപേര്‍ കുടുംബസഹിതം താമസിക്കുന്നുണ്ടെന്നും അവരുടെ പൂര്‍വിക വീടാണെന്നും കുടുംബാംഗങ്ങളുടെ എണ്ണം 12-നും 15-നും ഇടയിലാണെന്നും വിശദീകരിച്ചു. പ്രദേശത്തെക്കുറിച്ച് നന്നായി അറിയുന്ന ശ്രീവാസ്തവ, വീട് നമ്പര്‍ 2-ല്‍ രജിസ്റ്റര്‍ ചെയ്ത 140 വോട്ടര്‍മാരുടെ പട്ടികയിലുള്ള പലരും മറ്റ് സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. പട്ടികയിലുള്ള ഒരു കുടുംബം ഈ പ്രദേശത്ത് നിന്നുള്ളവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഈ പ്രദേശത്ത് ഒരു ഝാ കുടുംബമില്ല,” അദ്ദേഹം വിശദീകരിച്ചു.
ഈ പിഴവുകള്‍ ബോധപൂര്‍വമാണെന്നും പ്രാദേശിക രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും ശ്രീവാസ്തവ ആരോപിച്ചു. ‘…ബിഎല്‍ഒയുടെ പിഴവാണ്, അത് ഉറപ്പാണ്,” അദ്ദേഹം അവകാശപ്പെട്ടു. വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍മാരിലാണ് അദ്ദേഹം പ്രധാന ഉത്തരവാദിത്വം ആരോപിച്ചത്. ‘വിജയിക്കാന്‍ വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്… അവര്‍ എവിടെനിന്നെങ്കിലും ഒരു പേരെടുത്ത് മറ്റൊരാളുടെ എപിക് നമ്പറില്‍ ചേര്‍ക്കുന്നു.’ കൗണ്‍സിലര്‍മാര്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ള ആളുകളെ പ്രാദേശിക പട്ടികയില്‍ ചേര്‍ത്ത് അവരുടെ വോട്ടുകള്‍ ഉറപ്പിക്കുന്നത് ഒരു സാധാരണ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്, തിരഞ്ഞടുപ്പില്‍ ജയിക്കാന്‍ മാത്രം ഈ വാര്‍ഡില്‍ ചേര്‍ക്കപ്പെട്ട നിരവധി പേരുകള്‍ എനിക്ക് കാണിച്ചുതരാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ റിപ്പോര്‍ട്ടിങ് സംഘം വീട്ടു നമ്പര്‍ രണ്ടില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത കൃഷ്ണ മോഹന്‍ റായിയോടും സംസാരിച്ചു. അദ്ദേഹം റവന്യൂ ഓഫീസറായി വിരമിച്ചയാളാണ്. ദ ചൗരാസിയ കുടുംബത്തിന്റെ അതേ പോളിങ് ബൂത്താണ് അദ്ദേഹത്തിന്റേയും. തന്റെ വീട് നമ്പര്‍ ശരിക്കും 269 ആകേണ്ടതാണെന്നും തന്റെ വസതിയില്‍ നിലവില്‍ രണ്ട് പേര്‍ മാത്രമാണ് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും റായ് പറഞ്ഞു: കൃഷ്ണമോഹന്‍ റായിയും ഭാര്യ മുന്നി ദേവിയും. തന്റെ മകള്‍ താമസം മാറിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ അത് കൃത്യമായി പുതുക്കിയിരുന്നു. ‘എന്റെ മൂത്ത മകളുടെ പേരും ഇവിടെയുണ്ടായിരുന്നു, പക്ഷേ അവള്‍ വിവാഹിതയായതിന് ശേഷം അവളുടെ പേര് അവളുടെ ഭര്‍തൃവീട്ടിലേക്ക് മാറ്റി,’ റായ് പറഞ്ഞു.
