രാജ്യത്തെ പരീക്ഷാ പേപ്പർ ചോർച്ച കേസുകളിൽ പ്രതികൾക്കെതിരെ വേഗത്തിൽ വിചാരണ നടത്തി കർശന ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ യുവാക്കളുടെ ഭാവിയും വിദ്യാർഥികളുടെ താത്പര്യങ്ങളും സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പരമപ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ‘നമ്മുടെ യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നുമില്ല. പേപ്പർ ചോർച്ച കേസുകളിലെ പ്രതികൾക്ക് അതിവേഗ വിചാരണയിലൂടെ കർശന ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായുള്ള നടപടികളുടെ തുടർച്ചയാണിത്. യുവാക്കളുടെ ഭാവി നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല,’ എന്നാണ് മോദി കുറിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച് വിവാദത്തെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരം ശക്തമാകുന്നതിനെടെ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. നേരത്തെ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ നീറ്റ് ചോർച്ച് തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് മോദി പറഞ്ഞതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
മോദിയുടെ പ്രതികരണത്തിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് താങ്കളാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വ്യവസ്ഥയെ പൂർണമായും കൈപ്പിടിയിലൊതുക്കി നശിപ്പിക്കാൻ നിങ്ങൾ അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ‘വിദ്യാർഥികളുടെ ആവശ്യങ്ങൾ വ്യക്തമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. രണ്ടാമത്തേത്ത് സർക്കാർ വിദ്യാർഥികളോട് മാപ്പ് പറയുക. മൂന്നാമത്തേത് വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുക’- രാഹുൽ എക്‌സ് കുറിപ്പിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് സി.ജെ.പിയും പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാകൂ എന്ന് സി.ജെ.പി മോദിക്ക് മറുപടിയായി എക്‌സിൽ കുറിച്ചു.
നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയപ്പോര് കൂടുതൽ കടുക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് അതിവേഗ കോടതികളിലൂടെ കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ, മറുവശത്ത് വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾക്ക് സർക്കാരാണ് ഉത്തരവാദിയെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാതെ പുതിയ പ്രഖ്യാപനങ്ങൾ കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.
Content Summary: Prime Minister Narendra Modi has announced the establishment of fast-track courts to ensure speedy trials and strict punishment in examination paper leak cases, stating that nothing is more important than the future of India’s youth.
This post was last modified on July 23, 2026 3:13 pm
Leave a Comment