ഇറാനെതിരെ ഇസ്രായേൽ ആക്രമണമുണ്ടാവുമെന്ന് സൂചന, ആശങ്കയിൽ അമേരിക്ക. ഇറാന് നേരെയുള്ള ആണവ യുദ്ധത്തേക്കുറിച്ചുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് ട്രംപ് ഭരണകൂടം ഭയക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ ആശങ്കകൾക്കിടയിലാണ് ഇറാനിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്.
ഇസ്രായേൽ ഹമാസ് യുദ്ധത്തിന് ശേഷം വിനാശകരമായ മറ്റൊരു സംഘർഷം ഉണ്ടാകുന്നത് തടയാനായി ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു കരാറിന് അന്തിമരൂപം നൽകുകയെന്ന ട്രംപിന്റെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റത്. ആണവായുധം കൈയിൽ വയ്ക്കുന്നതിൽ നിന്ന് ഇറാനെ തടയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സന്ധിചർച്ച പരാജയമായാൽ ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേലെന്ന് കഴിഞ്ഞ മാസം ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ആണവ ചർച്ചകൾ പരാജയമാകാനുള്ള കാത്തിരിപ്പിലാണ് നെതന്യാഹു, ആണവ ചർച്ചകൾ പരാജയപ്പെട്ട് ആക്രമണത്തിനുള്ള ട്രംപിന്റെ അനുമതി ലഭിക്കാനാണ് ആ കാത്തിരിപ്പെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള ആണവയുദ്ധങ്ങളെക്കുറിച്ചുള്ള ചർച്ച പരാജയപ്പെട്ടാൽ തിരിച്ചടിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുറാൻ സമ്പുഷ്ടീകരണം നിർത്താൻ ഇറാൻ സമ്മതം നൽകുമെന്ന കാര്യത്തിൽ തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി ട്രംപ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. യുഎസ് ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് യുറാൻ സമ്പുഷ്ടീകരണം. യുഎസിന്റെ സമ്മതമില്ലാതെ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി യുഎസിലെ രഹസ്യാന്വേഷക ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം നീക്കങ്ങൾ ക്ഷീണം വരുത്തുന്നത് യുഎസിന്റെ ആണവ ചർച്ചകൾക്കായിരിക്കും.
ഇസ്രായേൽ ആക്രമണങ്ങളുണ്ടായാൽ യുഎസിന്റെ ആസ്തികൾക്ക് നേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് തീർച്ചയാണ്. ഇസ്രായേലിന് ഏറ്റവും വലിയ സൈനിക പിന്തുണ നൽകുന്നത് അമേരിക്കയായത് കൊണ്ട് ഇസ്രായേൽ ആക്രമണത്തിന്റെ ഭവിഷ്യത്ത് അമേരിക്ക അനുഭവിക്കേണ്ടി വരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ ആക്രമണം നടത്തിയാൽ മേഖലയിലെ യുഎസ് താവളങ്ങൾ തകർത്തുക്കൊണ്ടാവും മറുപടി നൽകുകയെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പ്രദേശത്തെ യുഎസ് കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാൻ എല്ലാ യുഎസ് എംബസികളോടും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
content summary: U.S. officials were called back and both the U.S. and Israel prepared for a possible strike on Iran