ഹര്‍ഷിധിയിലെ ‘രണ്ടാം നമ്പര്‍ വീട്ടിലെ’ ലെ 80 വോട്ടര്‍മാര്‍
വടക്കന്‍ ബിഹാറിലെ മോത്തിഹാരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ പട്ടണമാണ് തുര്‍കൗലിയ. ഇത് ഹര്‍ഷിധി മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ, തുര്‍കൗലിയ മാധ്യ പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 288-ലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കി തയ്യാറാക്കിയിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണം പക്ഷേ ഇവിടെ ഒരു വലിയ അപാകത കണ്ടെത്തി.: ‘വീട് നമ്പര്‍ 2’ എന്ന ഒരൊറ്റ വിലാസത്തില്‍ 63 വ്യത്യസ്ത വോട്ടര്‍മാരെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വോട്ടര്‍മാരും പ്രാദേശിക അധികാരികളും ആയി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് പരിശോധന പ്രക്രിയയിലെ ഗുരുതരമായ വീഴ്ച കൂടുതല്‍ വ്യക്തമാകുന്നു.
ഹര്‍ഷിധിയിലെ ബൂത്ത് നമ്പര്‍ 288-ല്‍ ഒരു വിലാസത്തില്‍ ഇത്രയധികം വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) നിതി പ്രകാശ് താന്‍ പുതുതായി നിയമിതനാണെന്നും ഈ പ്രശ്നം തന്റെ നിയമനത്തിന് മുന്‍പ് ഉണ്ടായതാണെന്നും പറഞ്ഞു. സംശയാസ്പദമായ വീടിന്റെ കൃത്യമായ സ്ഥാനം വ്യക്തമാക്കാനും പ്രകാശിന് കഴിഞ്ഞില്ല. ഒടുവില്‍, ഞങ്ങള്‍ പ്രദേശവാസികളുമായി സംസാരിച്ച് ആ വീട് നമ്പര്‍ 2-ല്‍ താമസിക്കുന്നവരെ കണ്ടെത്തി.
ഗ്രാമത്തില്‍ വീടുകള്‍ക്ക് നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടില്ല, ഞങ്ങള്‍ സംസാരിച്ച ആര്‍ക്കും അവരുടെ സ്വന്തം വീട് നമ്പര്‍ അറിയില്ലായിരുന്നു. വീട് നമ്പര്‍ 2-ല്‍ താമസിക്കുന്നതായി പറയപ്പെടുന്ന കൃഷ്ണ പസ്വാന്‍, വാര്‍ഡ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ റാം എന്നിവര്‍ ചെറിയ വീടുകളിലാണ് താമസിക്കുന്നത്, ഒന്ന് ചെറിയ ഇഷ്ടിക കൊണ്ടുള്ള വീടും മറ്റേത് ഓല മേഞ്ഞ കുടിലും. ഇവരുടെ ആറ് മുതല്‍ എട്ട് വരെയുള്ള കുടുംബാംഗങ്ങളെ മാത്രം താമസിപ്പിക്കാന്‍ കഴിയുന്ന വീടുകളാണത്.
പട്ടികയിലുള്ള പേരുകളില്‍ മിക്കതും അവര്‍ക്ക് അപരിചിതരായിരുന്നു. എന്നാല്‍ അവര്‍ വോട്ടര്‍ പട്ടിക അനുസരിച്ച് ഔദ്യോഗികമായി തങ്ങളുടെ വീട്ടില്‍ താമസിക്കുന്നവരാണെന്ന് അറിഞ്ഞപ്പോള്‍ ഇരുവരും അമ്പരന്നു. പട്ടികയിലുള്ള ചില പേരുകള്‍ അവര്‍ക്ക് അറിയാമെങ്കിലും, ആ ആളുകള്‍ വ്യത്യസ്ത വാര്‍ഡുകളും പ്രദേശങ്ങളിലുമാണ് എന്നവര്‍ സ്ഥിരീകരിച്ചു.
ഔദ്യോഗിക വിലാസം വീട് നമ്പര്‍ 2 എന്ന് രേഖപ്പെടുത്തിയ മൂന്നാമതൊരാളെയും റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചു. അഭിമുഖം നല്‍കാന്‍ ആ താമസക്കാരന്‍ വിസമ്മതിച്ചു. എന്നാല്‍, അദ്ദേഹവും മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്ന് മറ്റ് ആളുകള്‍ സ്ഥിരീകരിച്ചു.
