June 06, 2026 |
Share on

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് മകനെ പഠിപ്പിക്കൂ – പാര്‍വതി (വീഡിയോ)

സിനിമ, ജീവിതം തുടങ്ങിയ കാര്യങ്ങള്‍ക്കുറിച്ചും പാര്‍വതി തുറന്നു പറയുന്നു.

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് മകനെക്കൂടി പഠിപ്പിക്കണമെന്ന് നടി പാര്‍വതി. അച്ചടക്കത്തോടെ പെണ്‍കുട്ടികളെ വളര്‍ത്താനാണ് നമ്മള്‍ ശ്രമിക്കുന്നത്. നമ്മുടെ സ്‌കൂളില്‍ പോലും ടീച്ചേഴ്‌സ് അറിഞ്ഞോ അറിയാതെയോ, പലപ്പോഴും അറിഞ്ഞു തന്നെ പെണ്‍കുട്ടികളോട് കാലു വിടര്‍ത്തി ഇരിക്കാന്‍ പാടില്ലെന്നോ ഇന്ന വേഷങ്ങള്‍ ഇടരുതെന്നോ ഒക്കെ പറയാറുണ്ട്. പക്ഷേ ഒരിക്കലും ഒരാണ്‍കുട്ടിയോട് എന്താണ് ഡീസന്‍സി എന്നു പഠിപ്പിക്കാറില്ല. ഇത് വളരെ അടിസ്ഥാനപരമായ കാര്യമാണ്. ഇതില്‍ റോക്കറ്റ് സയന്‍സൊന്നുമില്ല. പക്ഷേ, എല്ലാവരും ഇതില്‍ ഇപ്പോള്‍ കംഫര്‍ട്ടബിള്‍ ആണ്. കിട്ടിക്കൊണ്ടിരിക്കുന്ന ഫേവറുകള്‍ എളുപ്പത്തില്‍ കിട്ടുമ്പോള്‍ ആരാണ് അത് അവസാനിപ്പിക്കുകയെന്നും പാര്‍വതി ചോദിക്കുന്നു. മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈസെല്‍ഫ് പരിപാടിയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മലയാള സിനിമയില്‍ റോള്‍ ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട നിരവധി പേരുണ്ടെന്ന് പാര്‍വതി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലാത്ത ഒരു സ്ത്രീയെപ്പോലും താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. ഒരു സാധനം വാങ്ങാനൊക്കെ പോയി നില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ അടുത്തു വന്ന് മുണ്ടു പൊക്കി കാണിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത് ആ സ്ത്രീകള്‍ വലുതാകുംതോറും അവര്‍ അനുഭവിക്കുന്നത് കൂടി വരികയാണ്. ലൈംഗിക ആവശ്യങ്ങള്‍ നമ്മളോട് ചോദിക്കുന്നത് എല്ലാ മേഖലയിലുമുണ്ട്. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. ഈ 28 വര്‍ഷത്തിനിടയില്‍ ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലാത്ത ഒരു സ്ത്രീയെപ്പോലുംം താന്‍ കണ്ടിട്ടില്ല എന്നും അവര്‍ പറയുന്നു.

സിനിമ, ജീവിതം തുടങ്ങിയ കാര്യങ്ങള്‍ക്കുറിച്ചും പാര്‍വതി ഇതില്‍ തുറന്നു പറയുന്നു.

വീഡിയോ കാണാം. (കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

 

Leave a Reply

Your email address will not be published. Required fields are marked *

×