സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. നിലവിൽ പലയിടത്തും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കാറ്റ് ശക്തമായതോടെ പല ജില്ലകളിലും മഴ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ കോഴിക്കോടും കണ്ണൂരും റെഡ് അലർട്ട് ആണ്. അതെ സമയം ഏഴ് ജില്ലകളിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,വയനാട്, കാസർകോട് എന്നിവടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. rain in kerala
ഒഡിഷ, ജാർഖണ്ഡിന് മുകളിലയുള്ള ന്യൂന മർദ്ദം, അറബിക്കടലിൽ വടക്കൻ കേരള തീരത്തെ ന്യൂന മർദ്ദ പാത്തി, തെക്കൻ ചൈന കടലിലും വിയറ്റ്നാംനും മുകളിലെ ന്യൂന മർദ്ദം എന്നിവയുടെ സ്വാധീനമാണ് മഴക്ക് കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടികാണിക്കുന്നത്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കു നീങ്ങി കൊണ്ടിരിക്കുകയാണ്. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. വരും ദിവസങ്ങളിലും മഴ ശക്തമാകാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈനകടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ പ്രവേശിക്കും. ഇത് പുതിയൊരു ന്യൂന മർദ്ദമായി മാറും. പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നതോടെ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.
കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് തൃശൂർ ജില്ലയിലടക്കം ഡാമുകൾ തുറന്നിരുന്നു. കൂടാതെ പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശമുണ്ട്. അതേ സമയം വിധയിടങ്ങളിൽ വീടുകൾ തകർന്നു വീണു. എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം,മുളന്തുരുത്തി, പള്ളുരുത്തി, തോപ്പുംപടി തുടങ്ങിയ ഇടങ്ങളിലാണ് കാറ്റിലും മഴയിലും വീടുകൾക്ക് നാശ നഷ്ട്ടം ഉണ്ടായിരിക്കുന്നത്. മിന്നൽ ചുഴലിക്കാറ്റിൽ മൂവാറ്റുപുഴയിൽ വ്യപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പത്ത് വീടുകളുടെ മുകളിലേക്കാണ് മരങ്ങൾ വീണിരിക്കുന്നത്. പാലക്കാട് വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കനത്ത മഴയിൽ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു.
മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. കൂടാതെ കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോയെന്നും ജില്ലകളുടെ കളക്ടർമാർ ശ്രദ്ധിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ നിർദേശിച്ചിട്ടുണ്ട്. എൻഡിആർ എഫിന്റെ 9 ടീമുകൾ സംസ്ഥാനത്തുണ്ട്. നിലവിൽ 11 ക്യാമ്പുകളെ സംസ്ഥാനത്തുള്ളു. rain in kerala
Content summary; MJO and Global Weather Systems Triggered Monsoon Deluge in Kerala