UPDATES

‘അച്ഛന്റെ മൂല്യം മനസിലാക്കിയ മക്കളായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു’

‘ഒരര്‍ത്ഥവുമില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്, സഖാവിനോട് ഇങ്ങനെ ചെയ്യരുതായിരുന്നു’; എന്‍ എം പിയേഴ്‌സണ്‍ സംസാരിക്കുന്നു

                       

കേരളത്തിന്റെ തൊഴിലാളി സമര ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമായി എഴുതപ്പെടേണ്ട എം എം ലോറന്‍സിന്റെ ഭൗതിക ശരീരം വച്ച് നടക്കുന്ന തര്‍ക്കങ്ങളും വടംവലികളും, ആ കമ്യൂണിസ്റ്റ് നേതാവിനോട് ചെയ്യുന്ന ഏറ്റവും കൊടിയ പാതകമാണ്. ഇങ്ങനെയൊരു യാത്രയായിരുന്നില്ല സഖാവിന് കിട്ടേണ്ടിയിരുന്നതെന്നാണ് സമര ചരിത്രത്തിലെ മറ്റൊരു പോരാളിയായ സഖാവ് എന്‍ കെ മാധവന്റെ മകന്‍ കൂടിയായ രാഷ്ട്രീയ നിരീക്ഷകന്‍ എന്‍ എം പിയേഴ്‌സണ്‍ പറയുന്നത്. എന്‍ കെ മാധവന്‍, വറുതുട്ടി എന്നിവരെ മോചിപ്പിക്കാനായിരുന്നു ലോറന്‍സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകാര്‍ ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. സഖാവ് ലോറന്‍സുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന എന്‍എം പിയേഴ്‌സണ്‍ സംസാരിക്കുന്നു;

ആര്‍ക്കും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നത്. മക്കള്‍ സാധാരണ ചെയ്യേണ്ടത് അച്ഛനെ മനസിലാക്കി, അച്ഛന്‍ എങ്ങനെ ജീവിച്ചു എന്നു മനസിലാക്കി, അതിനനുസരിച്ച് ജീവിക്കുകയാണ്. അങ്ങനെയല്ല ഇവിടെ സംഭവിച്ചത്, അതിന്റെ ദുരന്തമാണ് ഇപ്പോള്‍ കാണേണ്ടി വന്നത്.

ലോറന്‍സ് സഖാവിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള മൂന്നോ നാലോ വര്‍ഷത്തില്‍, സജീവന്‍(മകന്‍) മാത്രം ഇടയ്ക്ക് വന്നു പോയതല്ലാതെ മക്കളാരും തന്നെ അദ്ദേഹത്തെ നോക്കിയിട്ടില്ല. സിഐടിയുവില്‍ ഉള്‍പ്പെടെയുള്ള സഖാക്കളായിരുന്നു അദ്ദേഹത്തെ പരിചരിചയിച്ചത്. പാര്‍ട്ടി നിയോഗിച്ചതായിരുന്നു. സഖാക്കളായിരുന്നു എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത്. ഞാന്‍ ഇടയ്‌ക്കൊക്കെ സഖാവിനെ കാണാന്‍ ചെല്ലുന്ന നേരം, ഒപ്പം ഉണ്ടായിരുന്നവരില്‍ ചില സഖാക്കള്‍ എന്നോട് കാര്യങ്ങളൊക്കെ പറയുമായിരുന്നു. സഖാവിന്റെ നിര്‍ബന്ധബുദ്ധിയും ചില ശാഠ്യങ്ങളെക്കുറിച്ചുമെല്ലാം, അവരതൊക്കെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിരുന്നു.

ഈയൊരു കുടുംബത്തിലെ മാത്രം പ്രശ്‌നമല്ല, മിക്ക കുടുംബങ്ങളിലും അച്ഛനമ്മമാരെ നോക്കാന്‍ മക്കള്‍ക്ക് താത്പര്യമില്ല, പ്രത്യേകിച്ച് മാതാപിതാക്കള്‍ കിടപ്പിലായിപ്പോയാല്‍. എന്നിട്ട് അവസാനം ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതിലെന്തു കാര്യം?

എം എം ലോറന്‍സിനെ പോലൊരാളുടെ അവസാന യാത്ര ഒരിക്കലും ഈ തരത്തില്‍ ആകരുതായിരുന്നു.

