പഞ്ചാബിലെ ഭട്ടിന്‍ഡ കോടതി മുറിയില്‍ നിന്ന് കങ്കണ റണാവത്ത് തല കുനിച്ചത് ഒരു 78 കാരിയുടെ പോരാട്ടത്തിനു മുന്നിലായിരുന്നു. തന്റെ അഭിമാനം വീണ്ടെടുക്കാന്‍ മൊഹീന്ദര്‍ കൗര്‍ എന്ന വൃദ്ധ സ്ത്രീ വര്‍ഷങ്ങളോളം നടത്തിയ നിയമയുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തിയിലാണ്, ബോളിവുഡ് താരമെന്ന ഇമേജും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമെന്ന അധികാരവും കൈയിലുള്ള കങ്കണയ്ക്ക്്, ജാമ്യം ലഭിക്കുന്നതിനു വേണ്ടി കോടതിയില്‍ വന്ന്, തന്റെ ‘ തെറ്റിദ്ധാരണയില്‍’ ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. ആരോടും എന്തും പറയാമെന്ന ധാര്‍ഷ്ട്യത്തെ തോല്‍പ്പിച്ച്, ആ വൃദ്ധ വൈകാരിക വിജയം നേടി.
കങ്കണയുടെ അവഹേളനം
2020-21 ലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ടാണ് കങ്കണയ്‌ക്കെതിരായ കേസ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പരിഹാസത്തോടെ ആരോപിച്ചത്, സമരത്തില്‍ പങ്കെടക്കാന്‍ പലരെയും പണം നല്‍കിയാണ് കൊണ്ടുവന്നതെന്നായിരുന്നു. ഈ പോസ്റ്റിനൊപ്പം അവര്‍ പങ്കുവച്ച ഫോട്ടോ മൊഹീന്ദര്‍ കൗറിന്റെതായിരുന്നു. ‘ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ കൂട്ടത്തില്‍ ടൈം മാഗസിനില്‍ ഇടംനേടിയ അതേ ‘ദാദി’യാണ്’ ഈ സ്ത്രീയെന്നും (ഷഹീന്‍ ബാഗ് പ്രതിഷേധത്തിലെ ബില്‍ക്കിസ് ബാനുവിനെയാണ് കങ്കണ ഉദ്ദേശിച്ചത്) ‘അവരെ 100 രൂപയ്ക്ക് ലഭ്യമാണ്’ എന്നുമുള്ള അവഹേളനപരമായ പരാമര്‍ശവും കങ്കണ നടത്തിയിരുന്നു.
മുറിവേറ്റ അഭിമാനം
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ പരാമര്‍ശം മൊഹാന്ദര്‍ കൗര്‍ എന്ന കര്‍ഷക സ്ത്രീയെ ഏറെ വേദനിപ്പിച്ചു. അവരത് സഹിക്കാന്‍ തയ്യാറായില്ല. കര്‍ഷക സ്ത്രീകളെ മൊത്തത്തില്‍ അപമാനിച്ച കങ്കണയ്‌ക്കെതിരേ കോടതിയിലൂടെ നീതി തേടാന്‍ തീരുമാനിച്ചു.
പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലെ ബഹദൂര്‍ഗഡ് ജാന്‍ഡിയന്‍ ഗ്രാമത്തിലാണ് മൊഹീന്ദര്‍ കൗറിന്റെ വീട്. ഗ്രാമത്തില്‍ അവരുടെ പേരില്‍ 13 ഏക്കര്‍ ഭൂമിയുണ്ട്. പഞ്ചാബിലെ ഏകദേശം 65% കര്‍ഷകര്‍ക്കും 10 ഏക്കറില്‍ താഴെ ഭൂമിയുണ്ട്.
ഏക്കര്‍ കണക്കിന് കര്‍ഷക ഭൂമി ഉള്ളതുകൊണ്ട് കര്‍ഷകരെല്ലാം സമ്പന്നരാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അത് പക്ഷേ യാഥാര്‍ത്ഥ്യം അറിയാതെയോ, മറച്ചു വച്ചോ ഉള്ള ആരോപണം മാത്രമാണെന്നാണ് കൗര്‍ പറയുന്നത്. മൊഹീന്ദറിന്റെ വീട് വളരെ സാധാരണമായതും പഴയ രീതിയിലുള്ളതുമാണ്. മേല്‍ക്കൂരകള്‍ മരത്തടികള്‍കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. മൊഹീന്ദറിന്റെ 80 കാരനായ ഭര്‍ത്താവ് ലാഭ് സിംഗ് രോഗിയാണ്. അവരുടെ മകന്‍ ഗുര്‍ദാസും കിടപ്പ് രോഗിയാണ്. ഇവരുടെ കാര്യങ്ങളെല്ലാം പരിപാലിച്ച്, അവര്‍ക്കുള്ള ഭക്ഷണവും തയ്യാറാക്കിയശേഷമായിരുന്നു ആ 78 കാരി നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നത്.
