UPDATES

വിദേശം

സഞ്ചാരികളെ മത്ത് പിടിപ്പിച്ച് മൗണ്ട് ഫുജി

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജപ്പാൻ

                       

ജപ്പാനിലെ പ്രശസ്തവും ഏറ്റവും ഉയരമേറിയ പർവ്വതമാണ് ഫുജി. വർഷം തോറും അനവധി പേരാണ് ഫുജി പർവ്വതം കയറാൻ എത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മാത്രം മൂന്ന് ദശലക്ഷത്തിലധികം സഞ്ചാരികളാണ് മൗണ്ട് ഫുജി സന്ദർശിക്കാനെത്തിയത്. ജനങ്ങൾ എക്കാലവും ഫുജി പർവ്വതത്തെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികൾ. mount fuji

ഫുജി പർവ്വതത്തിന്റെ കാഴ്ച അമൂല്യമായ ഒന്നാണ്, അതിന് ഒന്നും തടസം നിൽക്കാതിരിക്കാൻ പടിഞ്ഞാറൻ ടോക്കിയോയിലെ അപ്പാർട്ട്മെൻ്റ്  കെട്ടിടംവരെ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ഫുജി പർവ്വതം കയറാനെത്തുന്നവരുടെ എണ്ണം കുത്തനെ വർധിച്ചത് പല പ്രതിസന്ധികളിലേക്കും നയിച്ചതിനാൽ, ജനങ്ങൾ മലയുടെ ചിത്രമെടുക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ അധികൃതർ വലിയ തടസ്സങ്ങൾ സ്ഥാപിക്കുന്നത് മുതൽ, ഫുജി കയറുന്നതിന് വരെ ജപ്പാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഫുജി പർവ്വതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ഹോൻഷൂ ദ്വീപിലാണ് ഫുജി പർവ്വതം സ്ഥിതിചെയ്യുന്നത്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണ് മൗണ്ട് ഫുജി. 3,776 മീറ്റർ ഉയരമുണ്ട് മൗണ്ട് ഫുജിയ്ക്ക്. മഞ്ഞ് മൂടിക്കിടക്കുന്ന സജീവമായ അഗ്നിപർവ്വതമാണ് ഫുജി 1707-ൽ അവസാനമായി പൊട്ടിത്തെറിച്ചത്. ജപ്പാന്റെ സംസ്‌കാരത്തിൽ ഏറെ പ്രധാനപ്പെട്ട പർവതമാണ് മൗണ്ട് ഫുജി. പർവ്വതം കയറുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പരക്കെയുള്ള വിശ്വാസം. കാലാവസ്ഥ അനുകൂലമാണെങ്കിൽ ടോക്കിയോയിൽ നിന്ന് വരെ മൗണ്ട് ഫുജി കാണാൻ സാധിക്കും. കലാകാരന്മാർക്കും എഴുത്തുകാർക്കും പ്രചോദനം കൂടിയാണ് മൗണ്ട് ഫുജി. വർഷത്തിന്റെ പകുതിയും മൗണ്ട് ഫുജി മഞ്ഞിൽ മൂടിക്കിടക്കുകയാണ് പതിവ്.

കണ്ടിരിക്കേണ്ട മനോഹാരിത

കോവിഡ് -19 ന് ശേഷമുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന് ജപ്പാനിലേക്കുള്ള വിനോദസഞ്ചാരത്തിൻ്റെ വർദ്ധനവിൽ മൗണ്ട് ഫുജിയുടെ ജനപ്രീതി വലിയ പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷ, ആതിഥ്യമര്യാദ, സ്വാദിഷ്ടമായ ഭക്ഷണം എന്നിവ ജപ്പാൻ്റെ പ്രശസ്തിയുടെ മാറ്റ് കൂട്ടുന്നതിനാൽ അനവധി സഞ്ചാരികളാണ് ഓരോ സീസണിലും മൗണ്ട് ഫുജി സന്ദർശിക്കാനെത്തുന്നത്. ജപ്പാനിൽ യാത്ര ചെയ്യുന്നവർ ഫുജി പർവ്വതം സന്ദർശിക്കാതെ പോകുന്നത് ഈജിപ്തിലെ പിരമിഡുകൾ ഒഴിവാക്കുന്നതിന് തുല്യമാണ് എന്നാണ് പറയപ്പെടുന്നത്. ബുള്ളറ്റ് ട്രെയിനുകളിൽ നിന്ന് ഫുജി പർവ്വതം കാണാനും ഫോട്ടോകൾ എടുക്കാനും കഴിയുമെങ്കിലും, പലപ്പോഴും വിനോദസഞ്ചാരികൾ മികച്ച അവധിക്കാല അനുഭവങ്ങൾക്കായി പർവ്വതത്തെ അടുത്തറിയാനാണ് ശ്രമിക്കാറുള്ളത്. ചിലർക്ക് മൗണ്ട് ഫുജിയിലേക്കുള്ള യാത്ര ഒരു തീർത്ഥാടനം കൂടിയാണ്.

