July 09, 2025 |
Share on

അരലക്ഷം പിഴ വിധിച്ച് കെഎസ്ഇബി, ലൈസന്‍സ് പിടിച്ചെടുത്ത് പൊലീസ്; ലോറിയില്‍ ‘കുടുങ്ങി’ മൂര്‍ത്തി

മാറാന്‍ വസ്ത്രങ്ങളില്ല, വിശപ്പടക്കാനും വഴിയില്ല. ധരിച്ചിരുന്ന അതേ വസ്ത്രത്തില്‍ തന്നെയാണ് ഈ ദിവസങ്ങത്രയും അയാള്‍ കഴിഞ്ഞത്

എറണാകുളം തൃക്കാക്കരയില്‍ വേളാങ്കണ്ണി മാതാ പള്ളിക്കു സമീപം കുറച്ച് ദിവസങ്ങളായി തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ലോറി കിടപ്പുണ്ട്. മുന്‍ഭാഗമെല്ലാം തകര്‍ന്ന് നാശമായ ആ ലോറിയുടെ കാബിനിലാണ് കഴിഞ്ഞ 15 ദിവസങ്ങളായി മൂര്‍ത്തിയുടെ ദുരിത ജീവിതം.

സേലം, റാസിപുരം സ്വദേശിയാണ് 23കാരനായ മൂര്‍ത്തി. രണ്ടാഴ്ച്ചയിലേറെയായി അയാള്‍ ആ ലോറിക്കുള്ളില്‍ ‘ കുടുങ്ങി’ കിടക്കുകയാണ്. മാറാന്‍ വസ്ത്രങ്ങളില്ല, വിശപ്പടക്കാനും വഴിയില്ല. ധരിച്ചിരുന്ന അതേ വസ്ത്രത്തില്‍ തന്നെയാണ് ഈ ദിവസങ്ങത്രയും അയാള്‍ കഴിയുന്നത്. പണമില്ലാത്തതിനാല്‍ ആഹാരം കഴിക്കാനും വഴിയില്ല. ദയ തോന്നുന്നവര്‍ വാങ്ങിക്കൊടുക്കാന്‍ വിളിച്ചാലും മൂര്‍ത്തി പറയുന്നത്, എനിക്കെങ്ങനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്നാണ്.

തകര്‍ന്ന കാബിനിലാണ് കിടപ്പും താമസവുമെല്ലാം. രാവിലെ ആയാല്‍ ഒന്നുകില്‍ ലോറിക്ക് അരികില്‍ ഇരിക്കും. അല്ലെങ്കില്‍ പള്ളിക്കു സമീപം തന്നെ ചുറ്റിത്തിരിയും. അതിനപ്പുറം എന്തു ചെയ്യണമെന്ന് അയാള്‍ക്കറിയില്ല.

നിയന്ത്രണം തെറ്റിയെത്തിയ വിധി

ചെന്നൈയിലേക്ക് സള്‍ഫര്‍ എത്തിക്കാനായാണ് മൂര്‍ത്തിയും ലോറിയും കേരളത്തിലെത്തിയത്. ഡിസംബർ 19 രാത്രി ഏകദേശം 7.30 ഓടെ തൃക്കാക്കര വേളാങ്കണ്ണി നഗറിന് സമീപത്തുവച്ച് മൂര്‍ത്തിയുടെ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പള്ളിക്ക് സമീപമുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിലേക്ക് വീണു. നിരവധി വാഹനങ്ങള്‍ റോഡിലെ ബ്ലോക്കില്‍ കുരുങ്ങിക്കിടന്ന സമയത്താണ് അപകടമുണ്ടായതെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മൂര്‍ത്തിയും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

കെഎസ്ഇബി വക ഷോക്ക്

അപകടത്തില്‍ കെഎസ്ഇബിയുടെ രണ്ട് പോസ്റ്റുകള്‍ തകര്‍ന്നു. നഷ്ടപരിഹാരം വേണമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍. തകര്‍ന്ന പോസ്റ്റുകളുടെ നഷ്ടം തരാതെ ലോറിയുമായി പോകാന്‍ കഴിയില്ലെന്ന്് കെഎസ്ഇബിയും പോലീസും നിലപാട് എടുത്തതോടെയാണ് മൂര്‍ത്തി പെട്ടത്. 55,000 രൂപ നഷ്ടപരിഹാരമായി നല്‍കണം. അത്രയും തുക ഇതുവരെയായും അയാള്‍ക്ക് സ്വരുക്കൂട്ടാനായിട്ടില്ല. പറഞ്ഞ കാശ് കിട്ടാതെ ലോറി വിട്ടു കൊടുക്കില്ല, ലോറിയില്ലാതെ താന്‍ മാത്രമായി പോയിട്ട് എന്തിനാണെന്നാണ് മൂര്‍ത്തി ചോദിക്കുന്നത്.

