ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ഇന്ത്യ നേരിടുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏറെ ആശങ്കാകുലനായിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയെ ചെറുക്കാന്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് കഴിയാതെ പോകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. തന്റെ വാക്ചാതുരി പൂര്‍ണമായും ഉപയോഗിച്ച് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്തു. സര്‍ക്കാരിന്റെ പിഴവിലാണ് തീവ്രവാദികളും ശത്രുരാജ്യങ്ങളും ഇന്ത്യയെ ആക്രമിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. വാക്കുകള്‍ മോദി ആയുധമാക്കി, എതിരാളികളെ അത് പരിക്കേല്‍പ്പിച്ചു.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭീകരാക്രമണങ്ങളിലെല്ലാം ഭരണകൂടത്തിനെതിരോ മോദി ആഞ്ഞടിച്ചു. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ മോദിക്കായി ആരംഭിച്ചു കഴിഞ്ഞിരുന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തനായി നില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനും സംഘത്തിനും അറിയാമായിരുന്നു.
അതിര്‍ത്തി സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച്, മോദി വാക്കുകള്‍ ആസ്ത്രങ്ങള്‍ പോലെ മന്‍മോഹന്‍ സിംഹിനെതിരേ പ്രയോഗിച്ചു. പരിഹാസമുണ്ട്, കുറ്റപ്പെടുത്തലുണ്ട്. സുരക്ഷ പരാജയമാണ് ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടന്നെത്താന്‍ വഴിയൊരുക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ‘ഈ തീവ്രവാദികള്‍ക്കും നക്‌സലൈറ്റുകള്‍ക്കും എവിടെ നിന്നാണ് ആയുധങ്ങള്‍ ലഭിക്കുന്നത്? അത് വിദേശ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്, എന്നിട്ടും നിങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ നിയന്ത്രിക്കാനാകുന്നില്ല, കുറഞ്ഞപക്ഷം അവ സുരക്ഷിതമാക്കാനെങ്കിലും ശ്രമിക്കൂ’; ഇത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വാക്കുകളാണ്. 2012 ല്‍ ബോംബെയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു മന്‍മോഹന്‍ സിംഗിനെ ലക്ഷ്യം വച്ച് പറഞ്ഞ വാചകങ്ങള്‍.
‘വിദേശ രാജ്യങ്ങളില്‍ നിന്ന് ഹവാല ചാനലുകള്‍ വഴി തീവ്രവാദികള്‍ക്കായി ഇന്ത്യയിലേക്ക് എത്തുന്ന ഫണ്ടിന്റെ ഒഴുക്ക് പ്രധാനമന്ത്രിക്ക് നിരീക്ഷിക്കാന്‍ പോലും കഴിയുന്നില്ലേ?’ എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയോട്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചെന്നപോലെ ചോദിച്ചത്. എല്ലാ കുഴപ്പങ്ങള്‍ക്കും പ്രധാനമന്ത്രിക്കാണ് ഉത്തരവാദിത്തം എന്ന് മുഖ്യമന്ത്രി മോദി ഊന്നിപ്പറഞ്ഞു. മോദിയുടെ രോഷം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് അന്നാ വീഡിയോ കണ്ടത്.
തീരദേശ സുരക്ഷയും നാവികസേനയും പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണല്ലോ, എന്നിട്ടും നുഴഞ്ഞുകയറ്റങ്ങള്‍ ഇപ്പോഴും എങ്ങനെ സംഭവിക്കുന്നു ? മുഖ്യമന്ത്രി മോദിയുടെ ചോദ്യമായിരുന്നു. പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുള്ള കാര്യങ്ങളില്‍ എന്തുകൊണ്ട് വീഴ്ച്ച വരുന്നു? നിങ്ങളുടെ കണ്ണിന് താഴെയായി എങ്ങനെയാണ് ഇത്രയും സുരക്ഷ വീഴ്ച്ചകള്‍ സംഭവിക്കുന്നത്? ഇതൊക്കെ അന്നത്തെ പ്രധാനമന്ത്രി ഉത്തരം പറയേണ്ട ചോദ്യങ്ങളായിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ വീഴ്ച്ചയ്ക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും തടയുന്നതിനും ഫോണ്‍, ഇമെയ്ല്‍ തുടങ്ങിയ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിവ് ഉണ്ടായിരുന്നിട്ടും, ആക്രമണങ്ങള്‍ തടയുന്നതിന് ഇത് ഫലപ്രദമായി ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മോദിയുടെ മറ്റൊരു സംശയം. ഇക്കാര്യങ്ങള്‍ ചോദിച്ചിട്ടും പ്രധാനമന്ത്രിയില്‍ നിന്ന് തനിക്ക് ഉത്തരങ്ങള്‍ ലഭിച്ചില്ലെന്നും അന്നത്തെ മുഖ്യമന്ത്രിക്ക് പരാതിയുണ്ടായിരുന്നു.