നിലവിലെ വാര്‍ഡ് കമ്മീഷണര്‍ സുനില്‍ ഗുപ്തയും മുന്‍ പഞ്ചായത്ത് തലവന്‍ (മുഖ്യ) ഭോലാ പ്രസാദ് ഗുപ്തയും ഈ മൊഴിയെ ശക്തമായി പിന്തുണയ്ക്കുന്നു. വോട്ടര്‍ പട്ടിക ‘തെറ്റാണെന്നും’ അങ്ങനെയൊരു വീട് ‘സാധ്യമല്ല’ എന്നും രണ്ട് ഉദ്യോഗസ്ഥരും ഉറപ്പിച്ചു പറഞ്ഞു. വീട് നമ്പര്‍ 2-ല്‍ പട്ടികപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം ആളുകളും പ്രദേശത്തെ യഥാര്‍ത്ഥ താമസക്കാരാണെങ്കിലും, അവരെ തെറ്റായി ഒരു വിലാസത്തില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് അവര്‍ അവകാശപ്പെട്ടു.
പ്രധാനമായി, ഗ്രാമത്തില്‍ ഔദ്യോഗിക വീട് നമ്പറുകള്‍ പോലും ഔദ്യോഗികമായി അനുവദിച്ചിട്ടില്ലെന്ന് വാര്‍ഡ് അംഗം ചൂണ്ടിക്കാട്ടി, ഇത് ‘വീട് നമ്പര്‍ 2’ എന്ന സ്ഥാനപ്പേര് തന്നെ സംശയാസ്പദമാക്കുന്നു. ബിഎല്‍ഒ നടത്തിയ തെറ്റായ സര്‍വേയാണ് ഈ പിഴവിന് കാരണം എന്നും മുന്‍ മുഖ്യ ആരോപിച്ചു.
മധുബന്‍: 15 വര്‍ഷം നീണ്ട ‘പിഴവ്’ ഒരു വീടിന് 388 വോട്ടര്‍മാര്‍
മധുബന്‍ മണ്ഡലത്തിലെ വിഷ്ണുപൂര്‍ മോഹന്‍ ഉര്‍ഫ് മാര്‍പ ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 120-ലും ക്രമക്കേടുകള്‍ കണ്ടെത്തി. ഇവിടെ ഒരു വീട്ടില്‍, വീട് നമ്പര്‍ 129-ല്‍ 388 പേരെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ഇങ്ങനെയൊരു വീട് ആ പരിസരത്തെ ഒരു താമസക്കാര്‍ക്കും അറിയില്ല. മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍, ഈ സാഹചര്യം കഴിഞ്ഞ 15 വര്‍ഷമായി നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ”ഗ്രാമത്തിലെ വീടുകളുടെ എണ്ണം 129-ല്‍ എത്തിയതിന് ശേഷം ഒരു നടപടിപരമായ പിഴവ് സംഭവിച്ചു. അതിനുശേഷം ഓരോ പുതിയ വോട്ടറെയും ഇതേ വീടിന്റെ വിലാസത്തിലാണ് ചേര്‍ക്കുന്നത്,” അദ്ദേഹം വിശദീകരിച്ചു.