‘65,000 രൂപയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്റെ അവസ്ഥ പറഞ്ഞപ്പോള്‍ 55,000 രൂപയാക്കി കുറയ്ക്കാമെന്ന് അവര്‍ പറഞ്ഞു. എന്റെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വീട്ടിലെ കഷ്ടപ്പാട് മാറ്റാനാണ് വണ്ടിപ്പണിക്ക് ഇറങ്ങിയത്. ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. പണം നല്‍കാതെ വണ്ടി തരില്ല. അറിയാവുന്നവരോടെല്ലാം കടം വാങ്ങി. 40,000 രൂപ വരെയാക്കി. അത് പോര എന്നാണ് കെഎസ്ഇബിക്കാര്‍ പറയുന്നത്. വേണമെന്ന് കരുതി ചെയ്തതല്ലല്ലോ, അറിയാതെ സംഭവിച്ച അപകടമല്ലേ? ലോറിയുടെ ബ്രേക്ക് പോയെന്ന് മനസ്സിലായപ്പോള്‍ തന്നെ വണ്ടി ഓഫ് ചെയ്തിരുന്നു. കാര്യമുണ്ടായില്ല. ലോറി താഴേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. ആ സമയത്ത് റോഡില്‍ നല്ല ബ്ലോക്കായിരുന്നു. മുന്നിലെല്ലാം വണ്ടികളാണ്. ഞാന്‍ വേഗം ഇടത് ഭാഗത്തേക്ക് വണ്ടി തിരിച്ചു. അങ്ങനെയാണ് പോസ്റ്റില്‍ ചെന്ന് ഇടിച്ച് നിന്നത്’.

ലോറി വിട്ടു കിട്ടണമെങ്കില്‍ മൂര്‍ത്തിക്ക് ഇനിയും 15,000 രൂപ വേണം. അത്രയും പണം കൂടി എങ്ങനെ സംഘടിപ്പിക്കുമെന്ന് അറിയില്ലെന്നാണ് നിരാശയോടെ മൂര്‍ത്തി പറയുന്നത്. ‘എനിക്ക് പരിചയമുള്ള എല്ലാവരോടും കടം വാങ്ങിയ തുകയാണ് ഇപ്പോള്‍ കൈയ്യിലുള്ള 40,000 രൂപ. രണ്ട് വര്‍ഷമായി ലോറി ഓടിക്കുകയാണ്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ ലോറി സ്വന്തമായി വാങ്ങിയത്. എന്നാല്‍ വണ്ടിയുടെ ഉടമയുടെ പേരിലാണ് ഇന്‍ഷുറന്‍സ്. അതുകൊണ്ട് ഇന്‍ഷുറന്‍സ് ക്ലെയിമാകില്ല. വണ്ടി പണിയണമെങ്കില്‍ തന്നെ നല്ലൊരു തുകയാകും. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്റെ ലൈസന്‍സ് പോലീസ് വാങ്ങി വെച്ചിരിക്കുകയാണ്. പണം മുഴുവന്‍ അടച്ചാല്‍ മാത്രമേ തിരികെ നല്‍കുകയുള്ളു എന്നാണ് പറയുന്നത്. എനിക്ക് അതിന്റെ രേഖയൊന്നും തന്നിട്ടില്ല’, മൂര്‍ത്തി അഴിമുഖത്തോട് തന്റെ നിസ്സഹായാവസ്ഥ പറയുന്നു.