ഇപ്പോള്‍ നടക്കുന്നത് യാതൊരു അര്‍ത്ഥവുമില്ലാത്ത കാര്യങ്ങളാണ്. ഒരു മൃതദേഹം വച്ചാണ് വടംവലി. മൃതദേഹങ്ങളുടെ കാര്യത്തില്‍ സ്വാഭാവികമായി സംഭവിക്കേണ്ട ഒരു പ്രക്രിയ, അത് സംസ്‌കാരിക്കുകയെന്നതാണ്. കത്തിച്ചു കളയാം, അല്ലെങ്കില്‍ പുഴുക്കള്‍ക്ക് ഭക്ഷിക്കാന്‍ മണ്ണില്‍ കുഴിച്ചിടാം. അതല്ലാതെ, ഇപ്പോഴുണ്ടാക്കുന്ന വാദപ്രതിവാദങ്ങളിലൊന്നും അര്‍ത്ഥമില്ല. അതൊന്നും മനസിലാക്കാന്‍ കഴിയാത്ത മക്കളാണല്ലോ അദ്ദേഹത്തിനുള്ളതെന്നതാണ് വിഷമകരം. ഇങ്ങനെയൊരു വലിയ മനുഷ്യന് ഉണ്ടായ മക്കള്‍ അതൊക്കെ മനസിലാക്കേണ്ടതായിരുന്നു. ലോറന്‍സ് സഖാവിനെ പോലൊരു മനുഷ്യന്റെ ശരീരം ഒന്നുകില്‍ കത്തിച്ചു കളയണം, അല്ലെങ്കില്‍ കുഴിച്ചിടണം. പള്ളിയില്‍ അടക്കം ചെയ്യുന്നതില്‍ കാര്യമില്ല, കാരണം, അദ്ദേഹം ജീവിതത്തില്‍ പള്ളിയില്‍ പോയിട്ടില്ല. ഇനി, പള്ളിയില്‍ അടക്കം ചെയ്തുവെന്നിരിക്കട്ടെ, പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടാകുന്നുമില്ല. ഒരു കഥയുമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നാളെ ലോറന്‍സ് സഖാവിന്റെ ചരിത്രം പറയുമ്പോള്‍, ഇപ്പോള്‍ നടന്ന കാര്യങ്ങളും ഓര്‍മിപ്പിക്കേണ്ടി വരും. ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നു പറയാന്‍ കഴിയില്ല. ആരൊക്കെ മറച്ചു വച്ചാലും, അങ്ങനെയല്ലായിരുന്നുവെന്നു പറയാന്‍ വേറെയാരെങ്കിലും ഉണ്ടാകും. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നതൊക്കെയും ചരിത്രത്തിന്റെ ഭാഗമാണ്. ഇങ്ങനെയൊന്നും സംഭവിക്കാതെ നോക്കേണ്ട കരുതല്‍ അദ്ദേഹത്തിന്റെ മക്കളുടെ ഭാഗത്ത് നിന്നുണ്ടാകണമായിരുന്നു. പാര്‍ട്ടി യാതൊരു നിര്‍ബന്ധബുദ്ധിയും കാണിച്ചിട്ടില്ല. പാര്‍ട്ടിക്ക് ഇവിടെ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല, പള്ളിയെങ്കില്‍ പള്ളി, മെഡിക്കല്‍ കോളേജിനെങ്കില്‍ അവിടെ.

ഇതില്‍ വേറെ രാഷ്ട്രീയ ഇടപെടലുകളൊന്നുമില്ല. ആശ(മകള്‍) ബിജെപിയിലേക്ക് മാറി എന്നതാണ് ഒരു രാഷ്ട്രീയ പ്രശ്‌നം. ബിജെപിയുടെ താത്പര്യമല്ല, ആശയുടെ താത്പര്യമാണ്.ബിജെപി അതിനെ പിന്തുണയ്ക്കുന്നു. അവര്‍ ഇതില്‍ ഇടപെടരുതായിരുന്നു.

ഇവിടെ വിശ്വാസത്തിന്റെയോ വിശ്വാസമില്ലായ്മയുടെയോ പ്രശ്‌നമില്ല. അങ്ങനെ കാണേണ്ട കാര്യവുമില്ല. മകള്‍ വിശ്വാസിയാണ്, അച്ഛന്‍ വിശ്വാസിയല്ല. എന്നതുകൊണ്ട് മകളുടെ വിശ്വാസം അനുസരിച്ചല്ല അടക്കേണ്ടത്. അച്ഛന്റെ വിശ്വാസം എന്തായിരുന്നോ അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ലോറന്‍സ് സഖാവ് മരിച്ചു, അദ്ദേഹം നിസ്സഹായനാണ്.  MM Lawrence funeral controversy, NM Pearson reaction

Content Summary; MM Lawrence funeral controversy, NM Pearson reaction

Share on

മറ്റുവാര്‍ത്തകള്‍