പുതിയതായി 18 വയസ്സ് പൂര്‍ത്തിയാവുന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടുന്നു. ഈ വാര്‍ഡിന്റെ ബൂത്ത് ലെവല്‍ ഓഫീസറും ഔദ്യോഗികമായി ഇതേ വീട്ടിലെ താമസക്കാരനാണെന്നുള്ള വിചിത്രമായ ഒരു വസ്തുതയും ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നം ജില്ലാ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരികളുടെ ശ്രദ്ധയില്‍ പലതവണപ്പെടുത്തിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. 388 പേരും സാധുവായ വോട്ടര്‍മാരാണെന്നും എന്നാല്‍ അവരെ രജിസ്റ്റര്‍ ചെയ്ത രീതി ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടര്‍മാരില്‍ ഒരാള്‍ സമര്‍പ്പിച്ച രേഖ പ്രാദേശിക പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ ഒരു സര്‍ട്ടിഫിക്കറ്റായിരുന്നു. ഈ രേഖയില്‍ അയാള്‍ ഈ ഗ്രാമത്തിലും വാര്‍ഡിലുമാണ് താമസിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, ഏത് വീട്ടിലാണ് താമസിക്കുന്നതെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരം വിലാസരേഖ വാങ്ങുന്നത് അവിടത്തെ ഒരു രീതിയാണെന്ന് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു അതുകൊണ്ട് തന്നെ 129-ം നമ്പര്‍ വീട്ടില്‍ 388 പേരുണ്ടാകുന്നതില്‍ അതിശയമില്ല.
ഞങ്ങളുടെ റിപ്പോര്‍ട്ടിങ് സംഘം ബൂത്ത് 120-ലെ മൂന്ന് വോട്ടര്‍മാരായ ജഗന്നാഥ് പാസ്വാന്‍, ദേവ്‌നാഥ് പാസ്വാന്‍, നന്ദു പാസ്വാന്‍ എന്നിവരെ കണ്ടുമുട്ടി. മൂന്ന് പേരും ചെറിയ കുടുംബങ്ങളോടൊപ്പം സാധാരണ ചെളി കൊണ്ടുള്ള വീടുകളിലും ഓല മേഞ്ഞ കുടിലുകളിലുമാണ് താമസിക്കുന്നത്. അവരുടെ ഔദ്യോഗിക വിലാസത്തില്‍ വീട്ടു നമ്പര്‍ 129 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവരുടെ യഥാര്‍ത്ഥ വീട് നമ്പര്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തങ്ങള്‍ക്ക് അപരിചിതരായ 388 ആളുകള്‍ ഔദ്യോഗികമായി തങ്ങളുടെ വീട്ടില്‍ താമസിക്കുന്നവരാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അമ്പരന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഈ പ്രദേശത്ത് താമസിക്കുന്നയാളാണ് രാമേശ്വര്‍ കുമാര്‍. തന്റെ ഔദ്യോഗിക വിലാസം വീട് നമ്പര്‍ 129 ആണെന്നും, തന്നോടൊപ്പം 387 വോട്ടര്‍മാര്‍ കൂടി അവിടെയുണ്ടെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹവും അമ്പരന്നു. ”ഇത് എനിക്ക് പോലും അറിയില്ല, ഞാന്‍ എന്താണ് പറയേണ്ടത്?” ആശയക്കുഴപ്പത്തിലായ കുമാര്‍ ചോദിച്ചു. ഗ്രാമത്തില്‍ ആകെ 100 മുതല്‍ 150 വരെ വീടുകള്‍ മാത്രമേ കാണൂ എന്ന് അദ്ദേഹം പറഞ്ഞു. വീടുകള്‍ക്ക് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ് ഈ പിഴവ് തുടരാന്‍ കാരണം. വോട്ടര്‍ പട്ടികയിലുള്ള പലരും വര്‍ഷങ്ങളായി മരിക്കുകയോ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറുകയോ ചെയ്തിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീട്ടു നമ്പര്‍ 50, ബൂത്ത് നമ്പര്‍ 160, മധുബന്‍, 273 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വീട്. ചിത്രം. അബീര്‍ ദാസ് ഗുപ്ത
ഗജേന്ദ്ര മണ്ഡല്‍ എന്നയാളുടെ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച വീട് ഞങ്ങളുടെ സംഘം കണ്ടെത്തി. അദ്ദേഹത്തിന്റെ മകന്‍, നാല്‍പതുകളുടെ മധ്യത്തില്‍ പ്രായമുള്ള, രാജേഷ് മണ്ഡല്‍, താന്‍ ജീവിതകാലം മുഴുവന്‍ ഈ വീട്ടിലാണ് താമസിച്ചതെന്നും, ഇത് ഒരു മണ്ണും ഓലയും കൊണ്ടുള്ള വീടായിരുന്ന കാലം താന്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞു. രാജേഷും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നിരിക്കെ, ആ വിലാസത്തില്‍ ഇത്രയധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ‘ഇത്രയധികം ആളുകള്‍ തന്റെ വീട്ടില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്തു എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല’ എന്ന് അദ്ദേഹം പറഞ്ഞു.
പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന ഉത്ക്രാമിത് മാധ്യ വിദ്യാലയത്തിലെ അധ്യാപകനായ പ്രാദേശിക ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) പതി പവന്‍ കുമാര്‍, ഈ പ്രശ്നം താന്‍ ബിഎല്‍ഒ ആയി ചുമതലയേറ്റതിന് മുന്‍പുണ്ടായിരുന്നതാണെന്ന് പറഞ്ഞു. അദ്ദേഹം ഏകദേശം ഏഴ് വര്‍ഷമായി ഈ സ്ഥാനത്തുണ്ട്. പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 കടന്നപ്പോള്‍ ഒരു വലിയ ബൂത്തായിരുന്ന ഇതിനെ രണ്ടായി വിഭജിച്ചെന്ന് കുമാര്‍ വിശദീകരിച്ചു. എന്നിരുന്നാലും, വിഭജിക്കുന്നതിന് മുന്‍പ് പോലും ‘100-150-ല്‍ അധികം ആളുകള്‍ താമസിക്കുന്ന ഒന്നിലധികം വീടുകള്‍ ഉണ്ടായിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലിന്റെ വീട്ടില്‍ രജിസ്റ്റര്‍ ചെയ്ത 273 ആളുകളും ‘സാധുവായ വോട്ടര്‍മാരാണെന്നും, അവര്‍ക്ക് തെറ്റായ വീട് നല്‍കിയതാണെന്നും’ കുമാര്‍ അവകാശപ്പെട്ടു. മറ്റ് മണ്ഡലങ്ങളിലെന്നപോലെ വോട്ടര്‍മാര്‍ സമര്‍പ്പിക്കുന്ന താമസരേഖകള്‍ ഒരു പ്രത്യേക വീട്ടുനമ്പര്‍ പരാമര്‍ശിക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒരു തിരുത്തല്‍ തുടങ്ങുന്നതിനുള്ള ഔദ്യോഗിക നിര്‍ദ്ദേശത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും, ബിഎല്‍ഒമാര്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ‘അവയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പത്രസമ്മേളനം വിളിച്ചു. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യത്തെ പൊതുപ്രസ്താവനയായിരുന്നു അത്. എന്നിരുന്നാലും, കണ്ടെത്തിയ ആയിരക്കണക്കിന് ഇരട്ട വോട്ടര്‍മാരുടെ പ്രത്യേകവും വ്യവസ്ഥാപരവുമായ സ്വഭാവത്തെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത ന്യായീകരണങ്ങള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണമാക്കി.Can a fair and impartial election be held in Bihar? Massive errors in updated voter list. Where did the Election Commission go wrong?
(ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്: മധുബനില്‍ നിന്ന് അബീര്‍ ദാസ്ഗുപ്തയും അരുണ്‍കുമാര്‍ ദ്വിവേദിയും, കതിഹാര്‍, പൂര്‍ണിയ, പ്രാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാര്‍ത്ഥ് എംഎന്‍ ഒപ്പം ആവാസ് 24-ന്റെ പൂജ മിശ്ര, ഭാരത് 24-ന്റെ രാജീവ് രാജ്, ഇന്ത്യ ഡൈലി ലൈവിന്റെ രഞ്ജീത് ഗുപ്ത, ആതിഖ് അഹ്‌മദ്, ഇംമ്രാന്‍ ഖാന്‍, ജയ്ദേവ് യാദവ്, അമിത് സിങ്ങ്)
Content Summary; Can a fair and impartial election be held in Bihar? Massive errors in updated voter list. Where did the Election Commission go wrong?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.