പോസ്റ്റ് നശിപ്പിച്ചതിന്റെ പണം മുഴുവന്‍ നല്‍കാന്‍ മൂര്‍ത്തി ബാധ്യസ്ഥനാണെന്നാണ് കെഎസ്ഇബി പറയുന്നത്. ‘മൂര്‍ത്തിയുടെ അവസ്ഥ കണ്ടിട്ടാണ് ആദ്യം പറഞ്ഞിരുന്ന തുകയില്‍ നിന്ന് കുറച്ച് വാങ്ങാന്‍ തീരുമാനിച്ചത്. അത് മുഴുവന്‍ തന്ന് തീര്‍ക്കുകയല്ലാതെ വേറൊരു മാര്‍ഗവുമില്ല. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിച്ചത്’, അഴിമുഖത്തോട് സംസാരിച്ച കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പറയുന്നു.

‘ഒരു അപകടമുണ്ടായി എന്ന കാരണം കൊണ്ട് ഒരാള്‍ ഒരു സ്ഥലത്തും നില്‍ക്കേണ്ടതില്ല. അപകടം നടന്ന് അത് റിപ്പോര്‍ട്ട് ചെയ്താല്‍ അയാള്‍ക്ക് അവിടെ നിന്നും പോകാന്‍ അനുവാദമുണ്ട്. പിന്നീട് നിയമനടപടികള്‍ക്ക് സ്ഥലത്തേക്ക് എത്തിയാല്‍ മതി. സെറ്റില്‍മെന്റിനാണ് താല്‍പര്യമെങ്കില്‍, അപകടമുണ്ടാക്കിയ വ്യക്തിയുടെ വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ കെഎസ്ഇബിക്ക് ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കിയാല്‍ മതി’ എന്നാണ് ഈ വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നത്.

ലൈസന്‍സ് പിടിച്ചു വച്ചതെന്തിന്?

‘കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒരാളുടെ ലൈസന്‍സോ മറ്റ് രേഖകളോ പിടിച്ചുവെക്കാന്‍ പോലീസിന് അധികാരമില്ല. ഇത് മനപൂര്‍വ്വമല്ലാത്ത ഒരു അപകടമാണല്ലോ, അതുകൊണ്ട് തന്നെ പബ്ലിക് പ്രോപ്പര്‍ട്ടി ഡിസ്ട്രക്ഷന്‍ ആക്ട് വഴി കേസെടുക്കാനും കഴിയില്ല. എന്തിന്റെ പേരിലാണ് ഈ സംഭവത്തില്‍ പോലീസ് ലൈസന്‍സ് പിടിച്ചു വെച്ചിരിക്കുന്നതെന്ന് അറിയില്ല. കേസില്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ പോലീസിന് അധികാരമില്ല’, ഹരീഷ് വാസുദേവന്‍ പറയുന്നു.

തൃക്കാക്കര പോലീസ് സ്റ്റേഷനാണ് തന്റെ ലൈസന്‍സ് പിടിച്ച് വെച്ചിരിക്കുന്നതെന്ന് മൂര്‍ത്തി പറയുന്നു. അഴിമുഖം ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തൃക്കാക്കര പോലീസ് തയ്യാറായില്ല.

മൂര്‍ത്തിയുടെ സമയോചിതമായ പ്രവൃത്തി കാരണമാണ് അപകടത്തില്‍ ആളപായമൊന്നും സംഭവിക്കാതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന കച്ചവടക്കാര്‍ പറയുന്നത്. മൂര്‍ത്തിക്ക് എത്രയും പെട്ടെന്ന് തന്റെ ലോറിയുമായി നാട്ടിലേക്ക് പോകാന്‍ കഴിയട്ടെയെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

സേലത്തുള്ള പരിചയക്കാരോടെല്ലാം പണം കടം ചോദിക്കുകയാണ് മൂര്‍ത്തി. ലോറി ഉപേക്ഷിച്ച് പോകേണ്ടി വന്നാല്‍ എങ്ങനെ ജീവിക്കുമെന്ന ഭയമാണയാള്‍ക്ക്. അതുകൊണ്ടാണ് പരിചയമില്ലാത്ത സ്ഥലത്ത് ഇപ്പോഴും മൂര്‍ത്തി കഴിയുന്നത്. ഈ ചെറുപ്പക്കാരന് തന്റെ ജീവിതവുമായി ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

Content summary: Moorthy, a 23-year-old from Tamil Nadu, was trapped in a lorry following an accident involving a KSEB post

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×