എന്തുകൊണ്ടാണ് ഫുജിയുടെ ജനപ്രിയ കാഴ്ചകൾ തടയാൻ തീരുമാനിച്ചത് ?

യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഉൾപ്പെടുന്ന പർവ്വതമാണ് മൗണ്ട് ഫുജി. സോഷ്യൽ മീഡിയയ്ക്കായി ഫോട്ടോകൾ എടുക്കാൻ ആഗ്രഹിക്കുന്നവരുടെ ജനപ്രിയ സ്ഥലമായി മൗണ്ട് ഫുജി മാറിയത് ഈ അടുത്താണ്. ജൂൺ ആദ്യത്തിലാണ്, പർവ്വതത്തിൻ്റെ ഫോട്ടോ എടുക്കുന്നത് തടയാൻ ഫുജികാവാഗുച്ചിക്കോ പട്ടണത്തിൽ മെഷ് സ്‌ക്രീൻ സ്ഥാപിച്ചത്. മാലിന്യം തള്ളുക, അതിക്രമിച്ച് കടക്കൽ, ട്രാഫിക് നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ പരാതികളെ തുടർന്നാണ് സ്‌ക്രീൻ സ്ഥാപിക്കാനുള്ള തീരുമാനം അധികാരികൾ കൈകൊണ്ടത്. പക്ഷെ സഞ്ചാരികൾ സ്‌ക്രീനിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കിയതിനാൽ കൂടുതൽ ശക്തമായ ഒരെണ്ണം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

നിയന്ത്രണങ്ങൾ

ഫുജി കയറാൻ ഓൺലൈൻ രജിസ്‌ട്രേഷനടക്കം പലതും നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. പർവ്വതം കയറാനും ചിത്രങ്ങളെടുക്കാനും എത്തുന്ന സഞ്ചാരികളുടെ സാഹസങ്ങൾ അതിര് കടന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഫുജിയുടെ മുകളിലേക്കോ അല്ലെങ്കിൽ ഏറ്റവും ഉയർന്ന ഘട്ടങ്ങളിലൊന്നിലേക്കോ കയറാൻ ആഗ്രഹിക്കുന്ന ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്യുകയും 2,000 യെൻ ( 1,061.97 ഇന്ത്യൻ രൂപ ) ഫീസ് നൽകുകയും വേണം. പരിസ്ഥിതി നശിപ്പിക്കൽ, അപകടങ്ങൾ, വിനോദസഞ്ചാരികളുടെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നിവയെ തുടർന്ന് ദിവസവും പർവ്വതത്തിൽ കയറുന്ന സഞ്ചാരികളുടെ എണ്ണം സർക്കാർ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതൽ പർവ്വതാരോഹകരെത്തുന്ന യോഷിദ ട്രയലിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളുടെ തിരക്ക് ലഘൂകരിക്കുന്നതിനായി ഇവിടേക്കുള്ള പ്രതിദിന പ്രവേശനം 4,000 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അതോടൊപ്പം, വൈകുന്നേരം 4 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിൽ മലകയറ്റവും അനുവദിക്കില്ല. ജൂലൈ ഒന്ന് മുതലാണ് നിയന്ത്രണങ്ങൾ കനക്കുക.

 

content summary : why foreign tourists are going mad for Mount Fuji

 

Share on

മറ്റുവാര്‍ത്തകള്‍