വാഷിംഗ്ടണിൽ ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റേത് അതിരുകടന്ന നടപടിയാണെന്ന് ആരോപിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. ട്രംപിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നോ കിംഗ് എന്നാണ് പേര് നൽകിയിരുന്നത്. വലിയ നഗരങ്ങൾ മുതൽ ചെറിയ പട്ടണങ്ങൾ വരെ ഏകദേശം 2,100 സ്ഥലങ്ങളിലാണ് പ്രതിഷേധം നടന്നത്. ഡൊണാൾഡ് ട്രംപിന്റെ സൈനിക പരേഡ് നടന്ന അതേ ദിവസം തന്നെയാണ് “നോ കിംഗ്സ്” പ്രതിഷേധങ്ങളും നടന്നത്.
50 സംസ്ഥാനങ്ങളിലും വിദേശ നഗരങ്ങളിലും നിന്നുമായി നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ന്യൂയോർക്കിൽ നിന്ന് 2,00,000-ത്തിലധികം പേരും ഫിലാഡൽഫിയയിൽ നിന്നും 1,00,000-ത്തിലധികം ആളുകളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു. എന്നാൽ ചിലയിടങ്ങളിൽ നിയമവിരുദ്ധമായ ഒത്തുചേരലെന്ന് ആരോപിച്ച് പ്രതിഷേധത്തിനെതിരെ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
നോ കിംഗ്സ്” പ്രതിഷേധം സംഘടിപ്പിച്ചത് “ഫിഫ്റ്റി ഫിഫ്റ്റി വൺ മൂവ്മെന്റ്” ആണ്. 2025 ജനുവരിയിൽ ട്രംപിന്റെ രണ്ടാമത്തെ ഭരണത്തിന്റെ തുടക്കം മുതൽ ഈ പ്രസ്ഥാനം സജീവമാണ്. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ നയങ്ങൾക്കെതിരെയും, ഫെഡറൽ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിനെതിരെയും ഇവർ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ്, കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക, ഇൻഡിവിസിബിൾ തുടങ്ങിയ 200-ൽ അധികം സംഘടനകൾ ഈ പ്രതിഷേധത്തിന് പിന്തുണ നൽകുന്നുണ്ട്. രാജ്യത്തുടനീളമുള്ള 2,000-ൽ അധികം സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് സാധാരണ അമേരിക്കക്കാർ ഒത്തുചേർന്ന് ‘ഞങ്ങൾക്ക് അമേരിക്കയിൽ രാജാക്കൻമാർ വേണ്ട’ എന്ന് പറയുന്നുവെന്ന് ഇൻഡിവിസിബിളിന്റെ കോ-എക്സിക്യൂട്ടീവ് ഡയറക്ടർ എസ്രാ ലെവിൻ പറഞ്ഞു.
വാഷിംഗ്ടൺ ഡി.സി.യിൽ പ്രതിഷേധം നടത്തേണ്ടെന്ന് “നോ കിംഗ്സ്” സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. തുടർന്നാണ് പകരം അമേരിക്കയുടെ ആദ്യ തലസ്ഥാനവും ഭരണഘടനയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും ജന്മസ്ഥലവുമായ ഫിലാഡൽഫിയയിൽ ഒത്തുചേർന്നത്. കുടിയേറ്റ നിയമം നടപ്പാക്കുന്നതിനായി ട്രംപ് ആയിരക്കണക്കിന് നാഷണൽ ഗാർഡ് സൈനികരെയും മറൈനുകളെയും ലോസ് ഏഞ്ചൽസിലേക്ക് അയച്ചതിനെത്തുടർന്നാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ എതിർത്തിട്ടും ട്രംപ് സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി വെറ്ററൻസ് ഫോർ പീസ്, എബൗട്ട് ഫേസ്: വെറ്ററൻസ് എഗെയിൻസ്റ്റ് ദി വാർ എന്നീ സംഘടനകൾ ചേർന്ന് യു.എസ്. ക്യാപിറ്റലിൽ പ്രതിഷേധം നടത്തിയിരുന്നു. “സൈന്യത്തെ തെരുവിൽ നിന്ന് മാറ്റുക”, “പരേഡിന് പണം വേണ്ട, ജനങ്ങൾക്ക് വേണം” എന്നെഴുതിയ ബോർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധക്കാർ എത്തിയത്. പോലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി ക്യാപിറ്റോൾ പടികളിൽ ഇരുന്ന പ്രതിഷേധക്കാരെ പോലീസ് ലൈൻ ലംഘിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും അറസ്റ്റ് ചെയ്തു.
content summary: Millions Rally Nationwide in ‘No Kings’ Protests Opposing Donald Trump