June 20, 2025 |
Share on

പെണ്‍കുട്ടിയുടെ മൊഴിയില്‍ വ്യക്തത തേടി പൊലീസ് ; കേസ് എടുത്തത് കൂട്ടബലാത്സംഗത്തിനും വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിച്ചതിനും

വാഹനത്തിലും സ്‌കൂളില്‍വച്ചും കായിക ക്യാംപില്‍ വച്ചും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം

പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇലവുംതിട്ട പൊലീസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് പ്രതികളെ പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു ആനന്ദ് എന്ന പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇലവുംതിട്ട പൊലീസ് അഴിമുഖത്തോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്‌റ്റേഷനുകളിലും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇലവുംതിട്ട പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി നിരീക്ഷിച്ച്, ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണങ്ങളുണ്ടാവുക. പെണ്‍കുട്ടി നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് നിലവില്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടോ എന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല. അന്വേഷണത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങളില്‍ മാത്രമേ വ്യക്തത ഉറപ്പാക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സൈക്കോളജിസ്റ്റ് നടത്തിയ  കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തുപറയുന്നത്. പീഡനവിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാലാണ് ഇത്രയും കാലം വിവരങ്ങള്‍ മൂടിവെയ്‌ക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടി സൈക്കോളജിസ്റ്റിനോട് പറഞ്ഞു.തുടര്‍ അന്വേഷണങ്ങളിലൂടെ മാത്രമേ കേസ് സംബന്ധിച്ച വിവരങ്ങള്‍ക്ക് വ്യക്തത വരികയുള്ളൂ എന്നും ഇലവുംതിട്ട പോലീസ് അഴിമുഖത്തോട് പറഞ്ഞു.

ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിനും വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പെണ്‍കുട്ടിയുടെ ലഭ്യമായ മൊഴിയും യുവാക്കളുടെ പ്രതികരണവും തമ്മില്‍ യോജിക്കാത്ത സാഹചര്യമുണ്ടായാല്‍ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. അതിന് ശേഷമേ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. പെണ്‍കുട്ടിയുടേത് ആക്ഷേപം മാത്രമാണ് എന്ന് തെളിഞ്ഞാല്‍ യുവാക്കളെ വിട്ടയ്ക്കുമെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ കാമുകന്‍ ആദ്യം പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തിയുമായിരുന്നു മറ്റ് പീഡനങ്ങള്‍ നടന്നത്. മദ്യപിക്കുന്ന ശീലമുള്ള പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അതിലൂടെ സംസാരിച്ചവരും പരിചയപ്പെട്ടവരും പീഡനത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. വാഹനത്തിലും സ്‌കൂളില്‍വച്ചും കായിക ക്യാംപില്‍ വച്ചും പീഡനം നടന്നിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് കേസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ 18 വയസുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായികതാരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നിലവില്‍ പെണ്‍കുട്ടി പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ്.

18 വയസുള്ള വിദ്യാര്‍ത്ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി. അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ് സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത്(30), കൊച്ചുപറമ്പില്‍ കെ അനന്ദു(21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24), അച്ചു ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സുധി പോക്‌സോ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്.

content summary; More arrests expected today in Pathanamthitta sports girl sexual assault case.

മഞ്ജുഷ കൃഷ്ണന്‍

മഞ്ജുഷ കൃഷ്ണന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×