പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു. തലസ്ഥാനമായ ഉലാൻബാതറിൽ നടന്ന അഴിമതി വിരുദ്ധ പ്രകടനങ്ങൾക്ക് പിന്നാലെയാണ് രാജി. 126 അംഗ പാർലമെന്റിൽ പ്രധാനമന്ത്രിയെ പിന്തുണച്ചത് 44 അംഗങ്ങളാണ്. 38 പേർ എതിർത്തു. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ 64 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. മകന്റെ ആഡംബര ജീവിതത്തെ സംബന്ധിച്ച വിമർശനങ്ങളെ തുടർന്നാണ് രാജിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021 മുതൽ മംഗോളിയൻ പ്രധാനമന്ത്രിയായ ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെനിന് വോട്ടെടുപ്പിൽ ആകെ 44 വോട്ട് മാത്രം നേടാൻ സാധിച്ചുള്ളൂ. ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെനിന്റെ മകന്റെ ആഡംബര ജീവിതത്തെ സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിലുണ്ടായ ഭിന്നതകളാണ് വിശ്വാസ വോട്ടെടുപ്പിൽ വോട്ടുകൾ കുറയാനുണ്ടായ കാരണം. പ്രധാനമന്ത്രി രാജി വച്ചതോടെ വരും ദിവസങ്ങളിൽ മംഗോളിയൻ പീപ്പീൾസ് പാർട്ടി പുതിയ സർക്കാർ രൂപീകരിച്ചേക്കുമെന്നാണ് സൂചന. 1990കൾ മുതൽ സോഷ്യലിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു ഏക കക്ഷി രാഷ്ട്രീയ സംവിധാനത്തിൽ നിന്ന് ഉയർന്നു വന്ന മംഗോളിയയെ പ്രധാനമന്ത്രിയുടെ രാജി പ്രതിസന്ധിയിലാക്കിയേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. മംഗോളിയൻ സമ്പദ് വ്യവസ്ഥയെ വളർത്തിക്കൊണ്ട് വന്നതിൽ ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെനിന് ഒരു വലിയ പങ്ക് അവകാശപ്പെടാനുണ്ട്. രാജ്യത്തെ ചെമ്പ്, യുറേനിയം ഉൾപ്പെടെയുള്ള അപൂർവ്വ ധാതുക്കളുടെ നിക്ഷേപം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങളിൽ നിന്ന് നിക്ഷേപം തേടിയിരുന്നു. ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെൻ പുറത്താവുന്നതോടെ ഇത്തരം കരാറുകളുടെ ഭാവിയെക്കുറിച്ചും ആശങ്കകളുണ്ട്.
35 ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ദാരിദ്ര്യ നിരക്ക് കുറയ്ക്കുന്നതിനായി ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെന്റെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 2022ലെ 15 ബില്യൺ ഡോളറിൽ നിന്ന് ജിഡിപി 50 ബില്യൺ ഡോളറായി ഉയർത്താനുള്ള വിഭവസമാഹരണവും പ്രധാനമന്ത്രി നടത്തിയിരുന്നു. യുവസംഘടനകളുടെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധമുയർന്നത്. തന്റെ പങ്കാളിയ്ക്ക് വേണ്ടി മകൻ പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റാണ് പ്രതിഷേധത്തിലേക്കും രാജിയിലേക്കും നയിച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. പ്രാദേശിക വാർത്താ വെബ്സൈറ്റായ ഇകോൺ.എംഎൻ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഡിയോർ ഹാന്റ് ബാഗ്, സ്മെഗ് അപ്ലയൻസ്സ്, മിയു മിയു ജാക്കറ്റ് എന്നിവയാണ് സമ്മാനമായി നൽകിയിരിക്കുന്നത്. ലുവ്സന്നാംസ്രെയിൻ ഒയുൻ-എർഡെന് നേരെ ഉയർന്ന പ്രതിഷേധങ്ങൾ സഖ്യ കക്ഷിയിൽ വിള്ളലുണ്ടാക്കിയിരുന്നു. പ്രധനമന്ത്രിയും പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്‌നയും തമ്മിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
content summary: Mongolian Prime Minister Removed Amid Backlash Over Son’s Lavish Lifestyle