അന്ന് മുഖ്യമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ചോദിച്ച നാല് ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു;
‘എനിക്ക് ഉത്തരങ്ങള്‍ വേണം, ഈ തീവ്രവാദികള്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കിട്ടുന്നത് എവിടെ നിന്നാണ്? അതിര്‍ത്തികള്‍ പൂര്‍ണമായും നിങ്ങളുടെ(കേന്ദ്ര സര്‍ക്കാരിന്റെ) നിയന്ത്രണത്തിലല്ലേ? ബിഎസ്എഫ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേ? നിങ്ങളോടുള്ള എന്റെ രണ്ടാമത്തെ ചോദ്യം, കള്ളപ്പണ ഇടപാടിലൂടെയാണ് തീവ്രവാദികള്‍ക്കുള്ള ഫണ്ട് എത്തുന്നത്. പണമിടപാടുകള്‍ എല്ലാം തന്നെ സര്‍ക്കാരിന്റെ കീഴിലുള്ള റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നതാണ്. ഇതൊന്നും കാണാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലേ? എന്റെ മൂന്നാമത്തെ ചോദ്യം. നുഴഞ്ഞു കയറ്റക്കാര്‍ വരുന്നത് വിദേശ മണ്ണില്‍ നിന്നാണ്, അവര്‍ ഇവിടെ ഭീകരവാദം നടത്തുന്നു, എന്നിട്ടവര്‍ തിരികെ പോകുന്നു. പ്രധാനമന്ത്രി, നാവികസേന നിങ്ങളുടെ നിയന്ത്രണത്തിലാണ്, ആര്‍മിയും ബിഎസ്എഫും നിങ്ങളുടെ കൈയിലാണ്, തീരദേശ സേന നിങ്ങളുടെ നിയന്ത്രണത്തിലാണ്. എന്നിട്ടും വിദേശമണ്ണില്‍ നിന്നും അവര്‍ എങ്ങനെ നുഴഞ്ഞു കയറിയെത്തുന്നു? എന്റെ നാലാമത്തെ ചോദ്യം, ഇവിടെയുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ആരെങ്കിലും ഫോണില്‍ സംസാരിക്കുകയോ, ഇമെയ്ല്‍ അയക്കുകയോ ചെയ്താല്‍ ഇന്ത്യ സര്‍ക്കാരിന് അത് തടയാന്‍ കഴിയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശയവിനിമയമാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അത് സംഭവിക്കുന്നതിന് മുമ്പ് തന്നെ തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ഞാന്‍ പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്; നിങ്ങള്‍ എന്താണ് ചെയ്തത്? ഡല്‍ഹിയിലെ സര്‍ക്കാര്‍ എനിക്ക് ഉത്തരങ്ങള്‍ തന്നിട്ടില്ല. അവര്‍ക്ക് അതിനുള്ള ധൈര്യമില്ല”
അന്നത്തെ ചോദ്യകര്‍ത്താവ് ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. 2014 മുതല്‍ ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ഏതാണ്ട് 14 ശതമാനമാണ് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഇക്കാലത്തിനിടയില്‍ ഉണ്ടായിട്ടുള്ളത്. നോട്ട് നിരോധനം തീവ്രവാദത്തിന്റെ നട്ടെല്ലൊടിച്ചെന്നായിരുന്നു മോദിയുടെ അവകാശവാദം. ഭീകരര്‍ക്ക് കള്ളപ്പണം വരുന്നത് അവസാനിച്ചെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ രണ്ടു ലക്ഷം പേരുടെയെങ്കിലും അഭാവം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കശ്മീരിലെ സൈനിക വിന്യാസത്തിലും കുറവ് വരുത്തി. ഈ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് മുന്‍ സൈനികോദ്യോഗസ്ഥര്‍ തന്നെയാണ്. രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ആക്രമണവും മോദി ഭരണകാലത്താണ്. ഏതാണ് 11 ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ദുരന്തമാണ് പുല്‍വാമയില്‍ കണ്ടതെന്ന് പറയുന്നു.
പഹല്‍ഗാമില്‍ സംഭവിച്ചതും ഇന്ത്യയുടെ സുരക്ഷ വീഴ്ച്ചയാണെന്ന പരാതി ശക്തമാണ്. മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ തടയാന്‍ കഴിഞ്ഞില്ല. ആരുടെ പരാജയം? മന്‍മോഹന്‍ സിംഗ് ഇന്നില്ല. എങ്കിലും അന്ന് മുഖ്യമന്ത്രി മോദി ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി തന്നെ അന്തരീക്ഷത്തിലുണ്ട്. മറുപടി പറയേണ്ടത് ഇന്ന് പ്രധാനമന്ത്രിയായ മോദിയാണ്. Modi, who once questioned Prime Minister Manmohan Singh over terrorist attacks, now faces similar questions over the Pahalgam attack
Content Summary; Modi, who once questioned Prime Minister Manmohan Singh over terrorist attacks, now faces similar questions over the Pahalgam attack
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.