June 04, 2026 |

ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടോ? ‘സോഷ്യല്‍ മീഡിയ തെളിവില്‍’ നാണംകെട്ട് പാക് പ്രതിരോധ മന്ത്രി

പ്രതിരോധ മന്ത്രിയുടെ മറുപടി ആ​ഗോളതലത്തിൽ രൂക്ഷവിമർശനത്തിന് ഇടയാക്കി

ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. അതിന് തെളിവ് എവിടെ എന്ന ചോദ്യത്തിന് തെളിവായി സമൂഹ മാധ്യമ വീഡിയോ ചൂണ്ടിക്കാണിച്ചാണ് മറുപടി നൽകിയത്. ആധികാരികമായ തെളിവ് പുറത്തുവിടാതെ ചില സോഷ്യൽ മീഡിയ വീഡിയോകൾ തെളിവായി ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയത് ആ​ഗോളതലത്തിൽ രൂക്ഷവിമർശനത്തിന് ഇടയാക്കി.

അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെടുന്നു. അതിന് തെളിവുകളൊന്നുമില്ലെന്നും ഇന്ത്യ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാമോ? അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന ഈ പ്രത്യേക അവകാശവാദത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം. അതിനുള്ള തെളിവ് എവിടെയാണ് സർ?” സിഎൻഎൻ അവതാരക ബെക്കി ആൻഡേഴ്‌സൺ ക്വാ‌ജ ആസിഫിനോട് ചോദിച്ചു. ഇതിന് മറുപടിയായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളാണ് ചൂണ്ടിക്കാട്ടിയത്. “ഇതെല്ലാം സോഷ്യൽ മീഡിയയിലാണ്, ഇന്ത്യൻ സോഷ്യൽ മീഡിയയിലാണ്, നമ്മുടെ സോഷ്യൽ മീഡിയയിലല്ല. ജെറ്റുകളുടെ അവശിഷ്ടങ്ങൾ അവരുടെ വശത്ത് വീണു. അത് ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലായിടത്തും ഉണ്ട്,” മാധ്യമപ്രവർത്തകൻ തെളിവ് ആവശ്യപ്പെട്ടപ്പോൾ പാക് പ്രതിരോധമന്ത്രി പറഞ്ഞത്. ആസിഫ് ഖ്വാജയുടെ ഈ പ്രസ്താവനയോട് അവതാരക ഉടൻ പ്രതികരിക്കുന്നുമുണ്ട് “ക്ഷമിക്കണം, സോഷ്യൽ മീഡിയ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ നിങ്ങളോട് ഇവിടെ ആവശ്യപ്പെട്ടില്ല.” എന്നാണ് അവതാരക നൽകിയ മറുപടി.

ജെറ്റുകൾ എങ്ങനെ വീഴ്ത്തി, ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ പാകിസ്ഥാൻ ഉപയോഗിച്ചതായി ആരോപിക്കുന്ന യുദ്ധ വിമാനത്തിന്റെ പേര് പോലും ആസിഫ് ഖ്വാജയ്ക്ക് പറയാൻ സാധിച്ചില്ല. പാകിസ്ഥാൻ പ്രതിരോധ മന്ത്രിയായ ആസിഫ് ഖ്വാജ ഇതാദ്യമായല്ല വാർത്തകളിൽ നിറയുന്നത്. ഏപ്രിലിൽ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്കൈ ന്യൂസ് ജേണലിസ്റ്റ് യാൽഡ ഹക്കിമിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ മുമ്പ് ഭീകര ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നുവെന്ന് അവകാശവാദം നടത്തിയതിന് ആസിഫ് ഖ്വാജയ്ക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടോളം അമേരിക്കയ്ക്ക് വേണ്ടി ഞങ്ങളീ പ്രവർത്തി ചെയ്തിരുന്നു, അതുകൊണ്ട് ഞങ്ങൾ ഏറെ കഷ്ടതകൾ അനുഭവിച്ചിരുന്നുവെന്നാണ് അന്ന് യാൽഡ ഹക്കിമിന് നൽകിയ അഭിമുഖത്തിൽ ആസിഫ് ഖ്വാജ പറഞ്ഞത്.

ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 1.45നാണ് പാക് അധീന കശ്മീരിലും ഒമ്പത് ഭീകര ക്യാമ്പുകളിലും ഇന്ത്യ തിരിച്ചടിക്കുന്നത്. ഒൻപത് ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായി വിംഗ് കമാൻഡർ വ്യോമിക സിംഗ് സ്ഥിരീകരിച്ചു. സാധാരണക്കാർക്ക് ദോഷം വരുത്താതിരിക്കാൻ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതായിരുന്നു ഈ ഓപ്പറേഷൻ എന്ന് അവർ പറഞ്ഞു. ആക്രമണം നടന്നതായി പാകിസ്ഥാൻ സമ്മതിച്ചെങ്കിലും അഞ്ച് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായി ഇതിന് പിന്നാലെ അവകാശവാദം ഉന്നയിച്ചു. ഖ്വാജ ആസിഫിന്റെ ഈ തെറ്റായ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാൻ സമൂഹ മാധ്യമത്തിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ വസ്തുതാ പരിശോധനയിലൂടെ ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. പരിശോധനയിൽ ഇത് യഥാർത്ഥത്തിൽ 2021 ൽ പഞ്ചാബിലെ മോഗയിൽ നടന്ന മിഗ് -21 അപകടത്തിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ സൈന്യം കീഴടങ്ങിയത് എന്ന് പ്രസ്താവിക്കുന്ന തരത്തിലുള്ള വീഡിയോകളും പാകിസ്ഥാൻ സമൂഹ മാധ്യമം വഴി പ്രചരിച്ചു.

content summary: Pakistani Minister Khawaja Asif Trolled for Bizarre ‘Social Media’ Claim as Proof of Downing Indian Jets

Leave a Reply

Your email address will not be published. Required fields are marked *

×