വയനാട് മേപ്പാടിയില്‍ തുരങ്ക പാത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചില്‍. തുരങ്ക നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ആറോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ആറു പേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പറയുന്നു. മണ്ണിടിച്ചിലില്‍ തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു. വയനാട്ടില്‍ ഇന്നലെ മുതല്‍ അതി തീവ്രമഴയാണ്. ഇതേ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം തുരങ്ക നിര്‍മാണ മേഖലയില്‍ പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഇവിടെ നിര്‍മാണ ജോലികള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
അതേസമയം, പ്രകൃതി ദുരന്തമല്ല, മനുഷ്യ നിര്‍മിത ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കൃഷി മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിടിച്ചില്‍ അല്ല, മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്നുമാണ് മന്ത്രി പറയുന്നത്. മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ ഉള്‍പ്പെട്ട യോഗത്തില്‍ മുന്നറയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നുമാണ് മന്ത്രി കുറ്റപ്പെടുത്തുന്നത്. വീഴ്ച്ചയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണ്.
Content Summary; One dead and several injured in a massive landslide near the Meppadi tunnel project site in Wayanad