ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന മരണങ്ങളിൽ പകുതിയോളം പേർക്ക് മരിക്കുമ്പോൾ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. ദി വയറിന്റെ റിപ്പോർട്ടിലാണ് 2022 ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ (CRS) ഏറ്റവും പുതിയ ഡാറ്റ പ്രകാരം മരണപ്പെട്ടവരിൽ 50.7 ശതമാനം പേർക്കും വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്.
രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ മാത്രം അടിസ്ഥാനത്തിലാണ് നിലവിലെ കണക്കുകൾ വന്നിരിക്കുന്നത്. 2022 ൽ കൃത്യമായി എത്ര മരണങ്ങൾ സംഭവിച്ചു എന്നത് വ്യക്തമല്ല. 2022 ൽ മരണസമയത്ത് വൈദ്യസഹായം ലഭിച്ചവരുടെ എണ്ണം 2020 ലെ കണക്കുകളേക്കാൾ അഞ്ച് ശതമാനം കുറവാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
2021ൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം 102.2 ലക്ഷമായിരുന്നത് 2022 ൽ 86.5 ലക്ഷമായി കുറഞ്ഞു. അതായത് 15.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങളിലെ രജിസ്ട്രേഷനുകൾ കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണം.
രജിസ്റ്റർ ചെയ്ത മരണങ്ങളുടെ ശതമാനം കണക്കാക്കാൻ രണ്ട് ഡാറ്റ സ്രോതസ്സുകൾ ആവശ്യമാണ്. അതിൽ ഒന്ന് സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റമാണ് (SRS). അതായത് 1,000 പേരുടെ മരണനിരക്കിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തിലെ ആകെ മരണങ്ങളുടെ എണ്ണം കണക്കാക്കുന്നു. രണ്ട് സിആർഎസ് ആണ്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മരണങ്ങളുടെ കൃത്യമായ എണ്ണം റിപ്പോർട്ട് ചെയ്യുന്നു.
2022 ലെ സിആർഎസ് ഡാറ്റ സർക്കാർ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ആ വർഷത്തെ എസ്ആർഎസ് ഡാറ്റ പുറത്തുവിട്ടിട്ടില്ല. അതിനാൽ 2022-ൽ എത്ര ശതമാനം മരണങ്ങൾ രജിസ്റ്റർ ചെയ്തുവെന്ന് നിലവിൽ കണക്കാക്കാൻ കഴിയില്ല .
1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം ഓരോ മരണവും രജിസ്റ്റർ ചെയ്യേണ്ടത് നിയമപരമായി നിർബന്ധമാണ്. ഈ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണ്. മരണങ്ങൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ നഗരപ്രദേശങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നത് ഗ്രാമപ്രദേശങ്ങളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മരണ രജിസ്ട്രേഷൻ എന്നത് രേഖകൾ സൂക്ഷിക്കുക മാത്രമല്ല, ജനങ്ങൾ മരിക്കുന്നതിന്റെ കാരണം മനസ്സിലാക്കുക എന്നത് കൂടിയാണ്. മരണങ്ങളെ അവയുടെ കാരണങ്ങളെ അടിസ്ഥാനമാക്കി 19 വിഭാഗങ്ങളായി തരംതിരിക്കുന്ന മെഡിക്കൽ സർട്ടിഫൈഡ് കോസ് ഓഫ് ഡെത്ത് (എംസിസിഡി) എന്ന സംവിധാനത്തിലൂടെയാണ് ഇത് ചെയ്യുന്നത്.
ഗർഭാവസ്ഥയുടെ 28 ആഴ്ചകൾക്കുശേഷം ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലാതെ ജനിക്കുന്ന കുഞ്ഞിനെയാണ് ലോകാരോഗ്യ സംഘടന (WHO) മരിച്ച ജനനം എന്ന് നിർവചിക്കുന്നത്. 2022 ൽ ഇത് 7.54 ശതമാനം എന്ന മരണനിരക്കിൽ എത്തിയിരുന്നു. ഇന്ത്യയിൽ മരിച്ച കുട്ടികളുടെ ജനനം കുറവായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു . ഗാർഹിക സർവേകളിൽ നിന്നുള്ള മരിച്ച കുട്ടികളുടെ ജനനം ഔദ്യോഗിക രേഖകളേക്കാൾ 2.6 മടങ്ങ് കൂടുതലാണെന്ന് ഒരു പഠനം കണ്ടെത്തി. ഉയർന്ന പ്രസവ നിരക്കുകൾ പലപ്പോഴും മോശം മാതൃ ആരോഗ്യ സംരക്ഷണത്തെ സൂചിപ്പിക്കുന്നു .
Content Summary: More than half of registered deaths in India did not receive medical attention