100 രൂപയ്ക്ക് സമരത്തിനിറങ്ങുന്നവരല്ല, അദ്ധ്വാനിച്ച് ജീവിക്കുന്നവര്‍
‘കര്‍ഷകരുടെ വരുമാനത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ടെന്നാണ് കൗര്‍ പറയുന്നത്. 13 ഏക്കര്‍ ഭൂമിയുള്ളൊരാളെ കുറിച്ച് ആളുകള്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍. ഒരു പ്യൂണ്‍ ഒരു വര്‍ഷം സമ്പാദിക്കുന്നതിന് തുല്യമല്ല 13 ഏക്കര്‍ ഭൂമിയുള്ളൊരു കര്‍ഷകന് കിട്ടുന്ന വരുമാനം, കൗര്‍ പറയുന്നു. ‘പഞ്ചാബില്‍ വിളനാശമുണ്ടാകുന്നതുവരെ ഞങ്ങള്‍ പരുത്തി കൃഷി ചെയ്തു, ഇപ്പോള്‍ ഞങ്ങള്‍ നെല്ലാണ് കൃഷി ചെയ്യുന്നത്. എനിക്ക് നാലു മക്കളാണ്. മൂന്ന് പെണ്‍മക്കളും ഒരു മകനും. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഈ അഭിമാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ പോരാടും,’ കൗര്‍ തന്റെ നിയമയുദ്ധത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്.
ഒന്നര വര്‍ഷം മുമ്പ് കൗറിന്റെ മകന്റെ ഭാര്യ അണുബാധ മൂലം മരിച്ചു. മകന്‍ കാല്‍മുട്ടില്‍ ബാധിച്ച ഗുരുതരമായ അണുബാധ കാരണം കഴിഞ്ഞ മൂന്ന് മാസമായി കിടപ്പിലാണ്, ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതിനാല്‍, ആസ്ത്മ രോഗിയായ ഭര്‍ത്താവാണ് അവര്‍ക്കുവേണ്ടി ഹാജരായത്.
‘ഒരു കര്‍ഷകന്റെ ജീവിതം ഒരിക്കലും എളുപ്പമല്ല. എന്റെ ഇളയ മകന്റെ അസുഖം, മരുമകളുടെ മരണം, അവര്‍ക്ക് കുട്ടികളില്ലാത്തതിന്റെ വിഷമം. ഇപ്പോള്‍ ഈ വീട് എന്റെ ചുമലിലാണ് മുന്നോട്ട് പോകുന്നത്. പക്ഷേ ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്നോട്ട് പോകില്ല,’ നിശ്ചയദാര്‍ഢ്യം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ പറയുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകെയുള്ള കൃഷി ഭൂമിയില്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെറിയ ഭാഗത്ത് മാത്രമാണ് കൗര്‍ കൃഷി ചെയ്യുന്നത്. ബാക്കി ഭൂരിഭാഗം ഭൂമിയും അവര്‍ പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.
ബിജെപി എംപിക്കെതിരേ ബിജെപി അഭിഭാഷകന്‍
രഘുബീര്‍ സിംഗ് ബേഹ്നിവാള്‍ ആയിരുന്നു മൊഹീന്ദര്‍ കൗറിന്റെ അഭിഭാഷകന്‍. ഇയാള്‍ വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധമുള്ളൊരു അഭിഭാഷകന്‍ കൂടിയാണ്. പാര്‍ട്ടി എംപിയ്‌ക്കെതിരെയുള്ള കേസ് ആണെങ്കിലും രഘുബീര്‍ ആ വൃദ്ധ കര്‍ഷകയ്‌ക്കൊപ്പം ഉറച്ചു നിന്നു. ‘കങ്കണ രാഷ്ട്രീയത്തില്‍ വരുന്നതിനും വളരെ മുന്‍പേ ഞാന്‍ ബിജെപിയോടൊപ്പമുണ്ട്. മൊഹീന്ദര്‍ കൗറിനുവേണ്ടി ഞാന്‍ ശരിയായി വാദിക്കുമോ എന്ന് ചിലര്‍ ചോദിച്ചു, പക്ഷേ അവര്‍ എന്നെ വിശ്വസിച്ചു. പഞ്ചാബിലെ അമ്മമാര്‍ക്കെതിരെ കങ്കണ പറഞ്ഞ വാക്കുകള്‍ എന്നെയും ഒരുപോലെ വേദനിപ്പിച്ചു,’ ബേഹ്നിവാള്‍ പറയുന്നു.
‘എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ആ കുടുംബം കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഉറച്ചു നിന്നു. ദൈന്യംദിന അദ്ധ്വാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നവരാണ് കര്‍ഷകര്‍. അവര്‍ക്ക് കോടതി നടപടികള്‍ക്കായി സമയം കണ്ടെത്തുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഞാന്‍ വിളിക്കുമ്പോഴെല്ലാം അവര്‍(കൗര്‍) വരുമായിരുന്നു. ഞങ്ങള്‍ ഒരു ക്ഷമാപണവും സ്വീകരിക്കില്ല. കേസ് മുന്നോട്ട് പോകും,’ എന്നാണ് രഘുബീര്‍ കങ്കണയുടെ ഖേദപ്രകടനം തള്ളിക്കളഞ്ഞുകൊണ്ട് പറയുന്നത്.
തിങ്കളാഴ്ചയാണ് ഭട്ടിന്‍ഡ കോടതി കങ്കണ റണാവത്തിന് ജാമ്യം അനുവദിച്ചത്. നവംബര്‍ 24 ന് കേസ് വീണ്ടും പരിഗണിക്കും.
Content Summary; Mohinder Kaur, the 78-year-old farmer who secured an apology from Kangana Ranaut. BJP MP Kangana Ranaut, Farmers strike